ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലേക്ക് ഇനിയൊരു മടക്കയാത്രയ്ക്കില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും സ്വതന്ത്രനായി തുടരുമെന്നും വ്യക്തമാക്കി യശ്വന്ത് സിൻഹ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഭാവി പ്രവർത്തനങ്ങൾ പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന യശ്വന്ത് സിൻഹ വ്യക്തമാക്കിയത്.

മുന്നോട്ടുള്ള പൊതുജീവിതത്തിൽ എന്ത് പങ്ക് വഹിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും 84കാരനായ സിൻഹ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന സിൻഹ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ദ്രൗപദി മുർമുവിനോട് പരാജയപ്പെട്ടിരുന്നു.

തൃണമൂലിന്റെ ദേശീയ ഉപാധ്യക്ഷനായിരിക്കെ, പാർട്ടിയധ്യക്ഷ മമതാ ബാനർജിയുടെ നിർദേശപ്രകാരം രാജിവച്ചാണ് അദ്ദേഹം രാഷ്ടപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥിയായി മത്സരരംഗത്തിറങ്ങിയത്. ''തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം ആദ്യം ആലോചിച്ചത് ഇനിയേതെങ്കിലും രാഷ്ട്രീയപാർട്ടിക്കൊപ്പം ചേരണമോയെന്നാണ്. എന്നാൽ, അതു വേണ്ടെന്നായിരുന്നു ഒടുവിൽ തീരുമാനിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാതെതന്നെ ഞാൻ ജനങ്ങൾക്കൊപ്പമുണ്ടാകും'' -അദ്ദേഹം പറഞ്ഞു. ബിജെപി. വിട്ടശേഷം സ്വന്തം നിലയ്ക്ക് രൂപവത്കരിച്ചിരുന്ന രാഷ്ട്രീയ മഞ്ച് പുനരുജ്ജീവിപ്പിേച്ചക്കുമെന്നും സിൻഹ സൂചന നൽകി.

തന്നിലർപ്പിച്ച വിശ്വാസത്തിന് മമതാ ബാനർജിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ബംഗാളിൽ പ്രചാരണത്തിന് പോയിരുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ വോട്ടുറപ്പിക്കാനാണ് മമത നിർദേശിച്ചത്. ബംഗാളിലെ വോട്ട് താൻ നോക്കിക്കോളാമെന്നും പറഞ്ഞു. ഒരിക്കൽപ്പോലും ചെല്ലാതിരുന്നിട്ടും കൂടുതൽ വോട്ട് ബംഗാളിൽനിന്നാണ് തനിക്കു കിട്ടിയത്.

തുടക്കത്തിൽ വോട്ടുനൽകാമെന്ന് ഉറപ്പിച്ചുപറഞ്ഞ ജെ.ഡി.എസിന്റെ ദേവഗൗഡയും കുമാരസ്വാമിയും എന്തുകൊണ്ട് മറുകണ്ടം ചാടിയെന്ന് അറിയില്ല. ആദിവാസി കാർഡ് മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജൻസിയിൽനിന്നുള്ള ഭീഷണിയും എൻ.ഡി.എ. സ്ഥാനാർത്ഥിക്ക് വോട്ടുനൽകാൻ ജെ.എം.എമിന്റെ ഹേമന്ദ് സോറനെ പ്രേരിപ്പിച്ചിരിക്കണം. ഈ രണ്ടു കക്ഷികളും വാക്കുപാലിക്കുകയും ശിവസേന പിളരാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ തന്റെ വോട്ടുപങ്കാളിത്തം 45 ശതമാനമാകുമായിരുന്നെന്ന് സിൻഹ പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്നവർക്കുകിട്ടുന്ന വോട്ടിനെക്കാൾ കൂടുതൽ ഇക്കുറി തനിക്കു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.