കൊച്ചി: ദേശീയ ഗെയിംസ് പരിശീലത്തിനും മത്സരത്തിനുമാവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ പായ്‌വഞ്ചിയോട്ട ടീം അംഗം ഹർജി നൽകി. ടീമംഗമായ സനീഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്വന്തം യോട്ടുമായെത്തണമെന്നാണ് ഗെയിംസ് കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. മത്സരത്തിനുപയോഗിക്കുന്ന ലേസർ സ്റ്റാൻഡേർഡ് യാട്ടൊന്നിന് എട്ട് ലക്ഷത്തോളം രൂപ വില വരും. മറ്റു ടീമുകൾക്കെല്ലാം അതത് സംസ്ഥാനങ്ങൾ തന്നെ യോട്ട് വാങ്ങി നൽകുകയും പരിശീലനം പുരോഗമിക്കുകയും ചെയ്യുമ്പോൾ കേരളത്തിന്റെ താരങ്ങൾക്ക് അവഗണനയാണ്. ഈ സാഹചര്യത്തിലാണ് സനീഷ് ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തിന്റെ പായ്‌വഞ്ചിയോട്ട ടീമിനെ അധികൃതർ അവഗണിക്കുകയാണെന്ന പരാതി വ്യാപകമാണ്. സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് 12 അംഗ ടീം പരിശീലനം നടത്തുന്നത്. ഇവർക്കുള്ള പായ് വഞ്ചികൾ പോലും ഇതുവരെ സ്പോർട്സ് കൗൺസിൽ നൽകിയിട്ടില്ല. മുനമ്പം കടലിൽ വച്ചാണ് ദേശീയ ഗെയിംസിൽ യോട്ടിങ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ മത്സരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുമില്ല.

ഒളിമ്പിക്‌സിൽ 39 മെഡലുകളുള്ള ഇനമാണ് പായ്‌വഞ്ചിയോട്ടം (യാറ്റ്ച്ചിങ്). ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പായ്‌വഞ്ചിയോട്ട മത്സരത്തിൽ ഇന്ത്യ മെഡൽ നേടിയിരുന്നു. ദേശീയ ഗെയിംസിനായി 611 കോടി രൂപ വകയിരുത്തിയിട്ടിട്ടുള്ളതിൽ 35 കോടി രൂപ മാത്രമാണ് ഉപകരണങ്ങൾ വാങ്ങാനായി നീക്കിവച്ചത്. 2009ലെ കണക്കാണിത്. അത്യാവശ്യമായ ഉപകരണങ്ങൾ ഇതുകൊണ്ട് വാങ്ങാമെന്നിരിക്കെ പായ്‌വഞ്ചിയോട്ട മത്സരത്തിനുള്ള ഉപകരണങ്ങൾ വാങ്ങാതെ വാടകക്കെടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

യാട്ടിങ് കയാക്കിങ് തുടങ്ങിയ മത്സരയിനങ്ങൾക്ക് അനുകൂലമായ ഭൂപ്രകൃതിയാണ് കേരളത്തിൽ. കടലിൽ പരിശീനം നടത്തിയാൽ മത്സരമികവിന് അത് ഏറെ സഹായകമാകും. എന്നാൽ സ്വന്തമായി പരിശീലനം നടത്താൻ കഴിവില്ലാത്ത താരങ്ങൾ കായലിലാണ് പരിശീലനം നടത്തുന്നത്. കടലിൽ പരിശീലനത്തിന് ബോട്ടും അനുബന്ധ ഉപകരണങ്ങളും ആവശ്യമാണ്.

ദേശീയ ഗെയിംസ് അധികൃതർ ഉപകരണങ്ങൾ വാങ്ങി നൽകിയില്ലെങ്കിൽ എങ്ങനെ മത്സരിക്കുമെന്ന ചോദ്യവും സജീവമാണ്. ഈ സാഹചര്യത്തിലാണ് കായികതാരം കോടതിയെ സമീപിച്ചത്.