- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമത്തിന് തുനിഞ്ഞ ആലുവയിലെ സാഖാക്കളെ നേരിട്ടത് ലാത്തികൊണ്ട്; ശബരിമലയിൽ എത്തിയ പൊൻരാധാകൃഷ്ണനെ വിറപ്പിച്ച യുവ ഓഫീസർ; കണ്ണൂരിൽ വിവാദത്തിൽ പെട്ടത് നാട്ടുകാരെ കൊണ്ട് ഏത്തമിടീച്ചപ്പോൾ; മുഖം നോക്കാതെ നടപടിയെടുക്കുന്നതിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു; കർണാടക കേഡറിലേക്ക് മാറാനുള്ള അപേക്ഷക്ക് കേന്ദ്ര അംഗീകാരം
തിരുവനന്തപുരം: സിനിമാ താരങ്ങളേക്കാൾ സുന്ദരനായ പൊലീസ് ഉദ്യോഗസ്ഥൻ. ഫിറ്റ്നസിൽ ഏറെ ശ്രദ്ധ പുലർത്തുന്ന വ്യക്തിത്വം. യതീഷ് ചന്ദ്ര ഐപിഎസിനെ കുറിച്ചു പറയുമ്പോൾ തെളിഞ്ഞു വരുന്ന ചിത്രം ഇതൊക്കെയാണ്. ആരെയും കൂസാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേരളത്തിൽ വിവാദങ്ങളിലും നിറഞ്ഞ യതീഷ് ചന്ദ്ര കേരളം വിടുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത. കർണാടക കേഡറിലേക്ക് മാറാനുള്ള യുവ ഐപിഎസ് ഓഫീസർ യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. മൂന്ന് വർഷത്തേക്കാണ് യതീഷ് ചന്ദ്ര കർണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
നിലവിൽ കെ എ പി നാലാം ബെറ്റാലിയൻ മേധാവിയാണ് യതീഷ് ചന്ദ്ര. കണ്ണൂർ എസ്പി ആയിരുന്നു അദ്ദേഹം കഴിഞ്ഞ മാസമാണ് കെ എ പി നാലാം ബെറ്റാലിയൻ മേധാവിയായി നിയമിതനായത്. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാത്ത യതീഷ് ചന്ദ്രയുടെ ഔദ്യോഗിക ജീവിതത്തിൽ കോവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് ഒടുവിലുണ്ടായ വിവാദം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ അധിക്ഷേപിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും കേരളത്തിൽ വലിയൊരു വിഭാഗം ആളുകൾ മുഖം നോക്കാതെ നടപടിയെടുക്കുന്നതിൽ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സർക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങൾ മുഖ്യമന്ത്രിയുടെ അടക്കം വിമർശനങ്ങൾക്ക് വിധേയനാക്കിയിരുന്നു.
കണ്ണൂരിൽ നിയമംലഘിച്ചവരൈ കൊണ്ട് ഏത്തമിടീച്ചും അദ്ദേഹം വിവാദത്തിൽ നിറഞ്ഞിരുന്നു. നേരത്തെ ശബരിമലയിലും മറ്റും വിവാദ നായകനായ വ്യക്തിയാണ് യതീഷ് ചന്ദ്ര. യതീഷ് ചന്ദ്രയെ കണ്ണൂരിന്റെ ചുമതലകളിൽ നിന്ന് മാറ്റുമെന്നാണ് സൂചന. ഒരുകാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര. ആലുവയിൽ ആക്രമിക്കാൻ തുനിഞ്ഞ സഖാക്കളെ ലാത്തി കൊണ്ടു നേരിട്ടായിരുന്നു യതീഷ് ശ്രദ്ധേയനായത്. എന്നാൽ ഇപ്പോൾ ശബരിമലയിൽ കൈക്കൊണ്ട മുഖം നോക്കാതെയുള്ള നടപടിക്കാണ് യതീഷ് ചന്ദ്രയ്ക്ക് കൈയടി നേടികൊടുത്തിരിക്കുന്നത്.
അങ്കമാലിയിൽ എൽഡിഎഫ് ഹർത്താലിനും പുതുവൈപ്പ് സമരത്തിലും ആളുകളെ കൈകാര്യം ചെയ്തതോടെ സംഘികളുടെ പ്രീയപ്പെട്ടവനായി മാറിയിരുന്നു യതീഷ് ചന്ദ്ര. ഒരുകാലത്ത് സംഘപരിവാറുകാരുടെ ഇഷ്ട തോഴനായിരുന്നു അദ്ദേഹം. യതീഷിന്റെ പേരിൽ ഫാൻസ് പേജുകളടക്കം ഉണ്ടാക്കി സംഘപരിവാർ അനുകൂലികൾ ആഘോഷമാക്കിയിരുന്നു. എന്നാൽ കാലം മാറിയപ്പോൾ കഥയും മാറി. ശബരിമലയിൽ ക്രമസമാധാന പാലനത്തിനായി അദ്ദേഹം നടത്തിയ ഇടപെടലോടെ സംഘപരിവാറിന്റെ കണ്ണിലെ കരടായി യതീഷ്. ഈ വിവാദത്തിനിടെ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞത് വൻ വിവാദമായി. ഏറെ കഷ്ടപ്പെട്ടാണ് പിണറായി സർക്കാർ കേന്ദ്രത്തിന്റെ നടപടിയിൽ നിന്നും യതീഷ് ചന്ദ്രയെ രക്ഷിച്ചത്.
തൃശൂരിൽ കമ്മീഷണറുമാക്കി. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിലെ ഏത്തമിടിക്കലോടെ വീണ്ടും സിപിഎമ്മിന് കണ്ണിലെ കരടാവുകയാണ് യതീഷ് ചന്ദ്ര. നിലയ്ക്കലിലെ ആക്ഷൻ ഹീറോയാണ് യതീഷ് ചന്ദ്ര ഐപിഎസ്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ് ചോദ്യങ്ങൾ മറുപടി നൽകിയ എസ്പി. ഇതോടെ യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിലെ താരമായി. രാഷ്ട്രീയം നോക്കാതെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന വാഴ്ത്തപ്പെട്ടു. എന്നാൽ നിലയ്ക്കലിലെ ഇടപെടൽ യതീഷ് ചന്ദ്രയ്ക്ക് നൽകിയത് കഷ്ടകാലമാണ്. നിലയ്ക്കലിൽ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞത് വലിയ വിവാദമായി. ജഡ്ജിയോട് മാപ്പു പറഞ്ഞാണ് അന്ന് യതീഷ് ചന്ദ്ര തടിയൂരിയത്. ശബരിമലിയിൽ പൊൻരാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു
വിവാദങ്ങളുടെ തോഴൻ
അങ്കമാലിയിൽ എൽഡിഎഫ്. പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത സംഭവമാണ് യതീഷ് ചന്ദ്രയെ എല്ലാവരുടെയും നോട്ടപ്പുള്ളിയാക്കിയത്. എൽഡിഎഫ് പ്രവർത്തകരുടെ സമരം അക്രമിത്തിന് വഴിമാറുമെന്ന ഘട്ടത്തിൽ യതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലാത്തിവീശുകയായിരുന്നു. ഇതോടെ നിരവധി പേർക്ക് പരിക്കേറ്റു. വഴിയാത്രക്കാരായ വയോധികനെ പോലും യതീഷ് ലാത്തി കൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് അദ്ദേഹത്തിന്റെ ഇമേജിനെ തന്നെ ബാധിച്ചു. എന്നാൽ, അക്രമം തടയാൻ വേണ്ടിയുള്ള നടപടി സ്വീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് യതീഷ് പറഞ്ഞത്.
2015 മാർച്ചിലെ ഹർത്താൽ ദിനത്തിൽ തടഞ്ഞുവച്ചിരിക്കുന്ന വാഹനങ്ങൾ കടത്തി വിടാൻ പ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ഇതേച്ചൊല്ലി പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എന്നാൽ ലാത്തിചാർജ്ജ് നടത്താൻ ഉത്തരവിട്ടെങ്കിലും കൂടെ ഉണ്ടായിരുന്ന പൊലീസുകാർ മാറിനിന്നു. ഇതോടെയാണ് യതീഷ്ചന്ദ്രതന്നെ ലാത്തിയുമായി നിരത്തിലിറങ്ങിയത്. സംഘർഷത്തിൽ സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. വയോധികനായ വ്യക്തിയെ പോലും തല്ലിയെന്ന ചീത്തപ്പേരും അദ്ദേഹത്തിന് ലഭിച്ചു.
അന്ന് പി രാജീവിന്റെ നേതൃത്വത്തിൽ യതീഷിനെതിരെ പ്രതിഷേധമൊക്കെ നടത്തിയെങ്കിലും ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് എതിരെ പ്രതികാര നടപടിയൊന്നും ഉണ്ടായില്ല. കൊച്ചി ഡിസിപിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. പുതുവൈപ്പിനിൽ യതീഷ് ചന്ദ്രയുടെ ഇടപെടൽ പിഴവു പറ്റിയെന്ന വിമർശനം ഉയരുന്നുണ്ട്. എങ്കിലും പൊതുവേ സർവീസിൽ മിടുക്കനാണ് യതീഷ് ചന്ദ്ര.
തെറ്റ് ചെയ്തത് പൊലീസാണെങ്കിൽ പോലും മുഖം നോക്കാതെ നടപടിയെടുത്തു ശീലമുള്ള യുവ ഐ.പി.എസ് ഓഫീസർ. വർഗീയ സംഘർഷങ്ങൾക്ക് പേരു കേട്ട നാദാപുരത്തേയും, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരന്തരം വേദിയായ വടകരയുടെ ഗ്രാമപ്രദേശങ്ങളേയും ഉടച്ചുവാർത്തയാളാണു യതീഷ്ചന്ദ്ര. അക്രമം കാട്ടുന്നത് എത്രവലിയ നേതാവാണെങ്കിലും പൊതുമധ്യത്തിലിട്ടും കൈകാര്യം ചെയ്യുമെന്ന് തെളിയിച്ചു ഈ ഐപിഎസുകാരൻ. ഒട്ടേറെ വിശേഷണങ്ങൾക്ക് പാത്രമാണ് യതീഷ്ചന്ദ്രയെന്ന കർണ്ണാടക സ്വദേശി. ജനിച്ചത് കർണ്ണാടകയിലെ ദവങ്കരയിലാണെങ്കിലും മികച്ച രീതിയിൽ മലയാളം സംസാരിക്കും.
റോഡ് നിയമം തെറ്റിച്ച് കാറിൽ കുതിച്ചപ്പോൾ യതീഷ് ചന്ദ്രയെ യുവതി പിന്തുടർന്ന് പിടികൂടിയതും വിവാദങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. കൊച്ചി നഗരത്തിൽ വച്ചായിരുന്നു സംഭവം. എറണാകുളം സൗത്ത് പാലത്തിലൂടെ ചീറിപാഞ്ഞു വന്ന ഡിസിപിയുടെ കാർ പ്രശ്നമുണ്ടാക്കുകയായിരുന്നു. പതിവ് പൊലീസ് ഡ്രൈവർമാരെ പോലെ ഡിസിപിയുടെ ഡ്രൈവറും വണ്ടി കുത്തി തിരുകി മുന്നോട്ട് പോകാൻ കുതിച്ചു. ഇതിനിടെയിൽ ഒരു യുവതി തീർത്തും പ്രശ്നത്തിൽപ്പെട്ടു. ഹോൺ അടിച്ച് പേടിപ്പിച്ച് വാഹനങ്ങളെ മാറ്റുന്ന ശൈലിയാണ് യുവതിയെ പ്രശ്നത്തിലാക്കിയത്. കാറിൽ മുമ്പോട്ട് പോയി ഡിസിപിയുടെ കാറിന് കൈകാണിച്ചു നിർത്തിയ യുവതി വാഹനം നിർത്തി തന്റെ പരാതി ബോധിപ്പിക്കുകയായിരുന്നു. ഇതിനിടെയിൽ നാട്ടുകാർ ഓടിക്കൂടി. മൊബൈലിൽ സംഭവം പകർത്തി. ശൗര്യമുള്ള പൊലീസ് ഓഫീസറും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടു. യുവതിയുടെ പരാതികൾ ശ്രദ്ധയോടെ കേൾക്കുകയാണ് ഉണ്ടായത്.
മലയാളം അറിയുന്ന കന്നടക്കാരൻ
2011 ലെ കേരള കേഡർ ഐപിഎസ് ബാച്ചുകാരനാണ് 32 കാരനായ യതീഷ്ചന്ദ്ര. ഇലട്രോണിക്സ് എഞ്ചിനീയറിങിൽ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാൻ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്. ഹൈദരബാദ് വല്ലഭായി പാട്ടേൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡിൽ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച ടീമിനുള്ള ട്രോഫിയും അദ്ദേഹം വാങ്ങിക്കൊടുത്തു. സോഫ്റ്റ് വെയർ എഞ്ചിനീയർ ആയ ശ്യാമള സാരംഗാണ് ഭാര്യ. ഒരു മകനുണ്ട്. യതീഷ്ചന്ദ്രയുടെ പൊലീസ് ജോലിക്ക് എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് ഇവർ. ശ്യാമളയുടെ സഹായത്തോടെയാണ് ഹലോ കേരള പൊലീസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിച്ചത്.
സംഭവം നടക്കുന്നത് 2014 അവസാന ഘട്ടത്തിലാണ്. മാവോയിസ്റ്റ് വേട്ടയ്ക്ക് വിനിയോഗിച്ചിരിക്കുന്ന തണ്ടർബോൾട്ട് കമാൻഡോകളുടെ ആദ്യ ബാച്ചിന്റെ ഹവീൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷാ നടത്തിപ്പിനുള്ള ബോർഡിന്റെ ചുമതലക്കാരനായിരുന്നു യതീഷ് ചന്ദ്ര. 'കഴിവുള്ളവരെ മാത്രമേ താൻ ജയിപ്പിക്കൂ' എന്ന തന്റെ നിലപാട് അദ്ദേഹം ആദ്യമേ വ്യക്തമാക്കിയിട്ടാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തത്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിങ്ങനെ രണ്ടുപരീക്ഷകൾ ജയിച്ചാലേ കമാൻഡോകൾക്ക് ഹവീൽദാർമാരായി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു. ഏതിലെങ്കിലും തോറ്റാൽ തോറ്റ പരീക്ഷ മാത്രം വീണ്ടും ജയിക്കണം.
പക്ഷേ 2015 മാർച്ച് രണ്ടിനു പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ തണ്ടർബോൾട്ട് സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ശരിക്കും തളർന്നുപോയി. പ്രമോഷൻ പരീക്ഷയിൽ പങ്കെടുത്ത 177 പേരിൽ രണ്ടുപരീക്ഷയും വിജയിച്ചത് ആകെ 51 പേർ മാത്രം. ഫലം പുറത്തറിഞ്ഞാൽ കേരള പൊലീസിനുതന്നെ നാണക്കേടാകുമെന്നു പറഞ്ഞ് ഫലം റദ്ദാക്കി വീണ്ടും മറ്റൊരു ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തിൽ അധികൃതർ പരീക്ഷ നടത്തി. പക്ഷേ ഇതിനെതിരെ സേനയ്ക്കകത്ത് അമർഷം പുകഞ്ഞിരുന്നു. സേനയുടെ തലപ്പത്തുള്ള ചില ഉദ്യോഗസ്ഥരുടെ അനുയായികൾ തോറ്റതുകൊണ്ടാണ് ഫലം റദ്ദാക്കിയെതെന്നും ഇത് തങ്ങളുടെ മനോവീര്യം തകർക്കുമെന്നും പരീക്ഷ ജയിച്ചവർ വാദിച്ചു. 2011 സെപ്റ്റംബറിലാണ് തണ്ടർബോൾട്ട് ബറ്റാലിയന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആദ്യബാച്ചിനെ കേരളത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിക്കുകയായിരുന്നു.
കുഴൽപ്പണക്കാരെയും ക്രിമിനലുകളെയും മെരുക്കിയ മിടുക്കൻ
2014 ലെ പുതുവർഷപുലരിയിലാണ് വടകരയിൽ എ.എസ്പിയായി ആദ്യ പോസ്റ്റിംങ് ലഭിക്കുന്നത്. കേരളത്തിൽ തന്നെ ആദ്യപോസ്റ്റിംങ് ലഭിച്ചത് ഏറെ സന്തോഷമുളവാക്കിയെന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. ടിപി കേസിന് ശേഷം സംഘർഷങ്ങൾ പതിവായ വടകര മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിൽ യതീഷ്ചന്ദ്രയുടെ പ്രയത്നം എടുത്ത് പറയേണ്ടതാണ്. വർഗ്ഗീയ പ്രശ്നങ്ങൾക്ക് പേര് കേട്ട നാദാപുരത്തെ ഏറെക്കുറേ ശാന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല, പൊതുജനങ്ങളുമായും മാധ്യമപ്രവർത്തകരുമായും ഇദ്ദേഹത്തിനുള്ള ബന്ധവും ഏറെ ജനകീയമായിരുന്നു.ഷാഡോ പൊലീസിംങ് സംവിധാനത്തിലൂടെ കുഴൽപ്പണക്കാരുടെ പേടിസ്വപ്നമായിമാറിയതും വളരെപ്പെട്ടന്നായിരുന്നു. വടകരയിൽ നിന്ന് മാത്രം ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കുഴൽപണമാണ് ഇദ്ദേഹം പിടിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ഓപ്പറേഷൻ കുബേര വഴി നിരവധി കൊള്ളപ്പലിയക്കാരെ ഇരുമ്പഴിക്കുള്ളിൽ ആക്കാനും ഈ യുവ പിഎസ് ഓഫീസറിന് സാധിച്ചു.
ടിപി കേസ് പ്രതികളെ മറ്റൊരുകേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കോടതിയിൽ ഹാജരാക്കി തിരികെ വരുബോൾ മഹിയിൽ നിന്ന് മദ്യം വാങ്ങിയെന്ന് വിവരത്തെ തുടർന്ന്, ദേശീയ പാതയിൽ കാത്ത് നിന്ന എ.എസ്പി പൊലീസുകാരെ മദ്യവുമായി കയ്യോടെ പിടികൂടുകയായിരുന്നു. സാധാരണക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ട്, അവരെ ഇൻഫോർമറാക്കിയുള്ള രീതിയായിരുന്നു യതീഷ്ചന്ദ്രയുടേത്. വടകരയിൽ നിന്ന് കേരള ആംഡ് പൊലീസ് കണ്ണൂർ ബറ്റാലിയൻ സൂപ്രണ്ടായിയായിരുന്നു പടിയിറക്കം. വളരെപെട്ടന്ന് തന്നെ ആലുവയിൽ റൂറൽ എസ്പിയായി നിയമനം ലഭിച്ചു. എറണാകുളം റൂറലിന്റെ അമ്പത്തിയൊന്നാമത് എസ്പിയായാണ് യതീഷ്ചന്ദ്ര ചുമതലയേൽക്കുന്നത്. ഇക്കാലത്ത് നടപ്പാക്കിയ സ്പൈഡർ പൊലീസ് പദ്ധതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകലം കുറയ്ക്കുക വഴി കുറ്റകൃത്യങ്ങളെക്കുറിച്ച് എളുപ്പം പൊലീസിന് അറിവ് ലഭ്യമാക്കുന്നതിലും യതീഷ്ചന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഒപ്പം ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ വഴി പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പൊലീസുമായി സംവദിക്കാനുള്ള വേദിയും ഇദ്ദേഹം ഒരുക്കി. സ്പൈഡർ പൊലീസ് ലോഗോ പതിച്ച പൊലീസ് വാഹനങ്ങൾ ഇപ്പോഴും എറണാകുളത്തിന്റെ ഗ്രാമങ്ങളിൽ റോന്ത് ചുറ്റുകയാണ്. ആലുവ ബസ്റ്റാന്റിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന റെഡ് ബട്ടന് പിന്നിലും യതീഷ്ചന്ദ്രയുടെ ഇലട്രോണിക്സ് ബുദ്ധിയാണ്. ബസ്റ്റാന്റിന് സമീപം എന്ത് തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാലും ഈ ബട്ടൺ ഒരു തവണ അമർത്തിയാൽ ഉടനടി കൺട്രോൾ റൂമിലും എസ്പിയുടെ മൊബൈലിലും വിവിരം ലഭിക്കും. ഇതുവഴി ഉടൻതന്നെ ഫ്ളൈയിംങ് സ്ക്വാഡിന് സ്ഥലത്ത് എത്തിച്ചേരാനാകും. വിദ്യാർത്ഥികളടക്കം ഈ സംവിധാനം നിരവധി തവണ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.
വെട്ടിത്തിളങ്ങുന്ന മസിലുള്ള ഫിറ്റ്ന്സ് ഗുരു!
ഫിറ്റ്നസിന്റെ കാര്യത്തിൽ മിടുമിടുക്കനാണ് യതീഷ് ചന്ദ്ര ഐപിഎസ്. ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിൽ മിടുക്കനായ അദ്ദേഹത്തിന് യുവതീ യുവാക്കൾക്കിടയിൽ വലിയ പിന്തുണയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയ യതീഷിന്റെ വീഡിയോ സൈബർ ലോകത്ത് വൈറലായിരുന്നു. വർക്ക് ഔട്ട് ദൃശ്യങ്ങൾ യതീഷ് ചന്ദ്ര യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. ഐപിഎസ് ഓഫീസർമാരെ പ്രധാനമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇത് ഏറ്റെടുക്കുന്നുവെന്നാണ് യൂട്യൂബിൽ വീഡിയോ നൽകി യതീഷ് ചന്ദ്ര കുറിച്ചത്.
മറുനാടന് മലയാളി ബ്യൂറോ