തിരുവനന്തപുരം: നിലയ്ക്കലിൽ ആക്ഷൻ ഹീറോ യതീഷ് ചന്ദ്ര ഹൈക്കോടതി ജഡ്ജിയെ തടഞ്ഞത് സിനിമാ സ്റ്റൈലിൽ തന്നെയെന്ന് സൂചന. ഈ സാഹചര്യത്തിലാണ് കടുത്ത പരാമർശങ്ങളിലേക്ക് ഹൈക്കോടതി നീങ്ങിയത്. എന്നാൽ ശബരിമലയിലെ ദർശനത്തിന് പോകുന്ന വഴിയുണ്ടായ പ്രശ്‌നത്തിൽ ആർക്കെതിരേയും വ്യക്തിപരമായി പരാതി നൽകാൻ ജഡ്ജി തയ്യാറായില്ല. എല്ലാം ഭഗവാന് അർപ്പിക്കാനാണ് താൽപ്പര്യമെന്ന് ജഡ്ജി നിലപാട് എടുത്തതോടെ പൊലീസും യതീഷ് ചന്ദ്രയും രക്ഷപ്പെടുകയായിരുന്നു. ഒരർത്ഥത്തിൽ സർക്കാരിനും ഇത് ആശ്വാസമായി. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി സോഷ്യൽ മീഡിയയിൽ താരമായ യതീഷ് ചന്ദ്രയ്ക്ക് കടുത്ത പ്രതിസന്ധിയാണ് ജഡ്ജിയെ അപമാനിച്ചതുണ്ടാക്കിയത്.

ജഡ്ജി സഞ്ചരിച്ച ഔദ്യോഗിക വാഹനം യതീഷ് ചന്ദ്ര തടയുകയും വാഹനങ്ങളൊന്നും കടത്തി വിടാൻ ഈ സാഹചര്യത്തിൽ കഴിയില്ല എന്നും അറിയിക്കുകയായിരുന്നു. ഐപിഎസ് ഓഫീസറുടെ നടപടികൾ കണ്ട് ഒന്നും മിണ്ടാതെ ജഡ്ജി കാറിൽ ഇരുന്നു. എന്നാൽ ഡ്രൈവർ പറയുന്നുണ്ടായിരുന്നു ഇത് ഹൈക്കോടതി ജഡ്ജിയാണെന്ന്. എങ്കിൽ വാഹനം പരിശോദിച്ചതിന് ശേഷം കടത്തി വിടാമെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. അങ്ങനെ വാഹനത്തിന്റെ ഡോറും ഡിക്കിയും തുറന്ന് പരിശോദിച്ച ശേഷം കടത്തി വിടുകയായിരുന്നു.

ജഡ്ജി പമ്പയിലെത്തി ഗണപതി കോവിലിന്റെ സമീപത്ത് കാർ പാർക്ക് ചെയ്തു രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഒപ്പം മല കയറുകയായിരുന്നു. മല കയറുന്നതിനിടെ ഐജിയെ വിളിക്കുകയും എസ്‌പിയെപറ്റി പരാതി പറയുകയുമായിരുന്നു. സന്നിധാനത്തെത്തി ദർശ്ശനം കഴിഞ്ഞ് ജഡ്ജി മുറിയിൽ വിശ്രമിക്കുമ്പോഴാണ് യതീഷ് ചന്ദ്ര എത്തുന്നത്. ഓടിക്കിതച്ചെത്തിയ യതീഷ് ചന്ദ്ര പമ്പയിൽ വച്ച് എസ്‌പി ഹരി ശങ്കറുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് സന്നിധാനത്തെത്തി അവിടയുണ്ടായിരുന്ന പ്രതീഷ്‌കുമാറിനെയും കണ്ട് സംസാരിച്ച ശേഷമാണ് ജഡ്ജിയുടെ മുറിയിലെത്തിയത്.

അവിടെ വച്ച് തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറയുകയും വളരെയധികം ടെൻഷനിൽ നിൽക്കുമ്പോഴാണ് അങ്ങയുടെ വാഹനം തടഞ്ഞു നിർത്തിയതെന്നും അറിയിച്ചു. അതിനാൽ മാപ്പു തരണമെന്നും നടപടികളൊന്നും എടുക്കരുതെന്നും താണുകേണു പറഞ്ഞു. വളരെ സൗമ്യനായി തന്നെ ഹൈക്കോടതി ജഡ്ജി കാര്യങ്ങളെല്ലാം കേട്ടതിന് ശേഷം നടപടി എടുക്കില്ലെന്നും സമാധാനമായി പോകാനും പറഞ്ഞു. ഇതോടെ യതീഷ് ചന്ദ്ര സമാധാനത്തോടെ അച്ചപ്പനെ കണ്ട് തൊഴുത് മലയിറങ്ങുകയായിരുന്നു. എന്നാൽ വിചാരിച്ച പോലെ അല്ലായിരുന്നു കാര്യങ്ങൾ. മറുനാടൻ അടക്കമുള്ള ചില മാധ്യമ പ്രവർത്തകർ ജഡ്ജിയുടെ മുറിയിലേക്ക് എസ്‌പി കയറി പോകുന്നത് കണ്ടിരുന്നു.

ഇതിനെപറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് ജഡ്ജിയുടെ വാഹനം തടഞ്ഞ വിവരം പുറത്ത് വരുന്നത്. മാധ്യമങ്ങളിൽ വാർത്തയായതോടെ എസ്‌പി വീണ്ടും വിരണ്ടു. എന്നാൽ ഹൈക്കോടതി ജഡ്ജി പറഞ്ഞ വാക്കു പാലിച്ചതിനാൽ നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ വിവരം ഹോക്കോടതി രജിസ്ട്രാറിനെ ജഡ്ജി അറിയിച്ചു. ഹൈക്കോടതി ഇതിൽ പ്രതിഷേധം അറിയിച്ചു എങ്കിലും ജഡ്ജിക്ക് പരാതി ഇല്ലാത്തതിനാൽ നടപടിയൊന്നും സ്വീകരിച്ചില്ല. കൂടാതെ കരഞ്ഞഅ മാപ്പപേക്ഷിച്ചതിനാലുമാണ് യതീഷ് ചന്ദ്ര ഇപ്പോൾ രക്ഷപെട്ടു നിൽക്കുന്നത്.

ഇത്രയേറ വിവാദങ്ങൾ ഉണ്ടായിട്ടും യതീഷ് ചന്ദ്രയെ സർക്കാർ സംരക്ഷിക്കുന്നത് പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കുവാനാണ്. എസ്‌പിക്കെതിരെ നടപടി എടുത്താൽ ശബരിമല വിഷയത്തിൽ വീണ്ടും പരാജയം നേരിടേണ്ടി വരുമോ എന്ന ഭയവും ഉണ്ട്. എന്നാൽ ഏറെ പ്രതിസന്ധിയിൽ തന്നെയാണ് സർക്കാരും. ഗവർണ്ണർ വിശദീകരണം ചോദിച്ചപ്പോൾ ഉദ്യോഗസ്ഥനെ ഉടൻ തിരിച്ചു വിളിക്കും എന്നാണ് പറഞ്ഞതെന്നാണ് വിവരം. ഹൈക്കോടതി ജഡ്ജിയെ തടയാനുള്ള ധൈര്യം ലഭിച്ചത് തൊട്ടു മുൻപ് കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ് നിർത്തിയത് തന്നെയാണ്.

ആവേശത്തോടെ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ഉരുളയ്ക്കുപ്പേരിപോലെ മറുപടികൾ നൽകിയും സ്റ്റാർ ആയി എന്ന തോന്നലാണ് ജഡ്ജിയെ തടയാനും പ്രേരണ നൽകിയത്. പുതു വൈപ്പിനിലെ സമരക്കാരെ അടിച്ചൊതുക്കിയപ്പോഴും ആരും ചോദിക്കാനും എത്തിയില്ല. ആലുവയിൽ സിപിഎമ്മുകാരെ തള്ളിയൊതുക്കിയും ആവേശം കാണിച്ചപ്പോഴും എല്ലാവരും പിൻതുണ നൽകി. ഈ ആവേശത്തിന്റെ പിൻബലത്തിൽ ജഡ്ജിയെ തടഞ്ഞത് ഇപ്പോൾ ഏറെ പുലിവാലു പിടിച്ചിരിക്കുകയാണ്.

കേന്ദ്രമന്ത്രിയെ അപമാനിച്ചതിൽ കേന്ദ്രം അതൃപ്തി രേഖപ്പെടുത്തിയതൊക്കെ യതീഷ് ചന്ദ്രക്ക് വിനയാകും. ഏതു തരത്തിലുള്ള നടപടികളാണ് ഇനി വരുന്നത് എന്ന് കാത്തിരുന്ന് കാണണം.