മനാമ: കണ്ണൂർ വിമാനത്താവളം പ്രവര്ത്തിച്ചു തുടങ്ങിയതിനാൽ കണ്ണൂർ വിമാനതാവളത്തിലേക്ക് ബഹ്‌റൈൻ വിമാന സർവീസ് ആരംഭിക്കണമെന്ന് യാത്ര സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദേശ വിമാന കമ്പനികളും ഈ റൂട്ടിൽ സർവീസ് നടത്താൻ എത്രയും വേഗം രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ടു യാത്ര സമിതി എല്ലാ വിമാന കമ്പനികൾക്കും മെയിൽ, ട്വിറ്റർ സന്ദേശങ്ങൾ അയച്ചു.

കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ബഹ്‌റൈൻ പ്രവാസി മലയാളികൾക്കു ഏറെ ഗുണം ചെയ്യുന്ന രൂപത്തിൽ നേരിട്ടോ കണക്ഷൻ ഫ്‌ളൈറ്റ് വഴിയോ യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു അധികാരികൾക്ക് നിവേദനം നൽകിയതായി യാത്ര സമിതി. കേരള കേന്ദ്ര സർക്കാരുകൾ ബഹ്‌റൈൻ സർവീസിനായി താല്പര്യം എടുക്കണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ബഹ്‌റൈൻ സർവീസ് തുടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും യാത്ര സമിതി ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിലേക്ക് ബഹ്‌റൈനിൽ നിന്നും ഇതുവരെ ഒരു വിമാന സർവീസും ലഭ്യമായിട്ടില്ല എന്നത് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനു നിരാശയുണ്ടാക്കിയതായി യാത്ര സമിതി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്കുള്ള എല്ലാ സെക്ടറുകളിലും തിരക്കു കൂടുമ്പോൾ നിരക്ക് കൂട്ടുക എന്ന പതിവ് രീതി ആവർത്തിക്കപ്പെടുന്നത് പുനഃപരിശോധിക്കണമെന്ന് യാത്ര സമിതി ആവശ്യപ്പെട്ടു.

ശൈത്യകാല, ക്രിസ്മസ്, പുതുവത്സര അവധിക്കായി ഉയർന്ന ടിക്കറ്റ് നിരക്ക് നൽകിയാലേ കേരളത്തിൽ നിന്നു ഗൾഫിലേക്കും തിരിച്ചും യാത്ര ചെയ്യാനാകൂ. നിരക്ക് രണ്ടും മൂന്നും ഇരട്ടി വർധിപ്പിച്ച് പ്രവാസികളെ പിഴിയുന്നത് ഒഴിവാക്കണമെന്നു യാത്ര സമിതി ആവശ്യപ്പെട്ടു