തിരുവനന്തപുരം: എത്രയൊക്കെ പകയുണ്ടെങ്കിലും മതവൈരമുണ്ടെങ്കിലും മനുഷ്യന് മനുഷ്യനെ കൊന്നു തിന്നാൻ കഴിയുമോ? എന്നാൽ അങ്ങൻെയും കഴിയുമെന്ന റിപ്പോർട്ടുകളാണ് ഇറാഖിൽനിന്നും സിറിയയിൽ നിന്നും പുറത്തുവന്നത്. ഐഎസ്് ഭീകരർ മതത്തിന്റെ പേരിൽ ലൈംഗിക അടിമകളാക്കിവെച്ച ചില യസീദി സ്ത്രീകളെ ഭക്ഷ്യക്ഷാമം വന്നപ്പോൾ കൊന്നുതിന്നതായുള്ള വാർത്ത പുറത്തുവിട്ടത് സാക്ഷാൽ ബിബിസിയാണ്.ഹ്യൂമൺ റൈറ്റ്സ വാച്ച് പോലുള്ള സംഘടനകളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. യസീദികൾ കൊല്ലപ്പെടേണ്ട വിഭാഗമാന്നെും അവർ പിശാചിന്റെ സന്തതികളാണെന്ന് ഹദീസുകളിൽ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഐഎസ് ഭീകരർ ഈ പാവങ്ങൾക്കുനേരെ തിരിഞ്ഞത്.

യസീദികളെ കൊന്നുതിന്നാൽപോലും പ്രശ്നമില്ലെന്ന് ഹദീസുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഐഎസ് ഈ ഭീകരത നടപ്പാക്കിയത്. എന്നാൽ ഇത് ഇസ്ലാമിനെ അപമാനിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണെന്ന് പറഞ്ഞ് പ്രമുഖ ഇസ്ലാമിസ്റ്റുകൾ തള്ളുകയാണ് ഉണ്ടായത്. അങ്ങനെ ഒരു മതനിർദശം ഇല്ലെന്ന് ആധുനിക ഇസ്ലാമിക പണ്ഡിതർ പറയുമ്പോഴും മതവൈരം തന്നെയാണ് യസീദികളെ വേട്ടയാടൻ ഇടയാക്കിയ പ്രധാന കാരണമെന്ന് വ്യക്തമാണ്.ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിവെച്ച നദിയമുറാദിന് നൊബേൽ സമ്മാനം കിട്ടുമ്പോൾ പുറത്തുവരുന്നത് യസീദികൾ എന്ന മതവിഭാഗത്തിന്റെ ഞെട്ടിപ്പിക്കുന്ന അതിജീവനകഥകൂടിയാണ്.

ലോകത്തിന്റെ കണ്ണീരാണ് ഇന്ന് യസീദി പെൺകുട്ടികൾ. ഇറാഖിൽ പതിനായിരത്തിലധികം യസീദികൾ ഐഎസിനാൽ കൊലചെയ്യപ്പെട്ടു. അതിലേറെ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി. സ്ത്രീകളും കുട്ടികളും വൃദ്ധരും മർദിക്കപ്പെട്ടു. അമ്പതിനായിരത്തോളം പേരെ കാണാതായി. നൂറുകണക്കിനു പേരെ അടിമകളാക്കി. അവരുടെ വാസസ്ഥലങ്ങൾക്ക് തീ വെച്ചു. അവരുടെ ആഭരണങ്ങൾ കൊള്ളയടിച്ചു. സ്‌കൂളുകളിൽ പോയി ആൺകുട്ടികളെ കൂട്ടക്കുരുതി നടത്തി. പെൺകുട്ടികളെ അടിമച്ചന്തയിൽ കൂട്ടത്തോടെ വിൽപനക്ക് വെച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതു പോലെ പെൺകുട്ടികളെ വിൽക്കുകയും അതിന്റെ വില വാങ്ങുകയും ചെയ്തു. അവരെ കൂട്ടത്തോടെ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലും കുർദിസ്താനിലുമുള്ള ആശുപത്രികളിലേക്ക് കൊണ്ടുവന്നു ഭ്രൂണഹത്യക്ക് വിധേയരാക്കുന്നു. പതിനാലു വയസ്സിനു താഴെയുള്ള കുട്ടികളെ കൂട്ടത്തോടെ സിറിയയിലെ ഒളിത്താവളങ്ങളിലേക്ക് കടത്തുന്നു. ഏദൻ പൂന്തോപ്പിനോളം ഭംഗിയുണ്ടായിരുന്ന ഇറാഖിലെ യസീദികളുടെ നഗരങ്ങളിന്നു നരകതുല്യമായ അവസ്ഥയിലാണ്.

സാത്താൻ ആരാധകരെ കൊല്ലുക

ലോകത്ത് നിലനിൽക്കുന്ന അതിപുരാതന മതവിഭാഗങ്ങളിൽ ഒന്നാണ് യസീദികൾ എന്ന് പറയപ്പെടുന്നു.വംശീയമായി യസീദികൾ കുർദുകളാണെങ്കിലും ഇറാഖിലെ പ്രബല വിഭാഗങ്ങളായ ഷിയകളും സുന്നികളും കുർദുകളും വിശ്വാസപരമായി യസീദികളോടു ചേരുകയില്ല. അനുഷ്ഠാനപരമായി ഇസ്ലാമികമായ ആചാരങ്ങളാണ് പിന്തുടരുന്നതെങ്കിലും അവരെ മുസ്ലിംകളായി അംഗീകരിക്കാൻ സുന്നികളും ഷിയകളും തയാറല്ല.

ഇവരുടെ ആചാരങ്ങൾ വളരെ വ്യത്യസ്തമാണ്.സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ് മെലക് തവ്വൂസ്. ഈ മാലാഖയാണ് ഇവരുടെ ആരാധനാ കേന്ദ്രം. അതുകൊണ്ടുതന്നെ സാത്താന്റെ ആളുകളെന്നും ഇവർ അറിയപ്പെടുന്നു.പണ്ടുകാലം മുതലേ മുസ്ലിം-ക്രിസ്ത്യാൻ മത വിഭാഗങ്ങൾക്ക് യസീദികളോട് വിരോധമാണെന്ന് പറയപ്പെടുന്നു. രഹസ്യ സ്വഭാവത്തോടെയാണ് ഇവരുടെ ആചാരങ്ങളും മറ്റും. പൊതുസമൂഹവുമായി ഇക്കാര്യങ്ങൾ ഇവർ പങ്കുവക്കാറില്ല.മറ്റ് മതങ്ങളിൽ പെട്ടവരുമായുള്ള വിവാഹം പോലും യസീദികൾ അംഗീകരിക്കാറില്ല. ഇതിനാൽ ഇവരെക്കുറിച്ച് എന്ത് അപവാദവും പ്രചരിപ്പിക്കാൻ ഇടയാക്കി. സാത്താൻ ആരാധകർ എന്നത് ഇസ്ലാം തങ്ങളെ വേട്ടയാടാൻ ഇട്ട തന്ത്രമാണെന്നാണ് യസീദി നേതാക്കൾ പറയുക.ദൈവത്തെ ആരാധിക്കുന്നപോലെ പിശാചിനെയും ആരാധിക്കാൻ ആർക്കും അവകാശമുണ്ടെന്നും ഇത് രണ്ടും കെട്ടുകഥയാണെന്നും പിന്നെ ഒരു കഥ മറ്റതിനേക്കാൾ വിശിഷ്ടമാണെന്ന് പറഞ്ഞ് ആക്രമിക്കുന്നതിൽ കാര്യമെന്താണ് എന്നാണ് പ്രമുഖ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ റിച്ചാർഡ് ഡോക്കിൻസ് യസീദികളെകുറിച്ച് പറഞ്ഞത്.

വിശ്വാസം കൊണ്ട് പിശാചാരാധകരായിട്ടാണ് യസീദികൾ പൊതുവെ അറിയപ്പെടുന്നത്. തങ്ങൾ പിശാചാരാധകരല്ലെന്നും അതൊരു മിഥ്യാധാരണയാണെന്നുമാണ് യസീദികളിൽ ഭൂരിഭാഗവും അവകാശപ്പെടുന്നത്. അവരുടെ വിശ്വാസ പ്രകാരം ഏഴു മലക്കുകളിലൂടെയാണ് ദൈവം ഭരണം നടത്തുന്നത്. മാലിക് താവൂസു (മയിൽ ദേവത) ആണ് അതിൽ പ്രധാനി. ഈ രാജാവിന് ദൈവത്തെ ധിക്കരിക്കാൻ പോലും അർഹതയുണ്ട്. മനുഷ്യ നന്മക്ക് വേണ്ടി ദൈവത്തെ ധിക്കരിക്കുന്നത് ദൈവം വിട്ടുവീഴ്ച ചെയ്യുമെന്നതിനാൽ അത് ധിക്കാരമായി ഗണിക്കാനാവില്ല എന്നാണ് വിശ്വാസം. എന്നാൽ മലക്കുകളിലെ പ്രധാനി തന്നെ പിശാചിന്റെ പ്രേരണക്ക് വിധേയമായതിനാൽ അവർ ആരാധിക്കുന്നത് പിശാചിനെയാണ് എന്ന ധാരണ പിന്നീട് ബലപ്പെട്ടു. വിശ്വാസപരമായി പിശാച് അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാവുന്നത് ഇങ്ങനെയാണ്. മലക്കുകളോടുള്ള ആരാധന ക്രമേണ അഗ്നിയോടും മറ്റുമെല്ലാമായി മാറിയിട്ടുണ്ട്. ഷിയകളിലെ അതിരുവിട്ട ചില വിഭാഗങ്ങളുടെ ആരാധനയും ഇവരുടെ വിശ്വാസത്തോട് ചേരുന്നുണ്ട്.

പക്ഷേ ഈ വിശ്വാസം അവർക്ക് വിനയായി.അഹമ്മദിയ്യാക്കളെപോലെ ഇവർ കൊല്ലപ്പെടേണ്ടവരാണെന്ന ധാരണ പരത്താൻ വളരെപെട്ടെന്ന് രാഷ്ട്രീയ ഇസ്ലാമിന് സ്വാധിച്ചു.കുറ്റബാധമില്ലാതെ ഐഎസിന് അവരെ കൊന്നു തിന്നാൽപോലും കഴിയുന്നതും ഇതുകൊണ്ടുതന്നെ. സാത്താനെ ആരാധിക്കുന്ന ഈ സമൂഹമാണ് എല്ലാ കൂഴപ്പത്തിനും കാരണമെന്നാണ് മുസ്ലിം മുഖ്യധാരപോലും അടുത്തകാലം വരെ പ്രചരിപ്പിച്ചിരുന്നത്്.

പുരാതന മെസപ്പൊട്ടേമിയൻ നാഗരികതയിൽ നിന്നാണ് യസീദികളുടെ ചരിത്രം ആരംഭിക്കുന്നത്. ഇറാഖ്, സിറിയ, തുർക്കി തുടങ്ങിയ ഇടങ്ങളിലാണ് ഭൂമിശാസ്ത്രപരമായി യസീദികളുള്ളതെങ്കിലും ഇറാൻ, ജോർജിയ, അർമീനിയ എന്നിവിടങ്ങളിലും യസീദികൾ ജീവിക്കുന്നുണ്ട്.  ഉമവീ ഭരണകൂടത്തിന്റെ പതനത്തോടെ ഹിജ്‌റ 132-ൽ ഉദയം ചെയ്ത ഒരു വിഭാഗമാണ് യസീദിയ്യ. ബനൂ ഉമയ്യയുടെ പ്രതാപം വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായിട്ടായിരുന്നു അതിന്റെ രംഗപ്രവേശം. യസീദുബ്‌നു മുആവിയയിലേക്ക് ചേർത്തുകൊണ്ടാണ് ആ പേര് വിളിക്കപ്പെടുന്നത്.

കാലക്രമേണ അവർ വഴിതെറ്റുകയും യസീദിനെയും ഇബ്ലീസിനെയും മഹത്വവത്കരിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു. ഇറാഖിൽ കുർദുകളുടെ പ്രദേശത്താണ് അവർ താമസമാക്കിയത്. മർവാൻ രണ്ടാമന്റെ (അദ്ദേഹത്തിന്റെ കാലത്താണ് ഉമവീ ഭരണകൂടം നിലംപതിച്ചത്) മാതാവ് കുർദുകളിൽ പെട്ടവളായിരുന്നു എന്നതാണ് അതിന് കാരണം. അവരുടെ മാതൃഭാഷ കുർദ് ആണെങ്കിലും അറബിയും അവർ സംസാരിക്കുന്നു; വിശേഷിച്ചും ഇറാഖിലുള്ളവർ. അവരുടെ ആരാധനാകർമങ്ങളെല്ലാം കുർദ് ഭാഷയിലാണ്. മൊസൂൾ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയായി വടക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാലഷ് ആണ് അവരുടെ തീർത്ഥാടന കേന്ദ്രം.

അധിനിവേശ ശക്തികൾക്ക് യസീദികൾ എന്നും പല കാരണങ്ങളാൽ ഇരകളായിരുന്നു. ബ്രിട്ടീഷുകാർ, ഉഥ്മാനികൾ, അറബികൾ, തുർക്കികൾ, സിറിയൻ ബാതിസ്റ്റുകൾ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളും ഭരണകൂടങ്ങളും യസീദികളുടെ മേൽ അധിനിവേശം നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ അവർക്ക് മേൽ നായാട്ട് നടത്തുന്നത് ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഇറക്കുമതി ചെയ്യപ്പെട്ട എന്തിനും പോന്ന കുറെ നരാധമരും.

യസീദികളുടെ ഏദൻതോട്ടം ഇന്ന് നരകം

കഴിഞ്ഞ എട്ടു വർഷമായി യസീദികൾ വലിയ ദുരിതത്തിലാണ്. ഏതാണ്ട് ഏഴു ലക്ഷത്തോളം വരുന്ന യസീദികളിൽ അഞ്ചു ലക്ഷം യസീദികൾ തെക്കൻ ഇറാഖിനോട് ചേർന്ന് കഴിയുന്നുണ്ടായിരുന്നു. ഐസിസ് ആക്രമണത്തിനിരയായ രണ്ടു ലക്ഷത്തോളം പേരാണ് വീടും കുടുംബവും ഉപേക്ഷിച്ച് നാടുവിട്ടത്. താമസയിടങ്ങൾ ഉപേക്ഷിച്ച് നാടുവിട്ടവരിൽ ഭൂരിഭാഗവും ഇറാഖിലും അയൽ പ്രദേശങ്ങളിലും അഭയാർഥികളായി കഴിയുന്നുണ്ട്. രണ്ടായിരത്തിലധികം കുഞ്ഞുങ്ങൾ അതിലുണ്ട്. അര ലക്ഷത്തിലധികം പേർ എവിടെയാണെന്ന് യാതൊരു വിവരവുമില്ല. കുർദ് മേഖലയിലാണ് അഭയാർഥി ക്യാമ്പുകൾ അധികവുമുള്ളത്.

ഈ ക്യാമ്പുകളിലെ അവസ്ഥ പരിതാപകരമാണ്. സാമ്പത്തികമായി മെച്ചമല്ലാത്ത കുർദിസ്താനിൽ അന്താരാഷ്ട്ര സഹായത്തോടെയും യു.എൻ രക്ഷാകർതൃത്വത്തിലുമാണ് ക്യാമ്പുകൾ നടക്കുന്നതെങ്കിലും പല കാരണങ്ങളാൽ ക്യാമ്പുകൾ ദുരിതജീവിതമാണ് സമ്മാനിക്കുന്നത്. അഭയാർഥികളായി വന്നവരിൽ പലരും ജോലിതേടി നഗരപ്രദേശങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. കുറഞ്ഞ വേതനത്തിൽ അവർ പലയിടങ്ങളിലും ജോലി ചെയ്യുന്നു. ഇറാഖിലും സിറിയയിലും തുർക്കിയിലും ഭിക്ഷാടനത്തിന് വ്യാപകമായി യസീദി കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നും, ലൈംഗിക അടിമവൃത്തിക്കായി യസീദി പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ലോക മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഐസിസ് ക്രൂരതകൾ സഹിക്കാനാവാതെ നൂറുകണക്കിന് പെൺകുട്ടികളും അമ്മമാരും ആത്മഹത്യ ചെയ്യേണ്ടിവന്നു.

ഇറാഖി യസീദികളുടെ പ്രധാന കേന്ദ്രം സിൻജാർ പ്രദേശവും അവിടെയുള്ള ലാലിഷ് എന്നറിയപ്പെടുന്ന അമ്പല (ആരാധനാലയ)വുമാണ്. ശിൻഗാൽ അതിനടുത്ത പ്രദേശമാണ്. ഏദൻ തോട്ടത്തെ പോലെ സൗന്ദര്യമുള്ള പ്രദേശങ്ങളായിരുന്നു ഇവയെന്ന് ആ നാട്ടുകാർ പറയുന്നു. പക്ഷേ ഇന്നത് പച്ചക്കരളുള്ള ഒരു മനുഷ്യനും കടന്നു ചെല്ലാൻ ആഗ്രഹിക്കാത്ത നരകമായി മാറിയിരുക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ക്രൂരമായ വിനോദങ്ങൾ ഇന്നും നിർബാധം തുടരുന്ന ഒരിടം. സദ്ദാം ഹുസൈന്റെ ക്രൂരമായ ഭരണം സഹിക്കവയ്യാതെ അമേരിക്കൻ അധിനിവേശത്തെ ഏറ്റവും അധികം സ്വാഗതം ചെയ്തവരാണ് യസീദികളും കുർദുകളും. എന്നാൽ, കുർദുകൾ രക്ഷപ്പെടുകയും യസീദികൾ വീണ്ടും ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുകയുമാണ് ഉണ്ടായത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഐസിസിന്റെ താവളങ്ങളാണ് സിൻജാർ, ശിമ്ഗാൽ എന്നീ പ്രദേശങ്ങൾ. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് അവരുടെ നരനായാട്ട്. കുറെ കാലം മാധ്യമങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്യുകയുണ്ടായില്ല. 2014 ഒക്ടോബറിലാണ് ഐസിസ് കുരുക്കിലകപ്പെട്ട പതിനായിരക്കണക്കിന് യസീദികളെ കുറിച്ച വാർത്ത പാശ്ചാത്യ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. തുടർന്നാണ് ലോകത്തിന്റെ ശ്രദ്ധ ഈ ദൗർഭാഗ്യവാന്മ്മാരായ ജനതക്കുനേരെ തിരിഞ്ഞത്. റോഹീങ്ക്യകളെക്കുറിച്ച് വലിയവായിൽ കരയുന്ന കേരളത്തിലെ ഒരു മുസ്ലിം സംഘടനയോ ഇടതുസംഘടനയോ ഒന്നും തന്നെ യസീദികൾക്കായി ഒരു പ്രസ്താവനപോലും ഇറക്കാറില്ല.