- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊടിക്കുന്നിലും ഗണേശ് കുമാറും തമ്മിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം; എംഎൽഎയെ എംപി വാനോളം പുകഴ്ത്തിയപ്പോൾ ബഹിഷ്കരണ ഭീഷണിയുമായി യൂത്ത് കോൺഗ്രസ്; വാട്സ് ആപ്പിലൂടെ മാത്രമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തനം എന്ന് തിരിച്ചടിച്ച് കൊടിക്കുന്നിൽ സുരേഷ്
പത്തനാപുരം: കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്. കൊടിക്കുന്നിൽ സുരേഷും ഗണേശ് കുമാർ എംഎൽയും തമ്മിൽ അഡ്ജസ്റ്റ്മെന്റുണ്ടെന്ന് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊതുവേദിയിൽ ഗണേശ്കുമാറിനെ വാനോളം പുകഴ്ത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നടപടിക്ക് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് വിമർശനം.
യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കിം എസ് പത്തനാപുരമാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിനെ തോൽപ്പിക്കാനാണ് ബാലകൃഷ്ണ പിള്ളയും ഗണേശ് കുമാറും ശ്രമിച്ചതെന്നും കൊടിക്കുന്നിലിനെ എംപിയാക്കാൻ പണി എടുത്തത് കോൺഗ്രസ് പ്രവർത്തകരാണെന്നും മണ്ഡലം പ്രസിഡന്റ് ഹക്കിം എസ് പത്തനാപുരം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തലവൂർ ആയുർവേദ ആശുപത്രി ഉദ്ഘാടനത്തിനാണ് കൊടിക്കുന്നിൽ സുരേഷ് എംപി ഗണേശ് കുമാറിനെ വാനോളം പുകഴ്ത്തിയത്. പത്തനാപുരത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത വികസന പ്രവർത്തനങ്ങൾ നടത്തിയ ആളാണ് ഗണേശ്കുമാർ എംഎൽഎയെന്നും മറ്റു ജനപ്രതിനിധികൾ ഗണേശിനെ മാതൃകയാക്കണമെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ അഭിപ്രായം.
ഗണേശ് കുമാറും ആയുർവേദ ഡോക്ടർമാരും തമ്മിലുള്ള പ്രശ്നത്തിലും ഗണേശ്കുമാറിനെ കൊടിക്കുന്നിൽ പിന്തുണച്ചിരുന്നു.ഈ പ്രസംഗത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി രംഗത്തെത്തിയത്. എംഎൽഎക്കെതിരെ വിവിധ സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് പോകുമ്പോഴുള്ള പാർട്ടി വർക്കിങ് പ്രസിഡന്റിന്റെ തന്നെ അഭിനന്ദനം സംഘടനയെ പ്രതിരോധത്തിലാക്കി. ഗണേശ് കുമാറും കൊടിക്കുന്നിൽ സുരേഷും തമ്മിൽ പല അഡ്ജസ്റ്റ്മെന്റുകളും ഉണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. എംപിക്കെതിരെ കെപിസിസിക്ക് പരാതി നൽകാനാണ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ തീരുമാനം. അഭിപ്രായം തിരുത്തിയില്ലെങ്കിൽ എംപിയെ ബഹിഷ്കരിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
എന്നാൽ ഗണേശ് കുമാർ എംഎൽഎ നല്ലത് ചെയ്തതുകൊണ്ടാണ് അഭിനന്ദിച്ചതെന്നും യൂത്ത് കോൺഗ്രസിന്റെ ബഹിഷ്കരണ ഭീഷണി കാര്യമാക്കുന്നില്ലെന്നു കൊടിക്കുന്നിൽ സുരേഷ് സുരേഷ് എംപി പറഞ്ഞു. വാട്സ് ആപ്പിലൂടെ മാത്രമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തനം നടക്കുന്നതെന്നും കെ റെയിലിനെതിരായ സമരങ്ങളിൽ യൂത്ത്കോൺഗ്രസിനെ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. ചിലർ ദുബായിൽ ഇരുന്നു വിമർശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ