തിരുവനന്തപുരം: യുഎഇ സർക്കാർ പ്രഖ്യാപിച്ച 'ഇയർ ഓഫ് ഗിവിങ'് പദ്ധതിയുടെ ആത്മാവ് ഉൾക്കൊണ്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ സ്വയം തെരഞ്ഞെടുത്ത വിശിഷ്ടമായ ഈന്തപ്പഴങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് സമ്മാനിച്ചു.

രാജ്യപാരമ്പര്യത്തോട് താദാത്മ്യം പ്രാപിച്ചതും അതിന്റെ അവിഭാജ്യ പ്രതീകവുമായ യുഎഇയുടെ ദേശീയ ഫലമായ ഈന്തപ്പഴം തിരുവനന്തപുരത്തെ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ റഹ്മ അൽ സാബി മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ വൈകുന്നേരം അദ്ദേഹത്തിന്റെ ചേംബറിൽ ചെന്നുകണ്ട് സമ്മാനിച്ചു. ഭിന്നശേഷിക്കാരും അനാഥരുമായ 30 കുട്ടികൾക്ക് ഈ ഈന്തപ്പഴം മുഖ്യമന്ത്രി വിതരണം ചെയ്തു. കേരളത്തിലെയും യുഎഇ-യിലെയും ജനങ്ങൾ തമ്മിൽ ദീർഘകാലത്തെ ചരിത്രപരമായ ബന്ധവും സൗഹൃദത്തിന്റെയും പ്രതീകമെന്ന നിലയിലാണ് ഇതാദ്യമമായി ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചത്.

വിശുദ്ധ മാസമായ റമദാന്റെ ആരംഭവുമായി ബന്ധപ്പെട്ടും സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുമാണ് ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് കർണാടക എന്നീ സംസ്ഥാനങ്ങൾ ഉൾപ്പടുന്ന ദക്ഷിണേന്ത്യൻ കോണ്ഡഡസുലേറ്റിന്റെകൂടി ചുമതലയയുള്ള കോൺസുൽ ജനറൽ മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രി നൽകുന്ന സുസ്ഥിരമായ പിന്തുണയ്ക്ക് നന്ദിപറഞ്ഞ കോൺസുൽ ജനറൽ ഈന്തപ്പഴങ്ങൾ അർഹരും ആവശ്യക്കാരുമായവർക്ക് നൽകണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹത്തിനു സമ്മാനിച്ചതെന്ന് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2017 ഇയർ ഓഫ് ഗിവിങ് ആയി പ്രഖ്യാപിച്ചത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാത പിന്തുടർന്ന് യുഎഇ-യുടെ വ്യക്തിത്വത്തിന്റെ ഭാഗമായുള്ള കാരുണ്യത്തിന്റെയും ആതിഥേയത്വത്തിന്റെയും മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഈ ആചരണം.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദും തുടരുന്ന ഈ നയത്തിന്റെ ഭാഗമായി ജീവകാരുണ്യം, മനുഷ്യസ്‌നേഹം, പരോപകാരം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളും പരിപാടികളും നടത്തുന്നു.