മെൽബൺ: പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന കരുണയുടെ ജൂബിലി വർഷത്തിന്റെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതാതല ഉത്ഘാടനം രൂപത അധ്യക്ഷൻ മാർബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. 13ന് ഞായറാഴ്ച) 4 മണിക്ക് റോക്‌സ്ബർഗ് പാർക്ക് ഗുഡ് സമരിറ്റൻ ദേവാലയത്തിൽ അർപ്പിക്കുന്ന  ദിവ്യബലിയിൽ ബോസ്‌കോ പുത്തൂർ പിതാവ് മുഖ്യകാർമ്മികത്വം വഹിക്കും. ദിവ്യബലിക്കു ശേഷം നടക്കുന്ന ചടങ്ങിൽ പിതാവ് നിലവിളക്തു തെളിയിക്കുന്നതോടെ രൂപതയിൽ കരുണയുടെ വർഷത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. തുടർന്ന് ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് നന്ദി പറയുന്ന 136-ാം സങ്കീർത്തനം ആലപിക്കുകയും കരുണയുടെ ജൂബിലിവർഷ പ്രാർത്ഥന ചൊല്ലുകയും ചെയ്യും.

 പരിശുദ്ധ പിതാവിന്റെ ആഹ്വാനം സ്വീകരിച്ചു കൊണ്ട് കരുണയുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് മെൽബൺ സീറോ മലബാർ രൂപത വിവിധ കർമ്മ പരിപാടികൾക്ക് രൂപം നല്കിയിട്ടുണ്ട്. ഡിസംബർ മാസത്തിൽ ക്രിസ്മസ്സിനൊരുക്കമായി ''ഉണ്ണീശോയ്ക്ക് ഒരുടുപ്പ്'' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ ചെറിയ പ്രായശ്ചിത്ത പ്രവർത്തികളിലൂടെ മാറ്റിവയ്ക്കുന്ന ചെറിയ സമ്പാദ്യം രൂപതാതലത്തിൽ ശേഖരിച്ച് കേരളത്തിലെ കുന്നന്താനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ദൈവപരിപാലനയുടെ സഹോദരികൾ' നടത്തുന്ന ആതുരാലയങ്ങളിലെ നിത്യരോഗികളായ അന്തേവാസികൾക്ക് രൂപതയുടെ ക്രിസ്മസ്സ് സമ്മാനമായി നല്കും. മിക്കലിമിലെ രൂപത കത്തീഡ്രൽ ചാപ്പൽ സന്ദർശിച്ച് പ്രാർത്ഥിക്കുന്നവർക്ക് ദണ്ഡവിമോചനം നേടാവുന്നതാണെന്ന് കരുണയുടെ വർഷത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയ ലേഖനത്തിലൂടെ മാർ ബോസ്‌കോ പുത്തൂർ ആഹ്വാനം ചെയ്തു.

രൂപതയിലെ വിവിധ ദേവാലയങ്ങളിലും കരുണയുടെ ജൂബിലിവർഷ ആരംഭത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കും. രൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി വാഗവാഗ കമ്യൂണിറ്റിയിലെയും രൂപത ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മെൽബൺ വെസ്റ്റ് കമ്യൂണിറ്റിയിലെയും കരുണയുടെ ജൂബിലിവർഷ പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നലകും.