ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പഠിക്കാൻ സുപ്രിംകോടതി നിയോഗിച്ച സമിതിയിൽ തൃപ്തിയില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നതാണ് കർഷകർ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങൾ പാസാക്കിയ പാർലമെന്റ് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രസർക്കാർ ആദ്യം കർഷകരുമായി ചർച്ച നടത്തണം. അതിൽനിന്നുള്ള നിർദേശങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കണം. കോടതി നിയോഗിച്ച സമിതിയുടെ ഉദ്ദേശം വ്യക്തമല്ല. സ്വാമിനാഥൻ കമീഷന്റെ നിർദേശങ്ങൾ ഇപ്പോഴും പാലിച്ചിട്ടില്ല. നിലവിലെ നിയമം പാർലമെന്റ് പിൻവലിക്കണമെന്നും യെച്ചൂരി പ്രതികരിച്ചു.

കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നിയമങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചു. എന്നാൽ സമിതിയുമായി സഹകരിക്കില്ലെന്നും സമിതിയിലുള്ളവർ നിയമത്തെ അനുകൂലിക്കുന്നവരെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു.