- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും? പൊലീസ് നടപടി രാഷ്ട്രീയ പകപോക്കൽ; ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടി; ഭീമകൊറേഗാവ് കേസിലും ഇതേ തന്ത്രമാണ് പൊലീസ് പയറ്റിയത്; മൊഴിയിൽ പേരുകൾ ഉൾപ്പെടുത്തി പിന്നീട് കീഴ്ക്കോടതിയിൽ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയാണ് തന്ത്രം; ഡൽഹി കലാപ ഗൂഢാലോചനാ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതിൽ സീതാറാം യെച്ചൂരിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാ കേസിന്റെ കുറ്റപത്രത്തിൽ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഉൾപ്പെടുത്തിയ സംഭവത്തിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി യെച്ചൂരി തന്നെ രംഗത്തുവന്നു. ഡൽഹി പൊലീസിന്റേത് കരുതികൂട്ടിയുള്ള രാഷ്ട്രീയ വേട്ടയാടൽ ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി.
ഡൽഹി പൊലീസിന്റെ വിശദീകരണം അംഗീകരിക്കാൻ ആവില്ല. ഭീമകൊറേഗാവ് കേസിലും ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. കേസിൽ കുടുക്കാൻ ഇതേ തന്ത്രം മുൻപും പയറ്റിയിട്ടുണ്ട്. മൊഴിയിൽ പേരുകൾ ഉൾപ്പെടുത്തി പിന്നീട് കീഴ്ക്കോടതിയിൽ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയാണ് തന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും. വിദ്വേഷപ്രസംഗകരാണ് യഥാർത്ഥ കലാപകാരികൾ. വിദ്വേഷപ്രസംഗകർക്കെതിരെ എന്ത് നടപടിയെടുത്തു. ഡൽഹി പൊലീസ് എന്താണ് ഇതുവരെ അന്വേഷിച്ചത്. കലാപങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ സ്ഥിരം സമീപനമാണിതെന്നും യെച്ചൂരി പറഞ്ഞു.
സീതാറാം യെച്ചൂരിയടക്കം ഒമ്പത് പേർ ഡൽഹി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് കേസിൽ പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. സീതാറാം യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല അദ്ധ്യാപകനും സന്നദ്ധ പ്രവർത്തകനുമായ അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകളാണ് ഉള്ളത്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്.
പൗരത്വ ഭേദഗതി നിയമവും പൗരത്വ നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഇന്ത്യൻ സർക്കാറിൽ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും അനുബന്ധ കുറ്റപത്രം പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. കലാപത്തിന് ആസൂത്രണം ചെയ്തവരെന്ന പേരിൽ ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്നാണ് ഡൽഹി പൊലീസ് ഇതേക്കുറിച്ച് നൽകുന്ന വിശദീകരണം. പൗരത്വ നിയമ ഭേദഗതി സമരം സംഘടിപ്പിച്ചവരുടെ പേരുകൾ ഒരു പ്രതി മൊഴി നൽകിയതെന്നും അക്കാര്യമാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്നും ഡൽഹി പൊലീസ് പറയുന്നു.
അതേസമയം മുനീറിന് വിവിധ കോണുകളിൽ നിന്നും പിന്തുണയും ലഭിക്കുന്നുണ്ട്. യെച്ചൂരിയെ പ്രതി ചേർത്ത് പൊലീസ് പുറത്തിറക്കിയ കുറ്റപത്രം രാജ്യത്ത് ഫാസിസ്റ്റ് ധാർഷ്ട്യം എവിടെയെത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ പ്രതികരിച്ചു. ഉന്നത ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഡൽഹി പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംകെ മുനീറിന്റെ പ്രതികരണം. മനുഷ്യവകാശ സംഘങ്ങളുടേയും പ്രതിപക്ഷപാർട്ടികളുടേയും സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും ഭയവും അസഹിഷ്ണുതയും കൊണ്ട് നേരിടുകയാണ് കേന്ദ്രസർക്കാരെന്ന് മുനീർ പറഞ്ഞു.
ഇത്തരം നീക്കങ്ങൾ ഒരു ജനാധിപത്യരാജ്യത്തിന് ചേർന്നതല്ലെന്നും അടിച്ചമർത്തൽ രീതികൾ കൊണ്ട് ജനാധിപത്യപോരാട്ടങ്ങളെ തളർത്താമെന്നുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ടയ്ക്കു മുന്നിൽ രാജ്യത്തെ സെക്കുലർ സമൂഹം ഭയപ്പെട്ട് പിന്തിരിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ