ന്യൂഡൽഹി: മൂന്നാമനിൽ നിന്ന് ഒന്നാനാകാനാണ് സിപിഎമ്മിൽ സീതാറാം യച്ചൂരിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ രാഷ്ട്രീയ അവലോകനത്തിന്റെ കരടിനെതിരെ ബദൽ നിർദ്ദേശങ്ങൾ യച്ചൂരി മുന്നോട്ട് വയ്ക്കുന്നത്. ഇത്തവണത്തെ പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് സ്ഥാനമൊഴിയും. ഈ സാഹചര്യത്തിൽ അടുത്ത ജനറൽ സെക്രട്ടറി പദമാണ് യച്ചൂരി ലക്ഷ്യമിടുന്നത്. 

ഇ.എം.എസും ഹർകിഷൻ സിങ് സുർജിത്തും കൈക്കൊണ്ട അടവ് നയങ്ങളാണ് സിപിഎമ്മിന് വർത്തമാനകാലത്ത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കിയതെന്നാണ് പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് രേഖയിലുള്ളത്. ഇപ്പോഴത്തെ നേതൃത്വത്തിന്റെ പിടിപ്പുകേട് മറയ്ക്കാനാണിതെന്ന് അഭിപ്രായം പാർട്ടിയിൽ സജീവമാണ്. ഇവരുടെ പിന്തുണ ഉറപ്പിക്കാനാണ് യച്ചൂരി ബദൽ നിർദ്ദേശങ്ങൾ സമർപ്പിച്ചതെന്നാണ് സൂചന.

അതിനിടെ യച്ചൂരിയുടെ ബദലിനൊപ്പം രാഘവലുവും നിർദ്ദേശങ്ങൾ എഴുതി നൽകിയിട്ടുണ്ട്. ബൂർഷ്വാ പാർട്ടികൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതാണു തിരിച്ചടിയുണ്ടാക്കിയതെന്നാണ് പിബി അംഗം രാഘവലു സമർപ്പിച്ചിരിക്കുന്ന നിർദ്ദേശത്തിലുള്ളത്. ഇടതുമുന്നണിക്കൊപ്പം നിൽക്കുകയും ഇടതുമുന്നണി ശക്തിപ്പെടുത്താനുമാണു പാർട്ടി ശ്രമിക്കേണ്ടതെന്നും രാഘവലുമായി പറയുന്നു. പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്നതാണ് ഈ നിലപാട്. ഇതോടെ കേന്ദ്രകമ്മറ്റിയിൽ കരടിൽ ചൂടേറിയ ചർച്ചയുണ്ടാകുമെന്ന് ഉറപ്പായി.

കോഴിക്കോട് പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുത്തു. യച്ചൂരിയുടെ കൂടെ പിന്തുണയോടെയാമ് സുർജിത്തിന്റെ പിൻഗാമിയായി കാരാട്ട് എത്തിയത്. അതുകൊണ്ട് തന്നെ പാർട്ടിയിലെ രണ്ടാമൻ യച്ചൂരിയാണെന്നും വിലയിരുത്തലുണ്ടായി. വി എസ് അച്യുതാനന്ദൻ പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്തായതോടെ രണ്ടാം സ്ഥാനം യച്ചൂരി ഉറപ്പിക്കുകയും ചെയ്തു. എന്നാൽ കോഴിക്കോട് പാർട്ടി സമ്മേളനത്തിന് ശേഷം പുറത്തുവന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പട്ടികയിൽ യച്ചൂരി മൂന്നാമനായി. കാരാട്ടിന് ശേഷം മലയാളിയായ എസ് രാമചന്ദ്രൻ പിള്ളയുടെ പേരാണ് പാർട്ടി രേഖപ്പെടുത്തിയത്.

 

അതിനാൽ കാരാട്ടിന് ശേഷം ജനറൽ സെക്രട്ടറി പദത്തിലേക്ക് എത്തുകയെന്നത് എളുപ്പമല്ലെന്ന് യച്ചൂരി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് കരടിനെതിരെ ബദൽ അവതരണം. ഇത് ചർച്ചയാക്കി പാർട്ടിയിൽ മേധാവിത്വം നേടാനാണ് നീക്കം. പാർട്ടിയിലെ പാരമ്പര്യവാദികൾ പിന്തുണയ്ക്കുമെന്ന് കണക്ക് കൂട്ടുന്നു. വ്യക്താധിഷ്ഠിത നിലപാടുകളാണു പാർട്ടിക്കു തിരിച്ചടിയായതെന്നു സിപിഐ(എം) തയാറാക്കിയ കരടു രേഖയ്ക്കുള്ള ബദൽ നിർദ്ദേശത്തിൽ സീതാറാം യെച്ചൂരിയുടെ വിമർശനം.

പ്രകാശ് കാരാട്ടിനെ ഉന്നംവെക്കുന്നതാണു യെച്ചൂരിയുടെ നിലപാട്. കഴിഞ്ഞ 25 വർഷത്തെ പാർട്ടിയുടെ നയങ്ങൾ അവലോകനം ചെയ്തു പിബി തയാറാക്കിയ കരട് രേഖ ചർച്ച ചെയ്യാൻ നാലു ദിവസത്തെ സിപിഐ(എം) കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ തുടങ്ങിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ തയാറാക്കിയ കരട് രേഖ സിപിഐ(എം) ജന. സെക്രട്ടറി പ്രകാശ് കാരാട്ട് യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ 25 വർഷം പാർട്ടിയെടുത്ത നയങ്ങളിൽ പാളിച്ചയുണ്ടായി എന്നാണു പിബിയുടെ കരട് രേഖ ചൂണ്ടിക്കാട്ടുന്നത്.

ദേശീയ തലത്തിലും പ്രാദേശിക തലത്തിലും പാർട്ടി നയപരമായി കൈക്കൊണ്ട നിലപാടുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തു. മൂന്നാം മുന്നണി, യുപിഎ സർക്കാരിനെ പിന്തുണക്കാൻ തീരുമാനിച്ചത് തുടങ്ങിയവയെല്ലാം എല്ലാം തെറ്റായ നടപടിയെന്നു കരട് രേഖയിൽ വിലയിരുത്തുന്നു. എന്നാൽ, പാർട്ടിയുടെ നയങ്ങളില്ല, അതു നടപ്പിലാക്കിയ രീതിയിലാണ് തെറ്റെന്ന് സീതാറാം യെച്ചൂരി വാദിക്കുന്നു. പൊളിറ്റ് ബ്യൂറോയ്ക്ക് കൈമാറിയ ബദൽ നിർദ്ദേശങ്ങൾ കേന്ദ്ര കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ചർച്ചയ്ക്കായി വിതരണം ചെയ്തിട്ടുണ്ട്.

യച്ചൂരിയുടെ ബദലിന് കേന്ദ്രകമ്മറ്റിയിൽ ഭൂരിപക്ഷ പിന്തുണ കിട്ടുമോ എന്നതാണ് പ്രധാനം. പോളിറ്റ് ബ്യൂറോ നിർദ്ദേശങ്ങളിൽ തിരുത്തലുകൾക്ക് അവ വഴിയൊരുക്കിയാൽ പാർട്ടി നേതാക്കളുടെ മനസ്സ് യച്ചൂരിക്ക് അനുകൂമാണെന്ന സൂചന ലഭിക്കും. അങ്ങനെ വന്നാൽ അടുത്ത പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി യച്ചൂരി എത്താനുള്ള സാധ്യത കൂടും. അല്ലാത്ത പക്ഷം തന്റെ പിൻഗാമിയെ കാരാട്ട് നിശ്ചയിക്കുകയും ചെയ്യും. എന്തായാലും കേരളത്തിലേയും ബംഗാളിലേയും നേതാക്കളുടെ മനസ്സാകും നിർണ്ണായകം.