തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന സർക്കാർ കേസെടുത്തത് ഭരണഘടനാവിരുദ്ധമെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വിമർശനത്തിന് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. രാജ്‌നാഥ് സിങ് ആദ്യം ഭരണഘടന പഠിക്കണം. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഒരു കേന്ദ്ര ഏജൻസിക്കും ഇടപെടാനാകില്ലെന്നും യച്ചൂരി വ്യക്തമാക്കി.

കേരളത്തിൽ കോൺഗ്രസ് ബിജെപി ഡീൽ ആണെന്നും 35 സീറ്റ് കിട്ടിയാൽ അധികാരത്തിലെത്തുമെന്ന ബിജെപി വാദം അപകടകരമാണ്. തിരഞ്ഞെടുപ്പിൽ കേരളം ചരിത്രം സൃഷ്ടിക്കും, എൽഡിഎഫ് സർക്കാർ തുടരുമെന്നും യെച്ചൂരി പറഞ്ഞു.

ശബരിമലയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നതാണ് പരിശോധിക്കുക. കടകംപള്ളിയുടെ ഖേദ പ്രകടനത്തിൽ വിശദീകരണം തേടുമെന്നു മുഖ്യമന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്.

വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട. ജനശ്രദ്ധ തിരിക്കാൻ യുഡിഎഫും ബിജെപിയും വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും യച്ചൂരി ആരോപിച്ചു.