- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട് തീരത്ത് ചക്രവാതചുഴി; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; തമിഴ്നാട്ടിൽ മഴ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. നാളെയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. ഇത് ശക്തി പ്രാപിച്ച് വ്യാഴ്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ കനത്ത മഴ പെയ്യുന്നുണ്ട്. കനത്ത മഴയിൽ ചെന്നൈയിൽ താഴ്ന്ന ഇടങ്ങൾ വെള്ളത്തിലാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചെന്നൈയുടെ സമീപ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടവിട്ട് പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസമാവുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇറങ്ങിയിട്ടില്ല. നൂറ് കണക്കിന് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. മഴ തുടർന്നാൽ ചെമ്പരമ്പാക്കം തടാകത്തിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടേണ്ടി വരും. ടി നഗർ നുംഗമ്പാക്കം ഗിണ്ടി അടക്കം താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളക്കെട്ടിലാണ്.
സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. സ്കൂളുകൾക്ക് രണ്ട് ദിവസത്തേക്ക് അവധിയാണ്. മുഖ്യമന്ത്രി സ്റ്റാലിനുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രസഹായം ഉറപ്പ് നൽകിയിരുന്നു. വിവിധയിടങ്ങളിൽ മരം വീണും കെട്ടിടം തകർന്നും നാശനഷ്ടങ്ങളുണ്ടായി. ചെങ്കൽപ്പേട്ട് കാഞ്ചീപുരം അടക്കം സമീപ ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം
മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം മുബൈ തീരത്ത് നിന്ന് 840 കിലോമീറ്റർ പടിഞ്ഞാറ് തെക്ക് പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 800 കിലോമീറ്റർ പടിഞ്ഞാറ്, തെക്ക് - പടിഞ്ഞാറ് അകലെ സ്ഥിതി ചെയ്യുന്നു. തീവ്ര ന്യുനമർദ്ദം അടുത്ത 36 മണിക്കൂർ കൂടി പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നാളെ രാവിലെയോടെ ശക്തി കുറഞ്ഞ് ന്യുനമർദ്ദമായി മാറും. ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ തീരത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കടലിൽ പോകരുതെന്ന് നിർദ്ദേശം
ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദ സ്വാധീനഫലമായി കേരളത്തിൽ നവംബർ 10, 11 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യുനമർദ്ദം നിലനിൽക്കുന്നതിനാൽ മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിലും നവംബർ 9 വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിന്നാൽ നിലവിൽ ആഴക്കടലിൽ മത്സ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ നവംബർ 09 നുള്ളിൽ തീരത്തേക്ക് മടങ്ങി വരേണ്ടതാണ്. മാത്രമല്ല നവംബർ 9,10 ദിവസങ്ങളിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും നവംബർ 10, 11 ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കു തമിഴ്നാട്ആന്ധ്രാ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ