മനാമ: രാജ്യത്തെ ട്രാഫിക് ജങ്ഷനുകളിലെ മഞ്ഞ ബോക്‌സ് (യെല്ലോ ബോക്‌സ്) നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് ഒന്നു മുതൽ നിയമലംഘകർക്ക് 20 ദിനാർ പിഴ ചുമത്തും.

ജങ്ഷനുകളിലെ യെല്ലോ ബോക്‌സുകളിലേക്ക് വണ്ടി കയറ്റി നിർത്തുന്നതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ ദേശവ്യാപകമായി നടന്നുവരികയാണ്. സോഷ്യൽ മീഡിയയിലും കാമ്പയിൻ നടക്കുന്നുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ സ്മാർട് കാമറകൾ ഉപയോഗപ്പെടുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വക്താവ്
അറിയിച്ചു.

സിഗ്‌നലുകൾ ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നവർക്ക് മേലാണ് പിടിവീഴുക. ഇത് പുതിയ നിയമമല്ലെങ്കിലും മെയ്‌ ഒന്നുമുതൽ കർശനമായി നടപ്പാക്കാനാണ് തീരുമാനം. രാജ്യത്തുടനീളമുള്ള ജങ്ഷനുകളിൽ 30ലധികം യെല്ലോ ബോക്‌സുകളാണുള്ളത്. ഇവിടുത്തെ ഗതാഗതക്കുരുക്ക് കുറക്കാനും അപകടം ഒഴിവാക്കാനുമാണ് േെയല്ലാ ബോക്‌സ് വരക്കുന്നത്.