വിന്ററിന്റെ വരവറിയിച്ചെത്തിയ മഞ്ഞ് വീഴ്‌ച്ചയും മൂടൽമഞ്ഞും മഴയുമൊക്കെയായി അയർലന്റ് തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താപനില നാല് ഡിഗ്രിയിൽ താഴ്ന്നതോടെ കനത്ത തണുപ്പ് പിടിമുറുക്കിക്കഴിഞ്ഞു. പല പ്രദേശങ്ങളിലും മഞ്ഞ് വീഴ്‌ച്ച ശക്തമായതിനാൽ യെല്ലോ വാണിങ് നിലിനില്ക്കുന്നുണ്ടെന്ന് മെറ്റ് ഐറാൻ അറിയിച്ചു. മോട്ടോറിസ്റ്റുകൾ കരുതലെടുക്കേണ്ടതാണ്.

കിൽക്കെനി,കാർലോ,പോർട്ട്ലീഷ്,എന്നിസ് കോർത്തി,റോസ് കോമൺ,തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇന്ന് രാവിലെ പൂജ്യത്തിൽ താഴെയാണ് താപനില.രാത്രിയിൽ ഇത് മൈനസ് നാല് വരെ താഴ്ന്നിരുന്നു.ബ്ളാക്ക് ഐസിനു സാധ്യത ഉള്ളതിനാൽ റോഡിൽ കൂടുതൽ ശ്രദ്ധയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യണമെന്ന് റോഡ് സേഫ്റ്റി അഥോറിറ്റി ഓർമ്മപ്പെടുത്തുന്നു.

ബ്ളാക്ക് ഐസ് പെട്ടന്ന് ശ്രദ്ധയിൽ പെടാത്തതിനാൽ അനുയോജ്യമായ ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. കാറിൽ ഒരു സ്‌ക്രീൻ സ്‌ക്രാപ്പും ഡി-ഐസറും സജ്ജീകരിക്കുന്നതും നല്ലതാണെന്നും ആർ.എസ്.എ പറയുന്നു. മഞ്ഞ് വീഴ്‌ച്ചയക്കൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും ദുരിതം വിച്ചിട്ടുണ്ട്.ഡബ്ലിൻ നഗരത്തിൽ വിവിധ സ്ഥലങ്ങളിലും വെള്ളം കയറി ഗതാഗത തടസം ഉണ്ടാക്കി.കനത്ത മഴയാണ് ഡബ്ലിൻ,കിൽഡെയർ കൗണ്ടികളിലും പെയ്തത്. മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ വൃത്തങ്ങൾ അറിയിച്ചു.