ജിദ്ദ: യെമനെ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ മിസൈൽ ആക്രമണം തുടരുന്നു. യെമനിലെ തിരക്കേറിയ ചന്തരയിലേക്ക് സൗദി മിസൈൽ ആക്രമണം നടത്തി. 25 പേർ കൊല്ലപ്പെട്ടു. ഇതിൽ കുട്ടികളും പെടുന്നു. യെമനെതിരെ സൗദി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 48 മണിക്കൂറിനിടെ 70ഓളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ ഈ മേഖലയിൽ യുദ്ധം അനിവാര്യതയായി മാറുകയാണ്.

ആൾക്കുട്ടങ്ങളുള്ള സ്ഥലത്തേക്കുള്ള സൗദിയുടെ മിസൈൽ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സൗദിയുടെ നേതൃത്വത്തിലെ ആക്രമണത്തിനിടെ യെമനിലെ ആശുപത്രികളും ചന്തകളും പലപ്പോഴും ദുരന്തസ്ഥലങ്ങളായി മാറിയിട്ടുണ്ട്. ഹുത്തി വിമതരെ പ്രതിരോധിക്കാനുള്ള സൈനിക നീക്കം സൗദി തുടരുകയാണ്. ചെങ്കടൽ തീരത്തേക്കാണ് ഇരു കൂട്ടരും നീങ്ങുന്നത്.

യെമൻ മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ (75) ഹൂതികൾ വധിച്ചതിനു പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്. ഇറാൻ പിന്തുണയുള്ള ഹൂതികളുമായി സഖ്യം അവസാനിപ്പിച്ചു സൗദി പക്ഷത്തേക്കു കൂറുമാറിയ സാലിഹിനെ കഴിഞ്ഞാഴ്ചയാണു ഹൂതികൾ കൊലപ്പെടുത്തത്. ഇതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. ഇത് യുദ്ധത്തിലേക്ക് മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

നേരത്തെ സൗദി രാജകൊട്ടാരത്തെ ലക്ഷ്യമിട്ട് യെമനിലെ ഹുതി വിഭാഗം നടത്തിയ മിസൈൽ ആക്രമണം സൗദി പരാജയപ്പെടുത്തിയിരുന്നു. റിയാദിലെ യമാനാ കൊട്ടാരം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സൗദി പുറത്തുവിട്ടിരുന്നു. നവംബർ നാലിന് ശേഷം ഇതു രണ്ടാം തവണയാണ് സൗദി തലസ്ഥാനത്തെ ലക്ഷ്യമിട്ട് ഹുതികൾ മിസൈൽ ആക്രമണം നടത്തുന്നത്. അന്നു റിയാദിലെ വിമാനത്താവളത്തിനു നേരേ നടന്ന മിസൈൽ ആക്രമണവും പരാജയപ്പെടുത്തിയിരുന്നു. സൗദി രാജാക്കന്മാർ വിദേശ പ്രതിനിധികളെയടക്കം സ്വീകരിക്കുന്നതും ഉന്നതതല കൂടിക്കാഴ്ചകൾ നടത്തുന്നതും യമാനാ കൊട്ടാരത്തിലാണ്. ഇതിനുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണം.

നേരത്തെയും ഹൂതി നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് സനായുടെ കിഴക്കൻ ഭാഗത്തെ പൊലീസ് ക്യാംപിനു നേരെ നടന്ന ആക്രമണത്തിൽ തടവുകാർ ഉൾപ്പെടെ 39 പേർ കൊല്ലപ്പെട്ടു. തൊണ്ണൂറിലേറെ പേർക്കു പരുക്കേറ്റു. 180ലേറെ തടവുകാരുണ്ടായിരുന്ന ക്യാംപിനു നേരെ ഏഴുവട്ടം ആക്രമണം നടന്നു.

ഇതിനിടെ, യെമനുമായുള്ള നയതന്ത്രബന്ധം റഷ്യ താൽക്കാലികമായി അവസാനിപ്പിച്ചു. യെമനിലെ സാഹചര്യം കണക്കിലെടുത്ത് റഷ്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ മടക്കി വിളിച്ചെന്നും അവർ യെമൻ വിട്ടെന്നും റഷ്യ അറിയിച്ചു.