കൊച്ചി: ആഭ്യന്തര കലാപം രൂക്ഷമായ യെമനിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പേർ തിരിച്ചെത്തി. യെമനിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും തിരുവനന്തപുരത്ത് എത്തിയ റൂബിൻ ജേക്കബ് ചാണ്ടി പറഞ്ഞു. രണ്ട് മലയാളികൾ കൊച്ചിയിലുമെത്തി. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി ജേക്കബ് കോര എന്നിവരാണ് തിരിച്ചെത്തിയത്.

സ്വന്തം ചെലവിലാണ് തിരിച്ചെത്തിയതെന്ന് ലിജോ ജോർജ്ജ്. എംബസിയുടെ സഹായം ഉണ്ടായിരുന്നെന്നും ലിജോ പറഞ്ഞു. സ്ഥിതിഗതികൾ ഗുരുതരമാണെന്ന് പറഞ്ഞ ജേക്കബ് കോര ഇന്ത്യക്കാർ ഭീതിയിലെന്നും കൂട്ടിച്ചേർത്തു. ദോഹയിൽ നിന്നു പുറപ്പെട്ട ഏതാനും മലയാളികൾ തിരുവനന്തപുരം, കൊച്ചി, മുംബൈ വിമാനത്താവളങ്ങളിൽ ഉടൻ എത്തുമെന്നാണ് സൂചന. സംഘർഷ മേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം 80 ഇന്ത്യക്കാർ രക്ഷപ്പെട്ടിരുന്നു. ഇതിൽ 15 മലയാളികളാണ് ദോഹയിൽ നിന്ന് പല സംഘങ്ങളായി നാട്ടിലേക്ക് മടങ്ങുന്നത്. മൂവായിരത്തോളം മലയാളികളാണ് യെമനിലുള്ളത്. ഇതിൽ 2100 പേർ തിരിച്ചുവരാൻ തയ്യാറാണ്.

അതിനിടെ യെമനിൽ നിന്ന് ഇന്ത്യാക്കാരെ മടക്കി അയയ്ക്കാൻ എംബസി ഉദ്യോഗസ്ഥർ ആയിരം ഡോളർ വാങ്ങുന്നവെന്ന വാർത്ത പ്രവാസി മന്ത്രി കെസി ജോസഫ് നിഷേധിച്ചു. കേന്ദ്ര സർക്കാരും വേണ്ടെതെല്ലാം ചെയ്യുന്നുണ്ട്. പണം വാങ്ങി കയറ്റിവിടുന്നുവെന്നത് അഭ്യൂഹം മാത്രമാണ്. ആശങ്കയുണ്ടാക്കുന്ന വാർത്തകൾ പടച്ചുവിടരുത്. യെമിൽ നിന്ന് ഡൽഹി വരെ സൗജന്യമായി എത്തിക്കാനാണ് എംബസി ശ്രമിക്കുന്നത്. ഡൽഹിയിലെത്തുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ സംസ്ഥന സർക്കാർ ചെലവ് വഹിക്കുന്നതും പരിഗണനയിലുണ്ട്-മന്ത്രി കെസി ജോസഫ് വിശദീകരിച്ചു. ശമ്പള കുടിശികയ്ക്കായും ആരും കാത്ത് നിൽക്കരുത്. അത്ര സ്‌ഫോടനാത്മകമാണ്. എത്രയും വേഗം മടങ്ങുക. രേഖകൾ ഉണ്ടെങ്കിൽ ശമ്പള കുടിശിക കേരള സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി

അഞ്ചു ദിവസമായി കനത്ത വ്യോമാക്രമണമാണെന്നും ഉൾനാടൻ പ്രദേശങ്ങളിൽ അനേകം മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. എംബസിയുടെയും സർക്കാരിന്റെയും സഹായത്തോടെയാണ് നാട്ടിലെത്തിയതെന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ റൂബൻ പറഞ്ഞു. മലയാളികൾ ഉൾപ്പെടെ 3600 ഇന്ത്യാക്കാർ യെമനിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ പലരും താമസ സ്ഥലത്തു തന്നെ കുടുങ്ങിയിരിക്കുകയാണ്. ശേഖരിച്ച വെള്ളവും ഭക്ഷണവും തീർന്നതോടെ കാര്യങ്ങൾ കൂടുതൽ ദുരിതത്തിലാകും. കഴിഞ്ഞ അഞ്ചു ദിവസമായി ഇവി െരൂക്ഷമായ വ്യോമാക്രമണമാണ് നടക്കുന്നത്. മലയാളികൾ കൂടുതലുള്ള സനാ, സാഡ, ഹോഡിഡാ എന്നീ പ്രവിശ്യകളിൽ കനത്ത് വ്യോമാക്രമണമാണ്.

അതേസമയം യമനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ തുടങ്ങി. ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ട് കപ്പലുകൾ കൊച്ചിയിൽ നിന്നു പുറപ്പെട്ടു. കൊച്ചിയിൽ നിന്നു കോറൽ, കവറത്തി എന്നീ രണ്ട് കപ്പലുകളാണ്, യെമനിൽ നിന്ന ഇന്ത്യക്കാരെ കൊണ്ടുവരാനായി പുറപ്പെട്ടത്. ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുകയായിരുന്ന കവറത്തി എന്ന കപ്പൽ തിരിച്ചു വിളിച്ചാണ് യെമനിലേക്ക് അയച്ചത്. അഞ്ച് മുതൽ ഏഴ് ദിവസം വരെ സമയമെടുത്ത് മാത്രമേ ഈ കപ്പൽ യെമനിൽ എത്തുകയുള്ളൂ.

തെക്കൻ യെമനിൽ ഹൂതികളും സുന്നി ഗോത്രവർഗ പോരാളികളും തമ്മിൽ പോരാട്ടം രൂക്ഷമായിട്ടുണ്ട്. ഇതുവരെ നടന്ന വ്യോമാക്രമണത്തിൽ 35 പേരാണ് കൊല്ലപ്പെട്ടതായിട്ടാണ് വിവരം. 88 പേർക്കു പരുക്കേറ്റു. ഉഗ്ര പോരാട്ടം നടക്കുകയാണെന്നു പ്രദേശവാസികൾ പറഞ്ഞു. യെമൻ സൈന്യവും ഹൂതികളും തമ്മിൽ ഏഡനിൽ ഇന്നലെ വൻ പോരാട്ടം നടന്നു. യെമൻ മുതൽ ലിബിയ വരെ സുരക്ഷാഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംയുക്ത സേന രൂപീകരിക്കാൻ ഈജിപ്തിൽ ചേർന്ന അറബ് ഉച്ചകോടി തീരുമാനിച്ചു.