യെമനും സൗദിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ യെമനിലെ നിരവധി കുട്ടികൾ വെള്ളവും ഭക്ഷണവുമില്ലാതെ പിടയുന്ന ദയനീയ ചിത്രങ്ങൾ പുറത്ത് വന്നു. സൗദി ഇനിയും കരുണ കാണിച്ചില്ലെങ്കിൽ ലോകത്തെ ഏറ്റവും ദയനീയമായ പട്ടിണി മരണങ്ങളും കോളറ ബാധയും യെമനിലുണ്ടാകുമെന്നുറപ്പാണ്. സൗദി പോർട്ടുകൾ അടച്ച് പൂട്ടിയതോടെ യെമനിൽ ശുദ്ധജലം കിട്ടാതെ വലയുന്നത് ലക്ഷക്കണക്കിന് പേരാണ്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ ഈ മഹാദുരന്തം ഇനിയും രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായാണ് റെഡ്ക്രോസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അതിന് നേരെ കണ്ണടയ്ക്കുകയാണ് അറബ് രാഷ്ട്രങ്ങൾ ചെയ്യുന്നത്.

യെമനിലെ ഒരു മാൽന്യൂട്രീഷ്യൻ സെന്ററിൽ കഴിയുന്ന മരണത്തിനും ജീവിത്തതിനും ഇടിൽ പിടയുന്ന അനേകം ചെറിയ കുട്ടികളുടെ ഹൃദയഭേദകമാ ചിത്രങ്ങൾ ഇവിടുത്തെ ദുരന്തം എത്രത്തോളം ഭീകരമാണെന്ന് ലോകത്തിന് മുന്നറിയിപ്പേകുന്നുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യം പുട്ടിയ പോർട്ടുകൾ ഇനിയും തുറന്നിട്ടില്ലെങ്കിൽ യെമനിൽ ആയിരക്കണക്കിന് പേർ ദിവസം തോറും മരിച്ച് വീഴുമെന്നാണ് യുഎസ് ഫണ്ട് നൽകിയ ഒരു സർവേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. യെമനിലെ ജനപ്പെരുപ്പേമേറിയ വിവിധ നഗരങ്ങളിൽ കഴിയുന്ന 2.5 മില്യൺപേർ കുടിവെള്ളം പോലുമില്ലാതെ നരകിക്കുന്നുവെന്നാണ് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇതിനെ തുടർന്ന് ഇവിടെ കോളറ പടർന്ന് പിടിക്കാനും സാധ്യതയേറെയാണ്. രാജ്യത്തെ ഏഴ് മില്യണോളം പേർ ഇപ്പോൾ തന്നെ കടുത്ത ക്ഷാമത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. പോർട്ടുകൾ ഇനിയും അടഞ്ഞ് കിടന്നാൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഇവിടെ എന്താണ് സംഭവിക്കുകയെന്ന് പറയാൻ വയ്യെന്നാണ് ദി ഫെമിൻ ഏർലി വാണിങ് സിസ്റ്റംസ് നെറ്റ് വർക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇതിനെ തുടർന്ന് ജലത്തിനും ഭക്ഷണത്തിനും സ്വർണവിലയാവുകയും ചെയ്യും. മരുന്നുകളുടെ ലഭ്യതയില്ലായ്മ മൂലം മഹാരോഗങ്ങൾ എളുപ്പം പടർന്ന് പിടിക്കാനും വഴിയൊരുങ്ങും.

യെമനിലെ 26 മില്യൺ പേരിൽ 17 മില്യൺ പേർ ഭക്ഷണക്കാര്യത്തിൽ അനിശ്ചിത്വം അനുഭവിക്കുന്ന അവസ്ഥയിലാണെന്ന് ഈ സർവേയിലൂടെ വെളിപ്പെട്ടിരിക്കുന്നു. ഇതിന് പുറമെ നിലവിൽ ഏഴ് മില്യണോളം പേർ ഇപ്പോൾ തന്നെ മറ്റുള്ളവർ വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തുന്നതെന്ന് ദി വേൾഡ് ഫുഡ് പ്രോഗ്രാം വെളിപ്പെടുത്തുന്നു. സൗദിയുടെ നേതൃത്ത്വത്തിലുള്ള സേനാസഖ്യം നവംബർ 6നാണ് ഇവിടേക്കുള്ള വായു, ജലം, കര വഴികളിലൂടെയുള്ള എല്ലാ മാർഗങ്ങളും അടച്ചിരിക്കുന്നത്. സൗദി തലസ്ഥാനത്ത് നിന്നും ഹുതി വിമതർ ഇറാന്റെ പിന്തുണയോടെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മിസൈൽ അയച്ചതിനുള്ള പ്രതികാരമാണ് സൗദി ഇത്തരത്തിൽ വീട്ടുന്നത്.