റിയാദ്: നിയമവിരുദ്ധമായി മാനുകളെ സ്വന്തമാക്കി വളർത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമൻ സ്വദേശി സൗദി അറേബ്യയിൽ പിടിയിൽ. രണ്ട് ഡസനോളം മാനുകളെയും കാട്ടാടുകളെയും ഒരു ട്രക്കിൽ കടത്തുന്നതിനിടെയാണ് 30കാരനെ അറസ്റ്റ് ചെയ്തത്.


ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽദായിറിൽ വച്ചാണ് യെമൻ സ്വദേശി സുരക്ഷ വകുപ്പുകളുടെ പിടിയിലായത്. വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികൾക്ക് വളർത്താനോ മറ്റൊരിടത്തേക്ക് കടത്തി കൊണ്ട് പോകാനോ അനുമതിയില്ല. ഇത് കുറ്റകരമാണ്. മാനുകളെയും കാട്ടാടുകളെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

പിടിയിലായ യെമൻ പൗരനെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്. പരിസ്ഥിതിക്കെതിരായ കയ്യേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ് പ്രവിശ്കളിൽ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിൽ 999,996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് ജിസാൻ പൊലീസ് വക്താവ് ആവശ്യപ്പെട്ടു.