സന: ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ നിന്നും മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകൾ നാട്ടിലേക്ക് തിരിച്ചു. യെമനിലെ ഇന്ത്യൻ എംബസി അടച്ചുപൂട്ടിയതോടെ കപ്പൽ മുഖേനയുള്ള രക്ഷാപ്രവർത്തനങ്ങളാണ് ഇന്ത്യ നടത്തുന്നത്. അതിനിടെ സന വിമാനത്താവളം ഹൂതി വിമതർ പിടിച്ചെടുത്തു. ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പലിൽ മലയാളി നഴ്‌സുമാർ അടക്കമുള്ളവരുണ്ട്. ഈ മാസം പതിനെട്ടിന് കപ്പലുകൾ കൊച്ചിയിൽ എത്തിച്ചേരും. അതേസമയം ഇന്ത്യയിലേക്ക് പുറപ്പെട്ട എം വി കവരത്തി കപ്പലിൽ 75 യെമൻ സ്വദേശികളും അഭയാർത്ഥികളായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നത്. രക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ അധികൃതരുടെ മുന്നിൽ എത്തിയതോടെ കപ്പലിൽ രക്ഷപെടാൻ അവസരം ഒരുക്കുകയായിരുന്നു.

നേരത്തെ വ്യോമയാന മാർഗമുള്ള ഒഴിപ്പിക്കൽ നടപടി ഇന്ത്യ നിർത്തി വച്ചതോടെ കപ്പലുകൾ മാത്രമാണ് യമൻ വിടുന്നവർക്ക് ആശ്രയം. ജിബൂട്ടിയിൽ നിന്ന് പുറപ്പെട്ട രണ്ടു കപ്പലുകളിൽ നൂറ്കണക്കിന് മലയാളികളാണുള്ളത്. ഔദ്യോഗികമായ ഒഴിപ്പിക്കൽ നടപടികൾ അവസാനിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ശേഷവും മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ യമനിൽ നിന്നുള്ള ഒഴുക്ക് തുടരുകയാണ്. സനയിൽ നൂറുകണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങി പോകാൻ കഴിയാതെ ദുരിതം അനുഭവിക്കുന്നത്. ഇവരിൽ പലരോടും ഹുദൈദ തുറമുഖത്തേക്ക് നീങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഇന്ത്യൻ കപ്പൽ വരുന്നതും കാത്ത് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്ന മലയാളികളും അവിടെയുണ്ട്. എന്നാൽ ഇന്ത്യൻ എംബസി അടച്ചുപൂട്ടിയതോടെ എപ്പോൾ കപ്പൽ വരുമെന്ന് അറിയാൻ പോലും സാധിക്കാത്ത വിധത്തിലായിരുന്നു ഇവിടെയുള്ള മലയാളികൾ. നിരവധി മലയാളികളാണ് ഹുദൈദയിൽ കപ്പൽ പുറപ്പെടുന്നതും കാത്തുകഴിയുന്നത്. അടച്ചുപൂട്ടിയ എംബസി ഉദ്യോഗസ്ഥരെ സൈനിക വിമാനത്തിൽ ഇന്നു തന്നെ സനയിൽ നിന്ന് ജിബൂട്ടിയിൽ എത്തിക്കുമെന്നാണ് വിവരം.

അതിനിടെ യെമനിൽ യുദ്ധം വ്യാപിപ്പിക്കാത്ത മേഖലയിൽ നിന്നും ഒഴിഞ്ഞുപോകാൻ തയ്യാറാകാതെ നിരവധി മലയാളികൾ അവിടെ തന്നെ കഴിയുന്നുണ്ട്. ഇപ്പോൾ ശാന്തമായ ഇവിടെ യുദ്ധം എപ്പോൾ വ്യാപിക്കുമെന്ന് അറിയില്ല. എന്നാൽ, തങ്ങൾ സുരക്ഷിതരാണെന്ന ബോധ്യത്തിലാണ് ഇവർ ഇവിടെ കഴിയുന്നത്. യുദ്ധം തുടരുന്ന വടക്കൻ യമനിലെ സഅദയിലുള്ള അസ്സലാം ആശുപത്രി ജീവനക്കാരായ 65 ഇന്ത്യക്കാരെ യമൻ, സൗദി ഇന്ത്യൻ എംബസികളുടെ സഹകരണത്തോടെ ഇന്നലെ ജിദ്ദയിലത്തെിച്ചിരുന്നു. ഇവർ പിന്നീട് നാട്ടിലേക്ക് തിരിച്ചു. മലയാളികളിൽ അവശേഷിക്കുന്ന 13 പേർ ഞായറാഴ്ച കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്രയാകും. മലയാളികളെ കൂടാതെ ആന്ധ്രയിൽനിന്ന് പത്തും ബിഹാറിൽനിന്ന് മൂന്നും മഹാരാഷ്ട്ര, തമിഴ്‌നാട് രണ്ടുവീതവും ആളുകളാണ് സംഘത്തിലുണ്ടായിരുന്നത്.

അതിനിടെ, യമനിൽ സൗദി സഖ്യശക്തികളുടെ വ്യോമാക്രമണം വീണ്ടും രൂക്ഷമായിട്ടുണ്ട്. റെഡ്‌ക്രോസ് സംഘത്തിന് യമനിൽ അനുമതി നൽകിയെങ്കിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഇറാന്റെ ഭാഗത്തു നിന്നും ഹൂതികൾക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.

ഹൂതികളെ സഹായിച്ചിരുന്ന രണ്ട് ഇറാൻ സൈനിക ഉദ്യോഗസ്ഥരെ പിടികൂടിയതായി യെമൻ സൈന്യം ഇന്നലെ അറിയിച്ചിരുന്നു. യെമനിലെ വിമതർക്ക് സാമ്പത്തിക ആയുധ സഹായം ഇറാൻ നൽകുന്നുവെന്ന സൗദിയുടെ ആരോപണം നിലനിൽക്കെയാണ് പുതിയ സംഭവവികാസങ്ങൾ. ആഭ്യന്തരകലാപം രൂക്ഷമായി തുടരുമ്പോൾ, ഹൂതികൾക്കൊപ്പം ഇറാൻ സൈന്യത്തിന്റെ സാന്നിധ്യം തെളിഞ്ഞാൽ അത് സൗദിക്കും ഇറാനുമിടയിലുള്ള ബന്ധം കൂടുതൽ വഷളാക്കാനാണ് സാധ്യത.