യുദ്ധക്കെടുതികൾ താറുമാറാക്കിയ യെമനിലേക്ക് പോവരുതെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് മലയാളികളുൾപ്പെടെ ഒട്ടേറെ നഴ്‌സുമാർ വീണ്ടും യെമനിൽ ജോലി ചെയ്യാൻ പോകുന്നതായി റിപ്പോർട്ട്. ലിബിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും ധാരാളം പോർ ജോലിക്കായി പോകുന്നുണ്ട്. ജീവനക്കാരെ കിട്ടാതായതോടെ ഇവിടങ്ങളിലെ ആശുപത്രികൾ നൽകുന്ന വമ്പൻ ശമ്പളവാഗ്ദാനമാണ് ഇവരെ ജോലിക്ക് പോകാൻ പ്രേരിപ്പിക്കുന്നത്.

അടുത്തിടെ യുദ്ധം കൊടുമ്പിരിക്കൊണ്ട യെമനിൽനിന്ന് കേന്ദ്രസർക്കാർ ഏറെ പണിപ്പെട്ടാണ് നഴ്‌സുമാരുൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിച്ചത്. ഇതിനുശേഷം യെമനിലേക്ക് പോകുന്നത് സൂക്ഷിക്കണമെന്ന നിർദ്ദേശം കേന്ദ്രം നൽകിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവവികാസങ്ങളോടെ, കേന്ദ്രം രണ്ടാമതും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

മലയാളികളാണ് യെമനിലേക്കും ഇറാഖിലേക്കും ലിബിയയിലേക്കും പോകാൻ കൂടുതലായി മുന്നോട്ടുവരുന്നത്. ശമ്പളം തന്നെയാണ് അതിന് കാരണം. ബാംഗ്ലൂരിൽ തനിക്ക് 10,000 രൂപയാണ് ശമ്പളം കിട്ടുന്നതെന്നും ഇറാഖിൽ തനിക്ക് 48,000 രൂപ ലഭിക്കുന്നുണ്ടെന്നും സിനിമോൾ എന്ന മലയാളി നഴ്‌സ് പറയുന്നു. സുരക്ഷാ ആശങ്കകൾ എല്ലായിടത്തും ഒരുപോലെയാണെന്നാണ് ഇവരുടെ പക്ഷം.

വൻതുക ലോണെടുത്ത് നഴ്‌സിങ് പഠിച്ചശേഷം തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമാണ് മലയാളി പെൺകുട്ടികളെ ഇത്തരം യുദ്ധമേഖലകളിൽപ്പോകാൻ നിർബന്ധിതരാക്കുന്നത്. മാത്രമല്ല, ഗൾഫിലും മറ്റും ജോലി ലഭിക്കുന്നതിന് ഒരുലക്ഷത്തിലേറെ രൂപ ഏജന്റുമാർക്കും നൽകേണ്ടിവരാറുണ്ട്.

ഏപ്രിലിൽ യുദ്ധത്തിനിടെ നാലായിരത്തോളം ഇന്ത്യക്കാരെയാണ് യെമനിൽനിന്ന് നാട്ടിലെത്തിച്ചത്. എന്നാൽ തിരിച്ചുവരാൻ തയ്യാറാകാതെ നൂറുകണക്കിനാളുകൾ അവിടെത്തന്നെ തുടർന്നു. ശമ്പളം പാതിയായിട്ടുപോലും നാട്ടിലെത്തിയാലുണ്ടാകുന്ന അവസ്ഥയോർത്ത് അവർ തുടരുകയായിരുന്നുവെന്ന് അധികൃതർതന്നെ സമമതിക്കുന്നു. എന്നാൽ, ഇസ്ലാമിക് സ്‌റ്റേറ് ഭീകരർ കഴിഞ്ഞയാഴ്ച ലിബിയൻ പട്ടണമായ സിർറ്റെയിൽ നാല് ഇന്ത്യക്കാരെ ബന്ദികളാക്കിയതോടെയാണ് കേന്ദ്ര സർക്കാർ ഈ രാജ്യങ്ങളിലേക്ക് പോകുന്നത് അപകടമാണെന്ന് സൂചിപ്പിച്ച് രണ്ടാമതും മുന്നറിയിപ്പ് നൽകിയത്.