- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽ കുടുങ്ങിയവരെ എത്തിക്കാൻ വികെ സിങ്; സൗദി രാജാവുമായി പ്രധാനമന്ത്രി മോദി ചർച്ചയും നടത്തി; ഇന്ത്യാക്കാരെ വേഗത്തിൽ എത്തിക്കാനാകുമെന്ന് പ്രതീക്ഷ; ദുരിതം മാറാതെ മലയാളി നേഴ്സുമാർ
ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമസേനയുടെയും നാവികസേനയുടെയും സഹായത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ചൊവ്വാഴ്ച മുതൽ തുടങ്ങും. ഇതിന് നേതൃത്വം നൽകാൻ വിദേശസഹമന്ത്രി ജനറൽ വി.കെ. സിങ് ചൊവ്വാഴ്ച യെമന്റെ അയൽരാജ്യമായ ജിബൂട്ടിയിലെത്തും. തിങ്കളാഴ്ച ന്യൂഡൽഹിയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാ
ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ വ്യോമസേനയുടെയും നാവികസേനയുടെയും സഹായത്തോടെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ചൊവ്വാഴ്ച മുതൽ തുടങ്ങും. ഇതിന് നേതൃത്വം നൽകാൻ വിദേശസഹമന്ത്രി ജനറൽ വി.കെ. സിങ് ചൊവ്വാഴ്ച യെമന്റെ അയൽരാജ്യമായ ജിബൂട്ടിയിലെത്തും. തിങ്കളാഴ്ച ന്യൂഡൽഹിയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ നിലയുറപ്പിച്ച രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് യെമൻ തലസ്ഥാനമായ സനായിലേക്ക് പോകും. സൗദി അറേബ്യ ഇവയ്ക്ക് പറക്കാനുള്ള അനുമതി നൽകാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് സംഘർഷമേഖലയിൽ സിവിലിയൻ വിമാനങ്ങൾക്ക് ഇതുവരെ അനുമതി നൽകിത്തുടങ്ങിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സൗദി രാജാവുമായി ഫോണിൽ ചർച്ച നടത്തി. ഇന്ത്യയുടെ നീക്കങ്ങൾക്ക് എല്ലാ പിന്തുണയും രാജാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
400 ഇന്ത്യക്കാരെ യെമനിലെ ഏദൻ തുറമുഖത്തുനിന്ന് കപ്പൽമാർഗം ചൊവ്വാഴ്ച ജിബൂട്ടിയിലെത്തിക്കും. അവിടെ നിന്ന് ഇവരെ കൊണ്ടു വരുന്നതിന് വ്യോമസേനയുടെ രണ്ട് സി17 വിഭാഗത്തിലെ ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ ജിബൂട്ടിയിലേക്ക് പുറപ്പെട്ടു. ഏദനിൽനിന്ന് വാടകയ്‌ക്കെടുത്ത കപ്പലിലാണ് ഇവരെ ജിബൂട്ടിയിലെത്തിക്കുന്നത്. സംഘർഷ മേഖലയിലുള്ള ഐ.എൻ. എസ്. സുമിത്രയ്ക്ക് പുറമേ, നാവികസേനയുടെ രണ്ട് കപ്പലുകൾ കൂടി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഉപയോഗിക്കും. ഐ.എൻ.എസ്. മുംബൈ, ഐ.എൻ.എസ്. തർക്കഷ് എന്നിവ ഇതിനായി വിട്ടുനൽകാൻ നാവികസേനയോട് ആവശ്യപ്പെട്ടു. സൗദിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സനായിൽ നിന്ന് നേരിട്ട് ഇന്ത്യക്കാരെ കൊണ്ടുവരുന്ന നടപടികൾ തുടങ്ങും.
അതിനിടെ യെമനിലെ കിഴക്കൻ പ്രദേശമായ മാരിബ്ബിലെ ജനറൽ ആശുപത്രിയിൽ 52 മലയാളി നഴ്‌സുമാർ കുടുങ്ങിയതായി ഇവിടെ വിവരം ലഭിച്ചു. കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ഏറെയും. ആശുപത്രിക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് ബോംബിങ് തുടങ്ങിയത്. അത്യന്തം ഭീതിദമായ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നത്. കരാർ അവസാനിക്കുന്നതിനെ തുടർന്ന് അടുത്ത മാസം കുറപ്പേർ മടങ്ങിപ്പോരാനിരിക്കുകയായിരുന്നു. നോർക്ക വകുപ്പുമായി ഇന്നലെ രാവിലെ തന്നെ ഇവർ ബന്ധപ്പെട്ടിരുന്നു.
ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള നിർദേശമാണ് കിട്ടിയതെന്നും അങ്ങനെ ചെയ്തപ്പോൾ തണുത്ത പ്രതികരണമാണ് ലഭിച്ചതെന്നും നഴ്‌സുമാർ പറയുന്നു. കലാപത്തെ തുടർന്ന് സ്ഥിതിഗതികൾ രൂക്ഷമായതോടെ നഴ്‌സുമാർ മടങ്ങിപ്പോരാൻ തീരുമാനിച്ചെങ്കിലും ജോലി പരിചയ സർട്ടിഫിക്കറ്റ്, ശമ്പളം തുടങ്ങിയ കാര്യങ്ങളിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. ഈ പ്രദേശത്ത് കുഴപ്പമൊന്നും ഉണ്ടാവില്ലെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. കാര്യങ്ങളിൽ വ്യക്തത വരുത്താനും മടങ്ങാനും നോർക്ക വകുപ്പും സംസ്ഥാന സർക്കാരും അടിയന്തിരമായി ഇടപെടണമെന്നതാണ് ഇവരുടെ ആവശ്യം.
അതിനിടെ യെമനിൽ കുടുങ്ങിയ മലയാളികളുടെ കാര്യം സുഷമയുമായും യെമനിലെ ഇന്ത്യാ അംബാസഡറുമായും നിരന്തരം ചർച്ച ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. പത്തു മാസത്തിനുള്ളിൽ നാലാമത്തെ ഒഴിപ്പിക്കലിനാണ് കേന്ദ്രസർക്കാർ നേതൃത്വം നൽകുന്നത്. ആദ്യം യുക്രൈനിലെയും തുടർന്ന് ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ സർക്കാർ മുൻകൈയെടുത്തിരുന്നു.
ആഭ്യന്തരകലാപം നടത്തിയിരുന്ന ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേന വ്യോമാക്രമണം തുടങ്ങിയതോടെ സംഘർഷം രൂക്ഷമായ യെമനിൽ ഏതുനിമിഷവും കരയുദ്ധവും ആരംഭിച്ചേക്കാമെന്ന സ്ഥിതിവിശേഷമാണെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. കരയുദ്ധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഈജിപ്തും മുന്നോട്ടു വന്നിട്ടുണ്ട്. സഖ്യസേനയുടെ പട്ടാളക്കാർ ഏതാനും ദിവസങ്ങൾക്കകം രാജ്യത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യെമൻ വിദേശകാര്യമന്ത്രി റിയാദ് യാസീൻ പറഞ്ഞു. കരയുദ്ധം ആരംഭിക്കുന്നതോടെ ഗൾഫ് മേഖലയിലെമ്പാടും അതിന്റെ പ്രതിഫലനമുണ്ടാകും.
സൗദി സഖ്യസേനയിൽ ഉൾപ്പെട്ട ഒമ്പത് രാജ്യങ്ങൾ ഇന്നലെയും വിമതർക്കെതിരെ ശക്തമായ വ്യോമാക്രമണം തുടർന്നു. സനയിൽ ഹൂതി വിമതരുടെ താവളങ്ങളിലും ആയുധപ്പുരകളിലുമായിരുന്നു ആക്രമണം. കരയുദ്ധം ആരംഭിക്കുമ്പോഴുള്ള പ്രത്യാഘാതം കനത്തതായിരിക്കുമെന്ന് കരുതുന്നു. ഹൂതി വിമതർ ഗറില്ലാ യുദ്ധമുറകൾ പരിശീലിച്ചിട്ടുള്ളവരാണെന്നതാണ് കാരണം. സൗദി അതിർത്തി കടന്നെത്തി ആക്രമണം നടത്താനും സാദ്ധ്യതയുണ്ട്. സൗദി അറേബ്യയിൽ ചാവേർ സ്‌ഫോടനം നടത്തുമെന്ന് നേരത്തേ തന്നെ ഹൂതി വിമതർ ഭീഷണി മുഴക്കിയിട്ടുണ്ട്.