സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും പ്രതിദിനം ലഭിക്കുന്നത് ഒന്നേകാൽ കോടി രൂപയുടെ കലക്ഷൻ. വെറും പതിനഞ്ച് ദിവസത്തിനുള്ളിൽ ചിത്രം 175 കോടി രൂപയാണ് കലക്ഷൻ നേടിയത്. സിനിമയുടെ റിലീസിന് മുൻപ് തന്നെ കോടികൾ വാരി ചരിത്രം സൃഷ്ടിച്ചിരുന്നു. തമിഴ് സൂപ്പർ സംവിധായകൻ ഷങ്കർ സംവിധാനം ചെയ്ത് രജനീകാന്ത്, എമി ജാക്‌സൺ, അക്ഷയ് കുമാർ എന്നിവർ അഭിനയിച്ച 2.0 യ്ക്ക് ഇപ്പോഴും തിയേറ്ററിൽ ഹൗസ് ഫുൾ ഷോകളാണ്.

റിലീസ് ദിവസം 64 കോടി രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ നിന്നും 2.0 സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 20.25 കോടിയാണ് ആദ്യദിനം വരുമാനമായി ലഭിച്ചത്. അതേസമയം ചെന്നൈ നഗരത്തിൽ റിലീസ് ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്നചിത്രം എന്ന ബഹുമതി 2.0 സ്വന്തമാക്കി. 2.64 കോടി രൂപയാണ് ചെന്നൈയിലെ ആദ്യദിനവരുമാനം. വിജയ് ചിത്രം സർക്കാർ നേടിയ 2.37 കോടിയുടെ റെക്കോർഡാണ് 2.0 മറികടന്നത്.

അമേരിക്കയിൽ നിന്നും 6.30 കോടിയും യുഎഇയിൽ നിന്നും 5.21 കോടിയുമാണ് ആദ്യദിന കളക്ഷനായി ചിത്രത്തിന് ലഭിച്ചത്. ആസ്‌ട്രേലിയയിൽ നിന്നും 58 ലക്ഷവും ന്യൂസിലാൻഡിൽ നിന്നും 11 ലക്ഷവും നേടി.  പ്രമുഖ സിനിമാ ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോയിലൂടെ റിലീസിന് മുൻപേ തന്നെ 12 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. നവംബർ 29-ന് ലോകമെന്പാടമുള്ള 10,500 സ്‌ക്രീനുകളിലായി ചിത്രം റിലീസ് ചെയ്തു.

2.0-യുടെ ദക്ഷിണേന്ത്യയിലെ കളക്ഷൻ ഇപ്രകാരമാണ്. കർണാടക- 7.26 കോടി, തമിഴ്‌നാട്-16.50 കോടി കേരളം- 4.15 കോടി, ആന്ധ്ര-തെലങ്കാന- 18.2 കോടി. കേരളത്തിൽ നിന്നും 4.15 കോടി രൂപയാണ് ആദ്യദിനം 2.0 സ്വന്തമാക്കിയത്. വിജയ് ചിത്രം സർക്കാർ (5.62 കോടി), ബാഹുബലി 2(5.45 കോടി), മെർസർ (4.65 കോടി) എന്നിവയാണ് കേരളബോക്‌സ് ഓഫീസിലെ കളക്ഷൻ റെക്കോർഡിൽ മുന്നിൽ നിൽക്കുന്ന അന്യഭാഷ ചിത്രങ്ങൾ.

അഞ്ഞൂറ് കോടിക്കും അറുന്നൂറ് കോടിക്കും ഇടയിലാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് എന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളിലെ വിതരണവകാശം, സാറ്റലൈറ്റ് റൈറ്റ്, മൊഴിമാറ്റം എന്നീ വകുപ്പുകളിലൂടെ ഏതാണ്ട് 340 കോടി രൂപ ചിത്രം ഇതിനോടം തിരിച്ചു പിടിച്ചിട്ടുണ്ട്.