കൊച്ചി: സാങ്കേതികവിദ്യാ അധിഷ്ഠിത സേവനങ്ങൾ അവതരിപ്പിച്ചു കൊണ്ട് റീട്ടെയിൽ ഉപഭോക്തൃ നിരയിൽ ശ്രദ്ധ പതിപ്പിക്കുമെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു. റിസർവ് ബാങ്ക് വായ്പ മുഴുവനായി അടച്ചു തീർത്ത ശേഷവും സാമ്പത്തിക പ്രകടനം, നിക്ഷേപ വളർച്ച എന്നിവയിൽ വൻ മെച്ചപ്പെടുത്തലാണ് ബാങ്ക് നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 60,000 അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഡിസംബർ-ജനുവരിയോടെ പ്രതിമാസം ഒരു ലക്ഷം അക്കൗണ്ടുകൾ എന്ന നിലയിലെത്താനാണ് ശ്രമം.

റിസർവ് ബാങ്കിന്റെ 50,000 കോടി രൂപയുടെ പ്രത്യേക വായ്പ പൂർണമായും തിരിച്ചടച്ച ബാങ്ക് ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ 129 കോടി രൂപ അറ്റാദായമുണ്ടാക്കിയെന്നും പ്രശാന്ത് കുമാർ ചൂണ്ടിക്കാട്ടി. കൂടുതൽ ചെറുകിട, എംഎസ്എംഇ, പേഴ്‌സണൽ വായ്പകൾ നൽകുന്നതിലായിരിക്കും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.