കൊച്ചി: കോളേജ് വിദ്യാർത്ഥികളടങ്ങുന്ന യുവതലമുറയ്ക്ക് കൊച്ചിയിൽ അടുത്തമാസം നടക്കുന്ന യുവ സംരംഭകത്വ ഉച്ചകോടി (യെസ്) യുടെ സന്ദേശം കൈമാറാനും സാധ്യതകൾ അവരെ ബോധ്യപ്പെടുത്തുതിനുമായി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന പ്രചാരണ വാഹനങ്ങൾ കേരളത്തിലെ കലാലയങ്ങൾ ലക്ഷ്യമാക്കി ഓടിത്തുടങ്ങി.

എറണാകുളം സെന്റ് തേരേസാസ് കോളേജിൽ ഇന്നലെ നടന്ന ചടങ്ങിൽ യെസ് റോഡ്‌ഷോയുടെ ഫ്‌ളാഗ് ഓഫ് സിനിമാതാരം റിമ കല്ലിങ്കൽ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ വിനീത, കെഎസ്‌ഐഡിസി എജിഎം സെബാസ്റ്റ്യൻ തോമസ്, കെഎസ്‌ഐഡിസി സ്‌പെഷൽ ഓഫീസർ ഗീവർഗ്ഗീസ്, ടൈ കേരള പ്രസിഡണ്ട് എ.വി.ജോർജ്, ടൈ കേരള ഹെഡ് ക്യാപ്റ്റൻ ചന്ദ്രശേഖർ, ടൈ കേരള മെമ്പർ ജ്യോതി അസ്വാനി, സിഐഐ കേരളചാപ്റ്റർ ഹെഡ് ജോ കുരുവിള, ലച്ച്മന്താസ് ഗ്രൂപ്പ് എംഡി ദീപക് അസ്വാനി തുടങ്ങിവരെ കൂടാതെ കോളേജ് വിദ്യാർത്ഥിനികളും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെ 70 കലാലയങ്ങളിലാണ് യെസ് പ്രൊമോഷണൽ റോഡ്‌ഷോ എത്തുക.

യുവതലമുറയിൽ സംരംഭകത്വ സംസ്‌ക്കാരം വളർത്തിയെടുക്കാനും കേരളത്തിൽ നിലവിലുള്ള എണ്ണമറ്റ സംരംഭകത്വ സാധ്യതകൾ അവതരിപ്പിക്കുന്നതിനുമാണ് 2014 സെപ്റ്റംബർ 12 ന് കൊച്ചിയിൽ യുവ സംരംഭകത്വ ഉച്ചകോടി (യെസ്) അങ്കമാലിയിലുളള ആഡ്‌ലക്‌സ് കവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നത്.

യുവ മനസ്സുകളിൽ സംരംഭകത്വ സ്വഭാവ രൂപീകരണം നടത്തുതിനുദ്ദേശിച്ചാണ് കെ എസ് ഐ ഡി സി പ്രസ്തുത ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇൻഫോപാർക്ക്, ടി ബി ഐ, ടെക്‌നോപാർക്ക്, കിൻഫ്ര, സ്റ്റാർ'#് അപ് വില്ലേജ്, ടൈ, സിഐഐ, കെഎഫ്‌സി തുടങ്ങിയ വ്യാവസായിക രംഗത്തെ ഇതര സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തമുറപ്പുവരുത്തിക്കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന യെസ് ഉച്ചകോടിയിലൂടെ യുവ സംരംഭകർക്ക് വിവിധതരം സഹായങ്ങളും അവസരങ്ങളും തുറന്നു കിട്ടും. മികവുറ്റ ആശയം മാത്രം കൈമുതലായി ആത്മവിശ്വാസത്തോടെ മുന്നോട്ടു വരുന്നവർക്ക് കാലതാമസമില്ലാതെ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് യുവസംരംഭകത്വ ഉച്ചകോടി വഴിയൊരുക്കും. സാമ്പത്തിക, സാങ്കേതിക സഹായ സഹകരണങ്ങളും ഈ രംഗത്തെ പരിചയ സമ്പന്നരായ വ്യക്തികളുടേയും സംഘടനകളുടേയും ഉപദേശവും മാർഗ്ഗ നിർദ്ദേശങ്ങളും യുവാക്കൾക്ക് ലഭിക്കും. സംസ്ഥാനത്തെ നൂറിലധികം കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളടക്കം 2000ല്പരം പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള സംരംഭകത്വ ദിനമായ സെപ്റ്റംബർ 12ന് കൊച്ചിയിൽ നടക്കുന്ന യെസ് ഉച്ചകോടി പൂർണ്ണ വിജയമാക്കുന്നത് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളാണ് കെ എസ് ഐ ഡി സി നടത്തി വരുന്നത്.