ചെന്നൈ: ദൈവഹിതമാണ് അവതാരപ്പിറവിക്ക് കാരണം. ദൈവഹിതമുണ്ടെങ്കിൽ തമിഴ്‌നാട്ടിൽ ഇനിയും അത് സംഭവിക്കും. ഭാവിയിൽ താൻ ഒരു രാഷ്ട്രീയക്കാരനാകില്ലെന്ന് പറയാനാകില്ലെന്നാണ് രജനികാന്ത് പറയുന്നത്. എട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രജനി മനസ്സ് തുറന്നത്. എന്താണ് തന്റെ മനസ്സിലെ രാഷ്ട്രീയമെന്നും രജനി ആരാധകരോട് പങ്കുവച്ചു കഴിഞ്ഞു. രാഷ്ട്രീയത്തെ ധനാഗമ മാർഗ്ഗമാക്കാത്ത രാഷ്ട്രീയമാകും താൻ അനുവർത്തിക്കുകയെന്നും രജിനി പറുയന്നു.

ഞാൻ ഒരു നടനാണ്. ദൈവഹിതവും അതാണ്. 21 വർഷങ്ങൾക്ക് മുൻപ് തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നു. ഒരു പാർട്ടിയെയും നിലവിൽ ഞാൻ പിന്തുണയ്ക്കുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ പൊതു സേവനം പണമുണ്ടാക്കുന്നതിന് ദുരുപയോഗം ചെയ്യുന്നവരെ പിന്തുണക്കില്ല. രാഷ്ട്രീയക്കാർ എന്റെ പേര് വോട്ട് ബാങ്കിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല- രജനി പറഞ്ഞു. ഈ വാക്കുകളിൽ എപ്പോൾ വേണമെങ്കിലും രജനി രാഷ്ട്രീയത്തിലെത്താമെന്ന സൂചനകളുള്ളതായി വിലയിരുത്തലുകളുണ്ട്. നിലവിലെ എഐഎഡിഎംകെ സർക്കാരിന് ഇനിയും നാല് കൊല്ലം അധികാരത്തിൽ തുടരനാകും. ഈ സാഹചര്യത്തിൽ തൽകാലം രാഷ്ട്രീയത്തിലേക്കില്ലെന്നും ആവശ്യമെങ്കിൽ പിന്നീട് സംഭവിക്കാമെന്നുമുള്ള നിലപാട് രജനി പരസ്യമാക്കുന്നത്.

അഖിലേന്ത്യാ മഹിളാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും നടിയുമായ നഗ്മ രാജനീകാന്തിനെ ചെന്നൈയിലെ വസതിയിൽ എത്തി സന്ദർശിച്ചതിനെ തുടർന്ന് തമിഴ് സൂപ്പർതാരത്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് വീണ്ടും അഭ്യൂഹങ്ങൾ പരന്നിരുന്നു. രജനികാന്ത് കോൺഗ്രസ്സിൽ ചേർന്നേക്കുമെന്നാണ് പുതിയ വാർത്ത. നേരത്തെ രാജനീകാന്ത് ബിജെപി പാളയത്തിലേക്ക് പോകുന്നു എന്നൊരു വാർത്തയുണ്ടായിരുന്നു. തെക്കേ ഇന്ത്യയിൽ തങ്ങൾക്ക് അടിത്തറയില്ലാത്ത തമിഴ്‌നാട്ടിൽ നേട്ടങ്ങൾ കൊയ്യാൻ രാജനീകാന്തിന്റെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്ന് ബിജെപി കണക്ക് കൂട്ടിയിരൂന്നു. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയുമായി അടുത്ത സൗഹൃദം രജനിക്കുണ്ട്. ഈ സാഹചര്യങ്ങളിൽ പലവിധ അഭ്യൂഹങ്ങൾ പടർന്നിരുന്നു. അതുകൊണ്ട് തന്നെ രജനിയുടെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യവും കൽപ്പിച്ചു.

അതേ സമയം ജയലളിതയുടെ മരണത്തോടെ രജനികാന്ത് പുതിയ പാർട്ടിയുമായി രംഗപ്രവേശം ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു. പ്രത്യേകിച്ചും എഐഎഡിഎംകെ അന്തച്ഛിദ്രങ്ങളിൽ പെട്ടുകിടക്കുന്നതും അഴിമതികറകളിൽ നിന്ന് ഡിഎംകെ മോചനം നേടാത്തതും പുതിയ ഒരു പാർട്ടിക്ക് അനുകൂല സാഹചര്യമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇതിനിടെയാണ് ആരാധകരുമായുള്ള സംവാദത്തിന് രജിനി എത്തിയത്.

എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം രജനികാന്ത് ആരാധകർക്കൊപ്പം സമയം ചെലവിടുന്നത്. 15 മുതൽ 19 വരെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ആരാധകർക്കൊപ്പം സമയം ചെലവിടും. രജിനിക്കൊപ്പം സെൽഫിയെടുക്കാനും ആരാധകർക്ക് അനുമതിയുണ്ട്. എന്നാൽ താരത്തോട് ചോദ്യങ്ങൾ പാടില്ല. കഴിഞ്ഞ മാസത്തിൽ ഇത്തരമൊരു ചടങ്ങ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. ശിവാജിക്കു തീയറ്ററുകളിലെത്തിയതിനു പിന്നാലെ 2008 ലായിരുന്നു അവസാന കൂടിക്കാഴ്ച.

നേരത്തെ 'പവർ' ഇഷ്ടമാണെന്ന് രജനികാന്തിന്റെ പരാമാർശത്തിനു പിന്നാലെ രജനി മുഖ്യമന്ത്രിയാകണമെന്നാവശ്യപെട്ട് സോഷ്യൽ മീഡിയ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ പവർ ചർച്ചാ വിഷയമായതോടെ താൻ ആത്മീയ ശക്തിയെ കുറിച്ചു മാത്രമാണ് താൻ പറഞ്ഞതെന്ന് തിരുത്തി രജനി കാന്ത് രംഗത്തെത്തി. പണത്തേക്കാളും പദവിയേക്കാളും ശക്തി ആത്മീയതക്കാണ്. ആത്മീയതയെ കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിക്കെരുതെന്നും രജനി കാന്ത് ആവശ്യപെട്ടു.മുഖ്യമന്ത്രിയായി ശശികല ചുമതല ഏൽക്കാനിരിക്കെയാണ് അധികാരം ഇഷ്ടമാണെന്ന് പ്രസ്താവനയുമായി രജനി രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ ശശികലയെ എതിർക്കുന്ന പലരും രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപെട്ടു.

രജനി കാന്തും ജയലളിതയും തമ്മിൽ വളരെക്കാലമായി അകൽച്ചയിലായിരുന്നെങ്കിലും അടുത്തകാലത്തായി ഇരുവരും ഒരുമിച്ചിരുന്നു. തമിഴ്‌നാട്ടിൽ ജയലളിത അധികാരത്തിലേറിയാൽ ദൈവത്തിനുപോലും തമിഴ് ജനതയെ രക്ഷിക്കാൻ സാധിക്കില്ലെന്ന രജനീ കാന്തിന്റെ ഒറ്റ പരാമർശനം കാരണമാണ് 1996 ലെ തെരഞ്ഞെടുപ്പിൽ ജയലളിത പരാജയപെട്ടത്എന്നാൽ ഒരു ദശാബ്ദത്തിനുശേഷം ജയലളിത തമിഴ്മക്കളുടെ ദൈവമാണെന്ന രജനീകാന്ത് തന്നെ പറയുകയുണ്ടായി. ഇത് രജനിയുടെ എഐഎഡിഎംകെ പ്രവേശനത്തിനുള്ള സൂചനയായായണ് പലരും കണ്ടത്. പിന്നീട് ശശികല ജയിലിലായി. എഐഎഡിഎംകെയിൽ പുതിയ സമവാക്യവും ഉണ്ടായി.