- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച മധ്യനിര ബാറ്റസ്മാൻ; ആരാധകരുടെ ഓർമ്മയിലേക്ക് സമ്മാനിച്ചത് ബോബ് വില്ലീസിന്റെ യോക്കറിനെ സ്‌ക്വയർ ലെഗിലൂടെ പറത്തിയ അപൂർവ്വ സിക്സ്; 61 റൺസോടെ ഇന്ത്യയെ കൈപിടിച്ചെത്തിച്ചത് 1983 ലോകകപ്പിന്റെ ഫൈനലിലേക്ക്; വിടപറയുന്നത് ഇന്ത്യയുടെ 1983 ലോകകപ്പ് സെമി ഫൈനൽ ഹീറോ

ന്യൂഡൽഹി: ക്രിക്കറ്റിന് ഇന്നത്തെ രൂപാന്തരം വരുന്നതിന് മുന്നെ തന്നെ അക്രമണവും പ്രതിരോധവും ഒരേപോലെ തന്നെ തന്റെ ബാറ്റിലേക്കാവാഹിച്ച മധ്യനിര ബാറ്റസ്മാനായിരുന്നു യശ്പാൽ ശർമ്മ. ഈ പ്രതിഭാ സ്്പർശത്തിലുടെയാണ് ഇന്ത്യൻ ടീം തങ്ങളുടെ പ്രഥമ ലോകകപ്പ് ഫൈലനിലേക്ക് മാർച്ച് ചെയ്തത്.തുടക്കത്തിലെ പതർച്ചയ്ക്ക് ശേഷം 115 പന്തിൽ 61 റൺസ് നേടിയാണ് ശർമ്മ ഇന്ത്യയെ ഫൈനലിലെത്തിച്ചത്. 1983 ലോകകപ്പിൽ ഓൾഡ് ട്രഫോർഡിൽ 1നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ശർമയുടെ ഇന്നിങ്സ് ആണ് 214 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഇന്ത്യയെ തുണച്ചത്. അദ്ദേഹമായിരുന്നു ഇവിടെ ഇന്ത്യയുടെ ടോപ് സ്‌കോറർ സെമിഫൈനലിന് പുറമെ ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു ശർമ്മയുടെത്. ടൂർണമെന്റിലാകെ 34.28 ശരാശരിയിൽ 240 റൺസാണ് അടിച്ചുകൂട്ടിയത്.

1954 ഓഗസ്റ്റ് 11ന് പഞ്ചാബിലെ ലുധിയാനയിലായിരുന്നു ജനനം. സ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ ജമ്മു കശ്മീരിനെതിരേ പഞ്ചാബിനുവേണ്ടി 260 റൺസ് നേടിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. വൈകാതെ സംസ്ഥാന ടീമിലെത്തി. ദുലീപ് ട്രോഫിയിൽ ചന്ദ്രശേഖർ, പ്രസന്ന, വെങ്കിട്ടരാഘൻ സ്പിൻ ത്രയം അണിനിരന്ന ദക്ഷിണ മേഖലാ ടീമിനെതിരേ നേടിയ 173 റൺസാണ് ഏറ്റവും മികച്ച പ്രകടനം. ഇറാനി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ കുപ്പായം ലഭിച്ചത്. പാക്കിസ്ഥാനെതിരേയായിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വർഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. അതേ വർഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും ഒരൊറ്റ മത്സരം പോലും കളിക്കാനായില്ല.
ഓസ്ട്രേലിയക്കെതിരേയായിരുന്നു ആദ്യ ടെസ്റ്റ് സെഞ്ചുറി. ഇന്ത്യയിൽ പര്യടനം നടത്തിയ ഇംഗ്ലണ്ടിനെതിരേയും മികച്ച പ്രകടനമാണ് ശർമ പുറത്തെടുത്തത്. തൊട്ടടുത്ത വർഷം ഓസ്ട്രേലിയൻ പര്യടനത്തിനിടെ മാൽക്കം മാർഷലിന്റെ ബൗൺസർ തലയ്ക്കിടിച്ച് പരിക്കേൽക്കുകയും ചെയ്തു.ഇതിനുശേഷമാണ് 1983ലെ ലോകകപ്പ് ടീമിൽ ഇടം നേടിയ്. ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ ടോപ് സ്‌കോറർ ശർമയായിരുന്നു. കരുത്തരായ വെസ്റ്റിൻഡീസിനെ ആദ്യ മത്സരത്തിൽ ഇന്ത്യ തോൽപ്പിക്കുമ്പോൾ 89 റൺസുമായി ടോപ് സ്‌കോററായതും മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയതും യശ്പാൽ തന്നെ.തുടർന്നായിരുന്നു സെമിഫൈനലിലെയും മാസ്മരിക പ്രകടനം.
ഈ മത്സരത്തിലാണ് ആരാധകർ എന്നും ഓർത്തിരിക്കുന്നു മനോഹരമായ സിക്‌സർ ശർമ്മയുടെ ബാറ്റിൽ നിന്നും പറന്നത്.ബോബ് വില്ലീസിന്റെ ഒരു യോക്കറിന് സമാനമായ പന്ത് സ്‌ക്വയർ ലെഗിലൂടെ പറത്തിയ സിക്സ്.1978 മുതൽ 1983 വരെ നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 37 ടെസ്റ്റുകൾ കളിച്ചു. രണ്ട് സെഞ്ചുറിയും ഒൻപത് അർധസെഞ്ചുറികളും സഹിതം 1606 റൺസ് നേടി. 1979ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രാജ്യാന്തര ടെസ്റ്റ് അരങ്ങേറ്റം. ഏകദിന ലോകകപ്പിനു പിന്നാലെ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അവസാന ടെസ്റ്റ്. 1978ൽ പാക്കിസ്ഥാനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച യശ്പാൽ 42 മത്സരങ്ങളിൽനിന്ന് 28.48 ശരാശരിയിൽ 883 റൺസ് നേടി. ഇതിൽ നാല് അർധസെഞ്ചുറികളും ഉൾപ്പെടുന്നു.140 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്‌കോർ. ഏകദിനത്തിൽ 89 ഉം.

രഞ്ജി ട്രോഫിയിൽ ഹരിയാന, റെയിൽവേസ്, പഞ്ചാബ് ടീമുകൾക്കായി കളിച്ചിട്ടുള്ള യശ്പാൽ, 163 മത്സരങ്ങളിൽനിന്ന് 21 സെഞ്ചുറികൾ സഹിതം 8933 റൺസ് നേടി. പുറത്താകാതെ നേടിയ 201 റൺസാണ് ഉയർന്ന സ്‌കോർ.ലോകകപ്പിന്റ തുടർച്ചയായി നടന്ന പാക് പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് ശർമ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് ഹരിയാണ, റെയിൽവെസ് ടീമുകൾക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശർമ മുപ്പത്തിയേഴാം വയസിൽ വിരമിച്ചു. പാഡഴിച്ചശേഷം കുറച്ചുകാലം അമ്പയറായും ഉത്തർപ്രദേശിന്റെ പരിശീലകനായും ദേശീയ ടീമിന്റെ സെലക്ടറായും സേവനമനുഷ്ഠിച്ചു.രേണു ശർമയാണ് ഭാര്യ. പ്രീതി, പൂജ, ചിരാഗ് ശർമ എന്നിവർ മക്കൾ.
ഇന്ത്യയുടെ 83 ലെ ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന 83 എന്ന ചിത്രത്തിൽ ജതിൻ ശർമയാണ് യശ്പാൽ ശർമയുടെ വേഷം ചെയ്യുന്നത്.


