ന്യൂഡൽഹി: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ അന്തരിച്ചു. 66 വയസ്സായിരുന്നു. 1983ൽ ലോക കിരീടം ഉയർത്തിയ കപിൽദേവിന്റെ സംഘത്തിൽ അംഗമാണ്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

മധ്യനിരയിൽ ആക്രമണ ബാറ്റിങ് പുറത്തെടുത്തിരുന്ന യശ്പാൽ ശർമയുടെ മികവിലായിരുന്നു 1983 ലോകകപ്പിലെ സെമിയിൽ ഇന്ത്യ ജയിച്ചു കയറിയത്. 1983 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഓൾഡ് ട്രഫോർഡിൽ 115 പന്തിൽ നിന്ന് 61 റൺസ് നേടി യശ്പാൽ ശർമയുടെ ഇന്നിങ്സ് ആണ് 214 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഇന്ത്യയെ തുണച്ചത്. അദ്ദേഹമായിരുന്നു ഇവിടെ ഇന്ത്യയുടെ ടോപ് സ്‌കോറർ

ശർമ ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും 42 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 1,606 റൺസും ഏകദിനത്തിൽ 883 റൺസുമാണ് സമ്പാദ്യം. 140 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്‌കോർ. ഏകദിനത്തിൽ 89 ഉം.

തുടർന്ന് നടന്ന പാക് പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് ശർമ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് ഹരിയാണ, റെയിൽവെസ് ടീമുകൾക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശർമ മുപ്പത്തിയേഴാം വയസിൽ വിരമിച്ചു. പാഡഴിച്ചശേഷം കുറച്ചുകാലം അമ്പയറായും ഉത്തർപ്രദേശിന്റെ പരിശീലകനായും ദേശീയ ടീമിന്റെ സെലക്ടറായും സേവനമനുഷ്ഠിച്ചു.