ന്തിലും ഏതിലും വർഗീയത ആരോപിക്കുന്നവരാണ് കേരളത്തിലെ സിപിഎമ്മുകാർ. യോഗാഭ്യാസത്തെക്കുറിച്ചും കാവിവൽക്കരണമെന്ന ആരോപണം സിപിഐ(എം) ഉയർത്തിയിരുന്നു. എന്നാൽ, സിപിഐ(എം) ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായ ത്രിപുരയിൽ യോഗ സ്‌കൂളുകളിൽ നിർബന്ധിത പാഠ്യവിഷയമാക്കുകയാണ്. ബിജെപിയുടെ കേന്ദ്രമായ ഗുജറാത്തിനുശേഷം ഇത്തരത്തിലൊരു തീരുമാനമെടുക്കുന്ന ആദ്യസംസ്ഥാനം കൂടിയാണ് ത്രിപുര.

പുതിയ അക്കാദമിക് വർഷം മുതൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിൽ യോഗ നിർബന്ധമായും അഭ്യസിച്ചിരിക്കണമെന്ന നിർദ്ദേശം ത്രിപുര സർക്കാർ ഇന്നലെ പുറത്തിറക്കി. ഘട്ടം ഘട്ടമായാകും ഇത് നടപ്പാക്കുക. ആദ്യഘട്ടമായി സംസ്ഥാനത്തെ 100 സ്‌കൂളികളിൽ യോഗാ പഠനം ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തപൻ ചക്രവർത്തി പറഞ്ഞു.

നഗരങ്ങൾ, ഗ്രാമങ്ങൾ, ഗോത്രമേഖലകൾ, സ്വയം ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നാകും സ്‌കൂളുകളെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രി മണിക് സർക്കാരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കുവേണ്ടിയാണ് യോഗ നിർബന്ധമാക്കുന്നതെന്ന് യോഗത്തിനുശേഷം തപൻ ചക്രവർത്തി പറഞ്ഞു.

ത്രിപുരയിൽ വിദ്യാഭ്യാസ വകുപ്പ് രണ്ടായാണ് പ്രവർത്തിക്കുന്നത്. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകൾ പ്രാഥമിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലാണ്. ഒമ്പതുമുതൽ 12 വരെയുള്ള ക്ലാസ്സുകൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലും.

യോഗ നിർബന്ധമാക്കിയ തീരുമാനത്തെ ത്രിപുര കോൺഗ്രസ് വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാധീനിക്കാനുള്ള തന്ത്രമാണിതെന്നാണ് പ്രതിപക്ഷ നേതാവ് സുദീപ് റോയ് ബർമൻ പറഞ്ഞു. മോദിയുടെ പാതയിലൂടെയാണ് മണിക് സർക്കാർ നീങ്ങുന്നതെന്നാണ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുധീന്ദ്ര ദാസ് ഗുപ്തയുടെ ആരോപണം.