കൊച്ചി: ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റൽ ടെക്‌നോളജി സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ഇൻഫോപാർക്കുമായി ചേർന്ന് ടെക്കികൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. കൊച്ചി ഇൻഫോപാർക്ക് ക്യാമ്പസിലെ തപസ്യ ഓഡിറ്റോറിയത്തിൽ അന്താരാഷ്ട്ര യോഗ ദിനമായ ഞായറാഴ്ചയായിരുന്നു ഇൻഫോപാർക്കിലെ എല്ലാ ടെക്കികൾക്കും യോഗ പരിശീലനങ്ങൾ നൽകിയത്.

കൊച്ചി ഇൻഫോപാർക്ക് സിഇഒ ഋഷികേശ് നായർ ഉൾപ്പെടെയുള്ളവർ യോഗ സെഷനുകളിൽ പങ്കെടുത്തു. ഈശ യോഗയിൽ വിദഗ്ദ്ധ പരിശീലനം നേടിയ യു.എസ്.ടി ഗ്ലോബലിലെ ജീവനക്കാരനായിരുന്നു ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

'അന്താരാഷ്ട്ര യോഗ ദിനത്തിലെ ഈ സംരംഭം വിവിധ വിഭാഗങ്ങളുമായി പ്രാദേശിക-അന്താരാഷ്ട്ര തലങ്ങളിൽ ബന്ധം സ്ഥാപിക്കുവാനുതകുന്ന ഒരു ഗുണകരമായ സാഹചര്യം സൃഷ്ടിക്കുവാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ്. ഇന്ത്യയുടെ പാരമ്പര്യ തനിമയുടെ ഭാഗമായ യോഗ മികച്ച ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നതിൽ സഹായകരമാകുമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഈ ചരിത്രപരമായ ദിനം ഞങ്ങൾക്ക് മറക്കാനാകാത്ത ഒന്നായി മാറ്റാൻ സഹായിച്ച ഇൻഫോപാർക്കിലെ എല്ലാ ജീവനക്കാരെയും ഞാൻ അഭിനന്ദിക്കുന്നു,' യു.എസ്.ടി ഗ്ലോബൽ സെന്റർ ഓപ്പറേഷൻസ് ഡവലപ്‌മെന്റ് ഗ്ലോബൽ ഹെഡ് സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.