ന്യൂഡൽഹി: അഴിമതി മുക്തമായ നല്ലൊരു ഭരണത്തിനായി ഡൽഹി ജനത കാത്തിരുന്നതും അതിനായി ആം ആദ്മിയെന്ന വിപ്ലവത്തെ പുൽകിയതും വെറുതേയായി. അധികാരം കൈവന്നതോടെ മറ്റ് രാഷ്ട്രീയ പാർട്ടികളെ പോലെ തമ്മിലടിക്കുകയാണ് ഡൽഹിയിലെ വിപ്ലവപാർട്ടി. അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യത്തിൽ ഞെരിഞ്ഞമർന്ന ആം ആദ്മി വിപ്ലവത്തിന്റെ ഒരേട് ഇന്നലെ അർദ്ധരാത്രിയോടെ അവസാനിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് പാർട്ടിയുടെ സ്ഥാപക നേതാക്കളായ അഡ്വ. പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാർട്ടി പുറത്താക്കി. ഇവരോട് ആഭിമുഖ്യം പുലർത്തിയിരുന്ന മറ്റ് നേതാക്കളായ അനന്ദ് കുമാർ, അജിത് ഝാ എന്നിവരെയും കെജ്രിവാവാൽ പാർട്ടിയിൽ നിന്നും വെട്ടിനിരത്തി. നേരത്തെ ഇവരെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കൂടാതെ കാരണം കാണിക്കൽ നോട്ടീസും നൽകി.

വെള്ളിയാഴ്ച നാലുപേർക്കും പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനു ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയ ശേഷമാണ് നേതാക്കളെ പുറത്താക്കാൻ പാർട്ടി തീരുമാനം കൈക്കൊണ്ടത്. ദേശീയ അച്ചടക്ക സമിതിയാണ് സ്ഥാപക നേതാക്കളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തതെന്ന് പാർട്ടി വക്താവ് ദീപക് വാജ്‌പേയി പറഞ്ഞു. തിങ്കളാഴ്ച അച്ചടക്ക സമിതിയുടെ കാരണംകാണിക്കൽ നോട്ടീസിന് കടുത്തഭാഷയിൽ മറുപടിയുമായി അഡ്വ. പ്രശാന്ത് ഭൂഷൺ രംഗത്തത്തെിയിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കൽ.

അരവിന്ദ് കെജ്രിവാളിനും അച്ചടക്ക സമിതിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഭൂഷൺ ഉന്നയിച്ചത്. നോട്ടീസ് നൽകിയ സമിതിയുടെ സാധുതയത്തെന്നെ ചോദ്യംചെയ്ത പ്രശാന്ത് ഭൂഷൺ സമിതി അംഗങ്ങളായ ആശിഷ് ഖേതാനും പങ്കജ് ഗുപ്തക്കുമെതിരെയാണ് ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചത്. പാർട്ടി ഭരണഘടനക്കു വിരുദ്ധമായി നടത്തിയ ദേശീയ കൗൺസിലിന്റെ തീരുമാനങ്ങളും രൂപവത്കരിച്ച സമിതികളും നിയമവിരുദ്ധമാണെന്ന് അദ്ദേഹം മറുപടി കത്തിൽ ചൂണ്ടിക്കാട്ടി.

2ജി ഇടപാടിൽ ആരോപണ വിധേയമായ എസാർ കമ്പനിക്ക് ഗുണകരമാവുന്ന രീതിയിൽ തെഹൽക വാരികയിൽ വാർത്ത പടച്ചുവിട്ടെന്നാണ് ഖേതാനെതിരായ ആക്ഷേപം. ഇക്കാര്യം പിന്നീട് കമ്പനിയിൽ നിന്നു ചോർന്ന ചില ഇമെയിലുകളിൽനിന്ന് വെളിപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. തട്ടിപ്പു കമ്പനികളിൽനിന്ന് രണ്ടു കോടി രൂപ സംഭാവന സ്വീകരിച്ചെന്ന പരാതി പങ്കജ് ഗുപ്തക്കെതിരെയുണ്ട്. ഇക്കാര്യം പാർട്ടി ലോക്പാൽ അഡ്‌മിറൽ രാംദാസിന്റെ പരിഗണനക്കു വിടുന്നതിനു പകരം അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കുകയാണ് ചെയ്തത്. ആരോപണ വിധേയരായവർ തനിക്കും മറ്റു ചില നേതാക്കൾക്കുമെതിരെ അച്ചടക്കലംഘനം ആരോപിച്ചതിനു പിന്നാലെ വിചാരണ ചെയ്യുന്നത് അപഹാസ്യമാണെന്നും ഭൂഷൺ കത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും റെയിൽഭവനു മുന്നിൽ ധർണ നടത്താനും കെജ്രിവാൾ തീരുമാനിച്ചത് പാർട്ടി സമിതികളിൽ ആലോചിക്കാതെയാണെന്ന് യാദവും ആരോപിച്ചു. പ്രധാന വിഷങ്ങളിൽ ഒന്നും ചർച്ചയില്ലാതെയായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നതിൽ വിഷമിക്കുന്ന ഒരു വലിയവിഭാഗം പ്രവർത്തകരുണ്ടെന്ന് ബോധ്യപ്പെടുത്താനും ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് മാറരുതെന്ന് പാർട്ടിയെ ഓർമപ്പെടുത്താനുമാണ് സ്വരാജ് സംവാദ് സംഘടിപ്പിച്ചതെന്നും പാർട്ടി അതിന്റെ പ്രാരംഭ ലക്ഷ്യങ്ങളെ തള്ളിപ്പറയാത്ത കാലത്തോളം ഇത്തരമൊരു കൂടിച്ചേരൽ പാർട്ടി വിരുദ്ധമല്ലെന്നും ഭൂഷൺ പറഞ്ഞു.

കാരണം കാണിക്കൽ നോട്ടീസ് മാദ്ധ്യമങ്ങൾ വഴി പരസ്യപ്പെടുത്തിയ സ്ഥിതിക്ക് മറുപടി പരസ്യപ്പെടുത്താത്തതിൽ അർഥമില്ലെന്നു കാണിച്ചാണ് കത്ത് അവസാനിപ്പിച്ചിരുന്നത്. എന്നാൽ, ഭൂഷണിന്റെ ആരോപണത്തെ ആപ് നേതാവ് അശുതോഷ് തള്ളിപ്പറഞ്ഞു. മികച്ച പ്രതിച്ഛായയുള്ള പത്രപ്രവർത്തകനാണ് ആശിഷ് ഖേതാനെന്നും പാർട്ടിയുടെ സംഭാവന അവിഹിതമല്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ കണ്ടത്തെിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.

കാരണം കാണിക്കൽ നോട്ടിസിനുള്ള മറുപടി അച്ചടക്ക സമിതിക്കു ലഭിക്കും മുൻപ് മാദ്ധ്യമങ്ങൾക്കു നൽകാനാണു യാദവിനും ഭൂഷണും താൽപര്യമെന്നും സമിതിയോടുള്ള അനാദരവാണിതെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു. അതേസമയം പുറത്താക്കൽ നടപടി എ.എ.പി.യുടെ പിളർപ്പിലേക്ക് നീളുമെന്നാണ് സൂചന. നേരത്തെ തരംതാഴ്‌ത്തപ്പെട്ടപ്പോൾ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുതിയ സംഘടന രൂപീകരിച്ചുന്നു.'സ്വരാജ് അഭിയാൻ' എന്നാണ് പുതിയ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്.

കർഷകരുടെയും സ്ത്രീകളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായാണ് സ്വരാജ് അഭിയാൻ സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് ഇരു നേതാക്കളും പറഞ്ഞിരുന്നത്. ഈ സംഘടന ഭാവിയിൽ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന സൂചനയാണ് ഇപ്പോഴുള്ളത്. സ്വരാജ് സംവാദ്' എന്ന പേരിൽ വിമത നേതാക്കൾ നടത്തിയ യോഗത്തിന് ആംആദ്മിയുടെ വിലക്കുണ്ടായിരുന്നു.