ന്യൂഡൽഹി: ആം ആദ്മിയിൽ നിന്നു വിട്ടുപോയ യോഗേന്ദ്ര യാദവിന്റെയും പ്രശാന്ത് ഭൂഷന്റെയും പുതിയ പാർട്ടി പ്രഖ്യാപനം ജൂലൈ 31ന് നടക്കും. ന്യൂഡൽഹിയിൽ നടക്കുന്ന സ്വരാജ് അഭിയാൻ സംഘടനയുടെ നാഷണൽ കൺവെൺഷനിൽ പാർട്ടി പ്രഖ്യാപിച്ചേക്കും.

അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നതു പാർട്ടി പ്രഖ്യാപനം പെട്ടെന്നാക്കാൻ സംഘടനയെ സ്വാധീനിച്ചെന്നാണു റിപ്പോർട്ട്. സ്വരാജ് പാർട്ടിയെന്നായിരിക്കും പുതിയ പാർട്ടിയുടെ പേരെന്നാണു സൂചന.

ഡൽഹിയിൽ ആംആദ്മി പാർട്ടി നേടിയത് അപ്രതീക്ഷിത വിജയമായിരുന്നു. ഒരു വർഷത്തെ ആയുസ് പോലുമില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി ഭരിക്കാനാവശ്യമായ തരത്തിലേക്ക് വളരുകയായിരുന്നു. അന്നത്തെ വിജയത്തിന്റെ നായകൻ അരവിന്ദ് കെജ്രിവാളായിരുന്നെങ്കിൽ ബുദ്ധി കേന്ദ്രമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത് യോഗേന്ദ്ര യാദവിനെയാണ്. പഴയ തെരഞ്ഞെടുപ്പ് വിശകലന വിഗദ്ധനായ യാദവിന്റെ തന്ത്രങ്ങളുടെ ഭാഗമായാണ് അന്ന് ആംആദ്മി വിജയിച്ചത്. പിന്നീട് കെജ്രിവാളിനോട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടാവുകയും യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷനും അടക്കമുള്ളവർ പാർട്ടി വിടുകയായിരുന്നു. പിന്നീടവർ സ്വരാജ് അഭിയാൻ എന്ന ചർച്ചാ വേദി ഉണ്ടാക്കി മുന്നോട്ട് പോകുകയായിരുന്നു ഇവർ.