ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്നും പുറത്താക്കിയ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുതിയ പാർട്ടി രൂപീകരിക്കുന്നു. അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത്. എഎപി വിട്ട ഒരു കൂട്ടം ആളുകൾ ഉള്ള സ്വരാജ് അഭിയാൻ എന്ന സംഘമാണ് ഇപ്പോഴുള്ളത്. തങ്ങളുടെ ആശയങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നവരും ഇതിൽ ചേരുന്നു. പഞ്ചാബ് തെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുകയാണെന്ന് ഇവർ പറഞ്ഞു.

എഎപി നേതാവ് അരവിന്ദ് കേജ്!രിവാൾ വളരെ പ്രതീക്ഷയോടെ കാണുന്ന തെരഞ്ഞെടുപ്പിൽ അങ്ങനെയെങ്കിൽ പുതിയ പാർട്ടിയുടെ ഇടപെടൽ കൂടുതൽ തലവേദന സൃഷ്ടിക്കും. രാഷ്ട്രീയ പാർട്ടി ഉടൻ തന്നെ രൂപീകരിക്കും. എന്നാൽ അതിന്റെ സമയം നിശ്ചയിച്ചിട്ടില്ല. പഞ്ചാബ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും സ്വരാജ് അഭിയാൻ നേതാവ് പറഞ്ഞു. ഇതിനായുള്ള കരുതലോടെയുള്ള നീക്കങ്ങൾ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നടത്തുന്നുണ്ട്. അപ്പ് മുന്നേറ്റത്തെ തടയാനാണ് ഇതെന്ന സൂചനയും ഉയരുന്നുണ്ട്.

ആംആദ്മിയിക്ക് പഞ്ചാബിൽ ശക്തമായ സ്വാധീനമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആംആദ്മിക്ക് പഞ്ചാബിൽ ജയിക്കാനായിരുന്നു. ഈ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ചരിത്രമെഴുതാൻ കെജ്രിവാളും സംഘവും പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് യോഗേന്ദ്ര യാദവും കൂട്ടരും നീങ്ങുന്നത്. ആംആദ്മിയുടെ പഞ്ചാബ് ഘടകത്തിൽ കെജ്രിവാളിനെതിരായ എതിർപ്പുണ്ട്. ഇത് മുതലെടുക്കാനാണ് വിമതരുടെ ശ്രമം.

കെജ്രിവാളും യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേർന്നാണ് ആംആദ്മി പാർട്ടി രൂപീകരിച്ചത്. എന്നാൽ ഡൽഹിയിലെ അധികാരമേറ്റെടുക്കലിന് ശേഷം ഇവർ തമ്മിൽ ഭിന്നത രൂക്ഷമായി. ഇതോടെ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പാർട്ടിക്ക് പുറത്തായി. തുടർന്നാണ് സ്വരാജ് അഭിയാൻ രൂപീകരിച്ചത്.