തിരുവനന്തപുരം: പൊലീസിൽ സീനിയോറിട്ടിക്ക് ഇനി വിലയൊന്നുമില്ലേ? ടോമിൻ തച്ചങ്കരിയാണ് കേരളത്തിലെ ഏറ്റവും മുതിർന്ന സർവ്വീസിലെ ഐപിഎസുകാരൻ. അതുകഴിഞ്ഞാൽ പിന്നേയുമുണ്ട് ഉദ്യോഗസ്ഥർ. ബി സന്ധ്യയേയും പിന്തള്ളി പൊലീസ് മേധാവിയായത് പക്ഷേ അനിൽ കാന്താണ്. ഇതിന് കാരണം സർക്കാരിന്റെ തീരുമാനമാണ്. യോഗേഷ് ഗുപ്തയെന്ന ഐപിഎസുകാരനും സീനിയോറിട്ടി ഗുണമാകുന്നില്ല. അന്വേഷണ മികവിന് പേരുകേട്ട യോഗേഷ് ഗുപ്തയെ പിണറായി സർക്കാർ കൂട്ടിൽ അടയ്ക്കുകയാണ്.

തച്ചങ്കരി മനുഷ്യാവകാശ കമ്മീഷനിലാണ്. സന്ധ്യ ഫയർഫോഴ്‌സിലും. സുധേഷ് കുമാർ വിജിലൻസിലും. അതുകൊണ്ട് തന്നെ അനിൽകാന്തിനേക്കാൾ സീനിയാറായ ഈ മൂന്ന് പേർക്കും അനിൽ കാന്തിനോട് റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യമില്ല. എന്നാൽ യോഗേഷ് ഗുപ്തയുടെ കാര്യം അങ്ങനെ അല്ല. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ബൽറാംകുമാർ ഉപാധ്യായയെ സ്ഥാനക്കയറ്റത്തോടെ പരിശീലനവിഭാഗം എ.ഡി.ജി.പി.യായി നിയമിച്ചതാണ് ഇതിന് കാരണം. ഇതോടെ ജൂനിയർ ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യേണ്ട അവസ്ഥയിൽ യോഗേഷ് ഗുപ്ത മാറിയെന്നതാണ് ഉയരുന്ന വിമർശനം.

ബൽറാംകുമാർ ഉപാധ്യായയെക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ പരിശീലനവിഭാഗത്തിന് കീഴിൽവരുന്ന കേരളാ പൊലീസ് അക്കാദമിയുടെ ഡയറക്ടറായാണ് നിയമിച്ചത്. പുതുതായി സ്ഥാനക്കയറ്റം ലഭിച്ച എ.ഡി.ജി.പി.ക്ക് കീഴിലാണ് ഈ മുതിർന്ന എ.ഡി.ജി.പി. ഇപ്പോഴുള്ളത്. അതായത് സീനിയറായ ഉദ്യോഗസ്ഥൻ ജൂനിയർക്ക് റിപ്പോർട്ട് ചെയ്യേണ്ട അവസ്ഥ. ഇത് സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന ആവശ്യം ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിലുണ്ട്. ഇല്ലെങ്കിൽ അത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അംഗീകാരം ഈയിടെ ഇദ്ദേഹത്തിന് കിട്ടിയിരുന്നു. ഇതിന് കാരണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ പ്രവർത്തന മികവാണ്. 10000 കോടി ഖജനാവിൽ എത്തിച്ച രാജസ്ഥാനി. നഷ്ടത്തിലേക്ക് നീങ്ങിയ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലേക്കു നയിച്ച മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത. ഈ വർഷം തുടക്കത്തിലാണ് കേരള കേഡറിലേക്ക് മടങ്ങിയെത്തിയത്. ഇതോടെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സി.എം.ഡിയായി ചുമതലയേറ്റു. പിന്നീട് പല സ്ഥലമാറ്റവും.

2013ൽ ഐ.ജിയായിരിക്കേ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയ യോഗേഷ് ഗുപ്ത കൊൽക്കത്തയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ അഡീഷണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. വിവാദമായ ശാരദാ ചിട്ടി നിക്ഷേപ തട്ടിപ്പ്, സീഷോർ നിക്ഷേപ തട്ടിപ്പ്, ബേസിൽ ഇന്റർനാഷണൽ, ശ്രീഗണേശ് ജ്യൂലറി തട്ടിപ്പ് തുടങ്ങിയ പ്രമാദമായ നിക്ഷേപ തട്ടിപ്പു കേസുകൾ അന്വേഷിച്ച് 7000 കോടി രൂപയാണ് യോഗേഷ് ഗുപ്തയുടെ നേതൃത്വത്തിൽ സർക്കാരിലേക്ക് കണ്ടു കെട്ടിയത്. 50 കോടി രൂപയുടെ നരദാ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിച്ചതും യോഗേഷ് ഗുപതയായിരുന്നു.

ഇഡിയുടെ സെപ്ഷ്യൽ ഡയറക്ടറായിരിക്കെയാണ് ഈ അന്വേഷണ ഏജൻസിയുടെ പ്രവർത്തന ശൈലി തന്നെ മാറ്റി മറിച്ചത്. കൊൽക്കത്തിയിലെ ജോയിന്റ് ഡയറക്ടറായി പ്രവർത്തിച്ച യോഗേഷ് ഗുപ്തയെ ഇഡിയുടെ സ്പെഷ്യൽ ഡയറക്ടറുമാക്കിയിരുന്നു. ഇഡിയുടെ പ്രവർത്തനത്തെ ആകെ മാറ്റി മറിച്ചത് ഈ ഉദ്യോഗസ്ഥനാണ്. അതിന്റെ സാധ്യതകൾ കേന്ദ്ര സർക്കാരിന് ബോധ്യപ്പെടുകയും ചെയ്തു. 12 കൽക്കരി പാടങ്ങൾ അനുവദിച്ചതുമായി ബന്ധപ്പെട്ട 10000 കോടിരൂപയുടെ തട്ടിപ്പു കേസിൽ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ മേൽനോട്ടവും യോഗേഷ് ഗുപതയ്ക്കായിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം ഒഡീഷയിലെ അനധികൃത ഇരുമ്പയിര്, മാംഗനീസ് ഖനന കേസുകളുടെ അന്വേഷണ ചുമതലയും വഹിച്ചു. 2001 മുതൽ 2006വരെ സിബിഐയിൽ പ്രവർത്തിച്ച യോഗേഷ് ഗുപ്ത, ഖേതൻ പരേഖ് ഓഹരി തട്ടിപ്പു കേസുൾപ്പെടെ നിരവധി തട്ടിപ്പു കേസുകൾ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തിയിരുന്നു.

1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തിരുവനന്തപുരം, കൊല്ലം റൂറൽ എസ്‌പിയായും ഇന്റലിജൻസ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ, പൊലീസ് ആസ്ഥാനം, റോഡ് സുരക്ഷാ എന്നിവയുടെ ചുമതലയുള്ള ഐ.ജിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് 600 കോടി നഷ്ടത്തിലായിരുന്ന പൊതു മേഖലാ സ്ഥാപനായ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനെ നഷ്ടത്തിൽ നിന്ന് തുടർച്ചയായി 3 വർഷം ലാഭത്തിലാക്കിയ യോഗേഷ് ഗുപ്തയെ 2011ൽ യു.ഡി.എഫ് സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) എം.ഡിയായി നിയമിച്ചിരുന്നു. നഷ്ടത്തിലായിരുന്ന കെഎഫ്‌സിയെ പ്രൊഫഷണൽ രീതിയിലേക്ക് വളർത്തിയെടുത്തു.

സ്റ്റാർട്ട് അപ്പുകൾക്കുള്ള വായ്പാ പദ്ധതി ആദ്യമായി ആവിഷ്‌കരിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്. ആദ്യമായി കോർപ്പറേഷനെ 200 കോടി ലാഭത്തിലുമെത്തിച്ചു. എന്നാൽ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ഇടപെടലുകളെ എതിർത്തതിനെ തുടർന്ന് യു.ഡി.എഫ് സർക്കാരുമായി ഇടഞ്ഞു. ഇതിന് ശേഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയത്. തിരിച്ചെത്തുമ്പോൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമാകുന്ന പലതും ചെയ്തു. പക്ഷേ ഇതൊന്നും കേരളത്തിലെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. പൊലീസ് അക്കാദമിയുടെ മൂലയിലാണ് യോഗേഷ് ഗുപ്തയ്ക്ക് സ്ഥാനം.

കേപ ഡയറക്ടറായി നിയമിച്ചിരിക്കുന്ന യോഗേഷ് ഗുപ്തയ്ക്ക് പത്ത് മാസത്തിനുള്ളിൽ മൂന്നാമത്തെ സ്ഥലം മാറ്റമാണ്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ആയിരുന്ന അദ്ദേഹം മാസങ്ങൾക്ക് മുമ്പാണ് ബെവ്കോ എം.ഡി.യായി ചുമതലയേറ്റത്. തുടർന്ന് അദ്ദേഹത്തെ പരിശീലന വിഭാഗം എ.ഡി.ജി.പി.യായി മാറ്റി. ഇക്കൊല്ലത്തെ സ്ഥാനക്കയറ്റങ്ങളും സ്ഥലം മാറ്റവും വന്നതോടെ ഗുപ്തയെ കേപയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഐപിഎസുകാരിൽ ഒരാളാണ് യോഗേഷ് ഗുപ്ത.

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.യായിരുന്ന സഞ്ജയ് കുമാർ ഗുരുദിനെ പരിശീലനവിഭാഗം ഡി.ഐ.ജി.യാക്കി സ്ഥലം മാറ്റിയിരുന്നു. എന്നാൽ അദ്ദേഹത്തിന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലേക്ക് അവസരം ലഭിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ പരിശീലനവിഭാഗം ഡി.ഐ.ജി.യായി മറ്റാർക്കെങ്കിലും ചുമതല നൽകേണ്ടിവരും.