ന്യൂഡൽഹി: യോഗേശ്വർ ദത്തിനു മുന്നിൽ ചരിത്രം വഴിമാറുമോ? ലണ്ടൻ ഒളിമ്പിക്‌സിൽ ഗുസ്തി മത്സരത്തിൽ സ്വർണം നേടിയ വ്യക്തിയും ഉത്തേജക മരുന്നുപയോഗിച്ചെന്നു റിപ്പോർട്ട്. സംഭവം സത്യമെങ്കിൽ ഇന്ത്യൻ താരത്തിന് സ്വർണമെഡൽ ലഭിക്കും.

നേരത്തെ, റഷ്യൻ താരം ഉത്തേജകമരുന്ന് കഴിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ലണ്ടൻ ഒളിമ്പിക്‌സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി മാറിയിരുന്നു. എന്നാൽ, മനുഷ്യത്വത്തിന്റെ പേരിൽ ഈ മെഡൽ നിരസിക്കുന്നുവെന്നായിരുന്നു യോഗേശ്വറിന്റെ പ്രതികരണം. അപകടത്തിൽ മരിച്ച റഷ്യൻ താരം ബെസിക് കുത്‌കോവിന്റെ കുടുംബത്തിനു തന്നെ മെഡൽ സൂക്ഷിക്കാമെന്നും യോഗേശ്വർ അറിയിച്ചു.

ഇതിനിടെയാണ് 2012ൽ 60 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ സ്വർണം നേടിയ അസർബൈജാന്റെ തൊഗ്രുൽ അസഗരോവ് പ്രാഥമിക ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നത്. ഇതോടെ യോഗേശ്വർ ദത്ത് ചരിത്രത്തിനരികെ എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) പരിശോധനാഫലം ശരിയാണെങ്കിൽ ലണ്ടൻ ഒളിമ്പിക്‌സിൽ ഈയിനത്തിൽ സ്വർണ മെഡൽ ജേതാവാകും യോഗേശ്വർ.

ഹിന്ദുസ്ഥാൻ ടൈംസാണ് ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ, വാഡ ഈ വിവരം ഇതുവരെ യുണൈറ്റഡ് വേൾഡ് റസലിങ്ങിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. റഷ്യൻ താരം കുത്‌കോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ലണ്ടൻ ഒളിമ്പിക്‌സിലെ മറ്റ് ഗുസ്തിക്കാരുടെയും മൂത്ര സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ വാഡ തീരുമാനിച്ചത്. ഈ പരിശോധനയിലാണ് തൊഗ്രുൽ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. യോഗേശ്വറിന്റെ മൂത്ര സാമ്ബിളും പുനഃപരിശോധനയ്ക്ക് വിധേയമാക്കും. റിയോയിൽ 64 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച യോഗേശ്വർ ഒന്നാം റൗണ്ടിൽ തന്നെ പുറത്തായിരുന്നു. എന്നാൽ, തൊഗ്രുലിന് വെള്ളി ലഭിക്കുകയും ചെയ്തു.