മുംബൈ: ഇന്ത്യൻ ഗുസ്തി താരം യോഗേശ്വർ ദത്തിന്റെ ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ സ്വർണമാകുമോ? ഇല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഗുസ്തിയിൽ സ്വർണവും വെള്ളിയും കഴിഞ്ഞാൽ രണ്ടുപേർക്ക് വെങ്കലം ലഭിക്കും. സെമിയിൽ തോറ്റ താരങ്ങളും അതിനു താഴെ റൗണ്ടുകളിൽ തോറ്റവരും തമ്മിൽ പല റൗണ്ടുകൾ ഏറ്റുമുട്ടിയാണ് റപ്പഷാഗെ നിയമപ്രകാരം രണ്ടുപേർക്ക് വെങ്കലമെഡൽ ലഭിക്കുക. ഇപ്രകാരമാണ് ഇക്കുറി സാക്ഷി മാലികിനും കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ യോഗേശ്വറിനും വെങ്കലം ലഭിച്ചത്.

അടുത്തിടെ പുറത്തുവന്ന ആദ്യ റിപ്പോർട്ടു പ്രകാരം ലണ്ടൻ ഒളിമ്പിക്‌സിൽ 60 കിലോ ഗുസ്തിയിൽ ഫൈനലിൽ തോറ്റ് വെള്ളിമെഡൽ നേടിയിരുന്ന റഷ്യയുടെ ബെസിക് കുടുഖോവ് ഉത്തേജകം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതോടെ യോഗേശ്വറിന്റെ വെങ്കലം വെള്ളിമഡലായി മാറുമെന്ന റിപ്പോർട്ടുകളും വന്നു. പക്ഷേ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായതുമില്ല. എന്നാൽ ആ വെള്ളിമെഡൽ താൻ സ്വീകരിക്കില്ലെന്നും ഒളിമ്പിക്‌സിനുശേഷം വാഹനാപകടത്തിൽ മരിച്ച കുദുഃഖോവിന്റെ കുടുംബത്തിനു തന്നെ സമർപ്പിക്കുന്നതായും യോഗേശ്വർ വ്യക്തമാക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് രണ്ടുദിവസം മുമ്പ് മറ്റൊരു റിപ്പോർട്ട് പുറത്തുവന്നത്. മത്സരത്തിൽ സ്വർണം നേടിയ അസർബൈജാൻ താരം തൊഗ്രുൽ അസ്ഗരോവ് ഉത്തേജകം ഉപയോഗിച്ചതായും അദ്ദേഹം പ്രാഥമിക പരിശോധനയിൽ പരാജയപ്പെട്ടതായും ഒരു പ്രമുഖ ദേശീയ മാദ്ധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ യോഗേശ്വറിന് ഒരു പടികൂടി മുകളിൽകയറി സ്വർണം തന്നെ കിട്ടിയേക്കുമെന്ന പ്രചാരണമാണ് ഉണ്ടായത്.
പക്ഷേ, ഇതു ശരിയല്ലെന്ന് യോഗേശ്വർ തന്നെയാണ് വ്യക്തമാക്കുന്നത്.

അസ്ഗറോവിനോട് സെമിയിൽ തോറ്റ അമേരിക്കയുടെ കോൾമാൻ സ്‌കോട്ടിനും വെങ്കലമുണ്ടായിരുന്നു. മരുന്നടിയുടെ പേരിൽ അസ്ഗറോവിന്റെ സ്വർണം നിഷേധിച്ചാൽ അത് അസ്ഗറോവിനോട് സെമിയിൽ തോറ്റ കോൾമാന് ലഭിക്കുമെന്ന വാദമാണിപ്പോൾ ഉയരുന്നത്. അസ്ഗറോവിനോട് സെമിയിൽ തോറ്റ കോൾമാൻ സ്‌കോട്ടിന് തന്നെയാണ് സ്വർണം കിട്ടുകയെന്ന് യോഗേശ്വർ പറഞ്ഞു.

സ്വർണവും വെള്ളിയും നേടിയവർ മരുന്നടിച്ചാൽ സ്വർണം ആർക്കെന്ന് ലോക ഗുസ്തി സംഘടനയായ യുനൈറ്റഡ് വേൾഡ് റസ്ലിങ്ങിന്റെ നിയമത്തിലും പൂർണ വ്യക്തതയില്‌ളെങ്കിലും സ്‌കോട്ടിനു തന്നെയാണ് സ്വർണത്തിന് സാധ്യത. കുദുഃഖോവ് മരിച്ചതിനാൽ കുറ്റം നിലനിൽക്കുമോയെന്ന ചോദ്യവും ബാക്കിയാണ്. അങ്ങനെയെങ്കിൽ യോഗേശ്വറിന് വെങ്കലംകൊണ്ടുതന്നെ തൃപ്തിപ്പെടേണ്ടിവരും.