- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധന നിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും പിണറായി സർക്കാർ അവസരം ഒരുക്കുന്നു; കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമക്ഷേത്രം മോദി സാക്ഷാൽക്കരിച്ചു; ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ച് കേരളത്തിൽ യോഗി ആദിത്യനാഥിന്റെ പ്രചരണം
ആലപ്പുഴ: ബിജെപിയുടെ പതിവു അജണ്ടകൾ പരാമർശിച്ചു കേരളത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പു പ്രചരണം. ലൗ ജിഹാദും രാമക്ഷേത്രവും ഉന്നയിച്ചാണ് യോഗി കേരളത്തിൽ പ്രചരണം തുടങ്ങിയത്. കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സർക്കാർ അത് നിയമവിരുദ്ധമാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദ് നിരോധനനിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു.
കേരളത്തിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നിവർക്ക് വളരാൻ പിണറായി സർക്കാർ അവസരം ഒരുക്കുകയാണെന്ന് ആരോപിച്ച യുപി മുഖ്യമന്ത്രി കോൺഗ്രസ് ഒന്നും ചെയ്യാതിരുന്ന രാമ ക്ഷേത്രം ബിജെപി, മോദിയുടെ നേതൃത്വത്തിൽ സാക്ഷാൽക്കരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. കേരളത്തിൽ എൽഡിഎഫും യുഡിഎഫിനും വികസനം അല്ല മുഖ്യം. ഇരു മുന്നണികൾക്കും ഭിന്നിപ്പ് , കൊള്ള എന്നിവയിലാണ് ശ്രദ്ധ നൽകുന്നത്. സ്വജന പക്ഷപാതമുയർത്തിയുള്ള ഭരണത്തിൽ സ്വന്തം ആളുകൾക്ക് മാത്രമാണ് ഗുണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇഷ്ടക്കാർക്ക് തൊഴിൽ നൽകുകയാണ്. പാർട്ടി ആഭിമുഖ്യം നോക്കി ആണ് തൊഴിൽ നൽകുന്നത്. കേരളത്തിൽ പാവപ്പെട്ട ചെറുപ്പക്കാർക്ക് തൊഴിൽ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ കടത്തിൽ ഉൾപ്പെട്ടത് ഏറെ ലജ്ജാകരമാണ്. സർക്കാർ കർഷകരെയും മത്സ്യ തൊഴിലാളികളെയും പറ്റിച്ചെന്നും യോഗി ആരോപിച്ചു.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രം മികച്ച പ്രവർത്തനം നടത്തി. പാവപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിച്ചു. ആത്മാ നിർഭർ ഭാരത് പോലെ നിരവധി പദ്ധതികൾ അതിന് ഉദാഹരണമാണ്. കശ്മീരിൽ ഭീകര വാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതു മോദി സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലൗ ജിഹാദിനെ കുറിച്ചു പറഞ്ഞ ജോസ് കെ മാണിയുടെ വാക്കുകൾ എതിർപ്പിനെ തുടർന്ന് പിൻവലിച്ച സാഹചര്യത്തിൽ വിമർശനം ഉന്നയിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്നലെ രംഗത്തുവന്നിരുന്നു. ലൗ ജിഹാദിനെ കുറിച്ച് ക്രൈസ്തവ സഭകൾക്കുള്ള ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി പ്രസ്താവന തിരുത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം മുസ്ലിം ലീഗിന് സിപിഎമ്മിലുള്ള സ്വാധീനം കാരണമാണെന്നും വി മുരളീധരൻ കോട്ടയത്ത് പറഞ്ഞു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണിയുടെ പരാമർശം . മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും ഇതിനെ തള്ളി രംഗത്ത് വരികയും ചെയ്തു. ഇതോടെ 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിക്കുള്ള അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിനും ഉള്ളതെന്ന നിലപാടിലേക്ക് ജോസ് കെ മാണി എത്തുകയായിരുന്നു.
മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിന് കേരളത്തിലെ ഇടത്-വലത് മുന്നണികൾ കീഴ്പെട്ടു കഴിഞ്ഞുവെന്ന് മുരളീധരൻ പറഞ്ഞു. ജോസ് കെ. മാണി ഉന്നയിച്ച വിഷയം കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിൽ നിലനിൽക്കുന്ന ആശങ്കയാണെന്നും മുരളീധരൻ വ്യക്തമാക്കി. ക്രൈസ്തവ സമുദായം ആശങ്കപ്പെടുന്നതിന് മറ്റൊരു കാരണം കേരളത്തിൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ്. ആ രാഷ്ട്രീയ അപ്രമാദിത്വത്തിന് മുന്നിൽ ഈ രണ്ട് മുന്നണികളും കീഴടങ്ങുകയാണ് എന്ന വസ്തുത കേരളത്തിലെ ക്രൈസ്തവരെ ആശങ്കപ്പെടുത്തുകയാണ്. ക്രൈസ്തവ സമുദായം മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്ന സമീപനങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും അത് ബിജെപിക്ക് അനുകൂലമായി മാറുമെന്നും വി. മുരളീധരൻ പറഞ്ഞു.
ലൗ ജിഹാദ് വിഷയത്തിൽ നിലപാട് മാറ്റി ജോസ് കെ മാണി രംഗത്തെത്തിയതെ മുഖ്യമന്ത്രി അടക്കം എതിർപ്പുയർത്തിയപ്പോഴായിരുന്നു. 'ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോൺഗ്രസിന്റെയും അഭിപ്രായം. ലൗ ജിഹാദ് എന്നത് തെരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസർക്കാരിന്റെ അഞ്ച് വർഷത്തെ വികസനമാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ഈ വികസന ചർച്ചകളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറയുകയുണ്ടായി.
ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുള്ള കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു ജോസ് കെ മാണി നിലപാട് മാറ്റിയത്. മുഖ്യമന്ത്രിയും സി. പി. ഐ സംസ്ഥാന സെക്രട്ടറിയും പ്രസ്താവനയോടുള്ള എതിർപ്പ് അറിയിച്ചതോടെയാണ് നിലപാട് മാറ്റി രംഗത്തെത്താൻ ജോസ് കെ മാണിയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തിൽ ജോസ്. കെ. മാണിയുടെ പ്രസ്താവന വിവാദമായതോടെ എൽ. ഡി. എഫും പ്രതിരോധത്തിലായി. ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കാനം രാജേന്ദ്രനും ജോസ് മാണിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ