ലക്‌നൗ: വർഗീയ സംഘർഷങ്ങൾ തുടർക്കഥയായ ഉത്തർപ്രദേശിൽ വർഗീയ വികാരം ആളിക്കത്തിച്ച് വോട്ട് പിടിക്കാൻ തന്നെ ബിജെപിയുടെ തീരുമാനം. ബിജെപിയുടെ അഖിലേന്ത്യാ അധ്യക്ഷനായി രാജ്‌നാഥ് സിംഗിനെ തെരഞ്ഞെടുത്തതോടെ ഈ തന്ത്രങ്ങൾ കൂടുതൽ പ്രാവർത്തികമാക്കാനാണ് പാർട്ടിയുടെ നീക്കം. ലൗ ജിഹാദ് വിവാദം മുഖ്യ പ്രചരണ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം. ഇതിനായി വിവാദ പ്രസംഗങ്ങൾ നടത്തിയ എം പി യോഗി ആദിത്യ നാഥിനെയാണ് പ്രചരണ ചുമതല ഏല്പിച്ചിരിക്കുന്നത്.

ലൗജിഹാദ് മുഖ്യ പ്രചരണ വിഷയങ്ങളിലൊന്നാണെന്ന് ആദിത്യനാഥ് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി താൻ ഈ വിഷയം ഉന്നയിച്ച് വരികയായിരുന്നുവെന്നും കേരളത്തിൽ തുടക്കിട്ട ഈ ശല്യം ഇപ്പോൾ ഉത്തർപ്രദേശിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും ബിജെപി എംപി പറഞ്ഞു.

സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ നിലപാടുകളുടെ പ്രചാരകനായ യോഗി ആദിത്യനാഥിനെ സെപ്റ്റംബർ 13ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെ മുഖ്യ പ്രചാരകരിലൊരാളായി ബിജെപി നേതൃത്വം അടുത്തിടെ നിയോഗിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്കിടയിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ആരോപണം ഉയർന്നിരുന്നു. സമാജ്വാദി ഉൾപ്പെടെ വിവിധ പാർട്ടികൾ ആരോപണം ഉന്നയിച്ചു.

'ഒരു ഹിന്ദു യുവതിക്ക് പകരമായി 100 മുസ്ലിം യുവതികളെ മതം മാറ്റണം' എന്ന യോഗി ആദിത്യനാഥിന്റെ ആഹ്വാനം ഉൾകൊള്ളുന്ന വീഡിയോ പുറത്തുവന്ന് അധികം കഴിയുന്നതിന് മുമ്പാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരകരിലൊരാളായി നിയമിച്ചു കൊണ്ടുള്ള തീരുമാനവും വന്നത്.

യുപിയിലെ സമാജ്വാദി സർക്കാർ ഹിന്ദുക്കളെ പീഡിപ്പിക്കുന്നെന്ന് ആദിത്യ. ഹിന്ദുക്കൾക്കെതിരേ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്തു ജയിലിലടയ്ക്കുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്നും ആദിത്യ. ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പു പ്രചരണത്തിൽ ഉന്നയിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്. ഷരൻപുർ, മൊറാദാബാദ് ജില്ലകളിലെ നാലു മണ്ഡലങ്ങളിൽ സെപ്റ്റംബർ 13നാണു വോട്ടെടുപ്പ്.