ലക്നൗ: ബിജെപിയുടെ തീവ്രമുഖമായ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രി. ഖൊരക്പൂരിൽ നിന്നുള്ള നിയമസഭാ അംഗമായ ആദിത്യനാഥിനെ ഇന്ന് ചേർന്ന ബിജെപി എംഎൽഎമാരുടെ നിയമസഭകക്ഷി യോഗമാണ് യോഗി ആദിത്യനാഥിനെ നേതാവായി തെരഞ്ഞെടുത്തത്. വിദ്വേഷ പ്രസംഗങ്ങൾ കൊണ്ട് എപ്പോഴും വിവാദ നായകനായ നേതാവാണ് യോഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് യോഗി ആദിത്യനാഥിനെ പോലൊരു തീവ്രമുഖമുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുന്നത് എന്നാണ് അറിയുന്നത്.

നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യോഗിയെ ഉയർത്തികാണിക്കാത്തതിൽ പ്രതിഷേധിച്ച് യോഗിയുടെ സംഘടന ഹിന്ദു യുവവാഹിനി ബിജെപിക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ബിജെപിക്ക് തലവേദന ആകുകയും ചെയ്തിരുന്നു. ബിജെപി അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യയുടെ അനുയായികൾ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി തെരുവിൽ ഇറങ്ങിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയർന്നുകേട്ട പേരുകളിലൊന്നാണ് കേശവ് പ്രസാദ് മൗര്യയുടേതെങ്കിലും പിന്നീട് മോദിയോട് അടുത്തു നിൽക്കുന്ന ടെലികോം മന്ത്രി മനോജ് സിൻഹയ്ക്കാണ് സാധ്യത കൂടുതൽ കൽപ്പിക്കപ്പെട്ടിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിസിങിന്റെ പേരും ചർച്ചയിലുണ്ടായിരുന്നു. എന്നാൽ ഈ പേരുകളൊക്കെ തള്ളിയാണ് ഇപ്പോൾ യോഗിയുടെ പേര് പുറത്തുവന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ ബിജെപിയുടെ വർഗീയ താര പ്രചാരകനായ യോഗി ആദിത്യനാഥ് ഡൽഹിയിലേക്ക് വിമാനം കയറിയതും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ആരുടെ പേര് ദേശീയ നേതൃത്വം പറയുമെന്നതിൽ സംശയത്തിന് ഇടനൽകിയിരുന്നു. ഇതിനിടെയാണ് എംഎൽഎമാരുടെ പിന്തുണ യോഗിക്ക് ലഭിക്കുന്നത്. ഒരു ഹിന്ദു പെൺകുട്ടി മതം മാറ്റപ്പെട്ടാൽ ഞാൻ 100 മുസ്ലിം പെൺകുട്ടികളെ മതം മാറ്റും, ഒരു ഹിന്ദു കൊല്ലപ്പെട്ടാൽ നമ്മൾ 100 മുസ്ലീങ്ങളെ കൊല്ലും' എന്നത് അടക്കം വർഗീയ വിഷം വിതറുന്ന നിരവധി പ്രസ്താവനകൾ നടത്തിയ വ്യക്തിയാണ് യോഗി.

ഖോരക്പൂർ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ കൂടിയാണ് ആദിത്യനാഥ്. ഉത്തരാഖണ്ഡിലെ ഗാർവാൾ സർവ്വകലാശാലയിൽ നിന്നുമുള്ള ശാസ്ത്ര ബിരുദദാരിയായ യോഗി ആദിത്യനാഥ് തന്റെ 26ാം വയസ്സിലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന് ഖ്യാതിയോടു കൂടിയാണ് 1998 ൽ യോഗി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ച് തവണ വിജയം കണ്ടു. ഇന്നും ഖോരഖ്പൂർ മണ്ഡലം യോഗിയുടെ കൈവശമാണ്.

മദർതെരേസക്കെതിരെയും, ഷാരൂഖ് ഖാനെതിരെയും യോഗി നടത്തിയ വർഗീയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മദർ തെരേസയുടെ പ്രവർത്തനങ്ങൾ ഇന്ത്യയെ ക്രൈസ്തവ വൽക്കരിക്കാനുള്ള ഭാഗമായിരുന്നുവെന്നാണ് ആദിത്യനാഥിന്റെ പരാമർശം. ഷാരൂഖ് ഖാനെ പാക് ഭീകരൻ ഹാഫിസ് സയിദിനോടുപമിക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സൂര്യനമസ്‌കാരത്തെ എതിർക്കുന്നവർ ഇന്ത്യ വിട്ടു പോകണമെന്ന പ്രസ്താവനയു ഇയാളിൽ നിന്നുണഅടായിത. അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രവും മുസ്ലിം പള്ളിയും പണിത് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന നിർദ്ദേശത്തെ മക്കയിൽ ക്ഷേത്രം പണിയുന്നത് പോലെയെന്നാണ് യോഗി വിശേഷിപ്പിച്ചത്.

നിരവധി ക്രമിനൽ കേസുകളിലെ പ്രതികൂടിയാണ് യോഗി ആദിത്യനാഥ്. ഖോരക്പൂരിൽ മുസ്ലീങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ യോഗി ആദിത്യ നാഥിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചി സംഭവം വരെയുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ തീർത്തും വർഗീയവാദിയായ വ്യക്തിയെയാണ് ബിജെപി യുപിയിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഞായറാഴ്‌ച്ചയാണ് ലക്‌നൗവിൽ സത്യപ്രതിജ്ഞ നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. 15 വർഷത്തിന് ശേഷം ബിജെപി യുപിയിൽ അധികാരത്തിലേറുമ്പോൾ ചടങ്ങിന് സാക്ഷിയാകാൻ മോദിയും ബിജെപി ദേശീയ നേതൃത്വവും എത്തുമെന്നാണ് അറിയുന്നത്.