- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണം; മദ്യം, ഇറച്ചി വിൽപന നിരോധിച്ച് യോഗി ആദിത്യനാഥ്; കച്ചവടക്കാൻ പാൽ വിൽപനയിലേക്ക് തിരിയണമെന്നും നിർദ്ദേശം
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മദ്യം, ഇറച്ചി വിൽപനയ്ക്ക് സമ്പൂർണ നിരോധനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിരോധനം പ്രഖ്യാപിച്ചത്. പുണ്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനമെന്ന് മുഖ്യംമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. നിരോധനം കാര്യക്ഷമായി നടപ്പാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും മദ്യ, മാംസ കച്ചവടക്കാരുടെ പുനരധിവാസത്തിന് വേണ്ട ഇടപെടൽ കാര്യക്ഷമാക്കാനും യുപി മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മദ്യ, മാംസ മേഖലയിൽ പ്രവർത്തിക്കുന്നവർ പാൽക്കച്ചവടത്തിനിറങ്ങണമെന്നും ആദിത്യനാഥ് ആഹ്വാനം ചെയ്തു.
ഉത്തർപ്രദേശിലെ മഥുര വൃന്ദാവൻ, ഹരിയാന സംസ്ഥാനത്തെ പൽവാൾ, ബല്ലഭ്ഗഡ്, രാജസ്ഥാൻ സംസ്ഥാനത്തിലെ ഭരത്പൂർ ജില്ല, മധ്യപ്രദേശിലെ മൊറേന ജില്ല എന്നിവ ഉൾപ്പെടുന്ന പ്രദേശമാണ് ബ്രിജ് ഭൂമി എന്ന് അറിയപ്പെടുന്നത്. യമുന നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹിന്ദു ഐതിഹ്യമനുസരിച്ച് കൃഷ്ണനുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഇടമാണ്. ഇപ്പോൾ ഹിന്ദു തീർത്ഥാടനം കേന്ദ്രമായ കൃഷ്ണ സർക്യൂട്ടിൽ ഉൾപ്പെട്ട പ്രധാന കേന്ദ്രം കൂടിയാണ്.
കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന മഥുര കേന്ദ്രീകരിച്ച് ബ്രിജ് ഭൂമി വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും യുപി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാൻ ശ്രമങ്ങളുമായി മുന്നോട്ട് പോവും. ഇതിനായി ഫണ്ടിന്റെ അപര്യാപ്തത ഉണ്ടാവില്ല. ആധുനിക സാങ്കേതിക വിദ്യയെ സാംസ്കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും യോഗി അവസരം ഉപയോഗപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് പുതിയ ദിശ നൽകിയിരിക്കുകയാണ്. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങൾ ഇപ്പോൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. ചടങ്ങിൽ കോവിഡ് വൈറസ് ഇല്ലാതാക്കാൻ പ്രാർത്ഥന നടത്തിയ യുപി മുഖ്യമന്ത്രി കൃഷ്ണനെ ഉപാസിച്ചാൽ കോവിഡ് വ്യാപനം കുറയുമെന്നും അവകാശപ്പെട്ടു.
കൃഷ്ണാഷ്ടമി ദിനോഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃഷ്ണോത്സവത്തിനിടയിലാണ പ്രഖ്യാപനം. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേൻ ചൗധരി, ശ്രീകാന്ത് ശർമ്മ എന്നിവരും ചടങ്ങിൽ പങ്കാളികളായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ