ലഖ്നൗ: ഉത്തർപ്രദേശിലെ വഖഫ് ബോർഡുകൾ പിരിച്ചുവിടാൻ യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനം. സുന്നി, ഷിയ വഖഫ് ബോർഡുകൾ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി വഖഫ് ചുമതലയുള്ള മന്ത്രി മൊഹ്സിൻ റാസ അറിയിച്ചു. വഖഫ് ബോർഡുകൾക്കെതിരെ അഴിമതിയാരോപണങ്ങൾ സജീവമായതു കൊണ്ടാണ് ഇത്.

ഷിയ, സുന്നി വഖഫ് ബോർഡുകൾക്ക് എതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് വന്നത്. പിന്നാലെ വഖഫ് കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ അന്വേഷണങ്ങളിലും കൃത്രിമങ്ങൾ കണ്ടെത്തി. ഷിയ വഖഫ് ബോർഡിന്റെ ചെയർമാൻ വസിം റിസ്വിയും മുൻ മന്ത്രി അസം ഖാനും അന്വേഷണപരിധിയിലാണ്. സമാജ് വാാദി പാർട്ടിയിൽ വ്യാപകമായി അഴിമതി ആരോപണങ്ങൾ നേരിട്ട മന്ത്രിയാണ് അസം ഖാൻ. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.

വഖഫ് ബോർഡിന്റെ കീഴിലുള്ള സ്വത്തുവകകളിൽ നിന്നുള്ള തുക വഴിമാറ്റി ചെലവാക്കാൻ രൂപീകരിച്ചതാണ് മൗലാനാ ജോഹർ അലി വിദ്യാഭ്യാസ ട്രസ്റ്റ് എന്നത് ഉൾപ്പെടെയാണ് ആരോപണം. ഈ സാഹചര്യത്തിലാണ് തീരുമാനം. യോഗി ആദിത്യനാഥിനെതിരെ എന്നും കടുത്ത നിലപാട് എടുത്ത നേതാവാണ് അസംഖാൻ. ഈ വൈരാഗ്യമാണ് വഖഫ് ബോർഡിനെതിരെ തീർക്കുന്നതെന്നാണ് ആരോപണം.

മുലായം സിംഗിന്റെ വിശ്വസ്തനാണ് അസംഖാൻ. യുപിയിൽ ബിജെപിയെ കടന്നാക്രമിച്ച് ചർച്ചകൾ സജീവമാക്കിയിരുന്നത് അസംഖാനായിരുന്നു.