സ്റ്റോക്ക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ പുരസ്‌കാരം യോഷിനോരി ഒാഷുമിക്ക്. ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണു ജപ്പാൻകാരനായ ഓഷുമിക്ക് പുരസ്‌കാരം ലഭിച്ചത്.

ഏകദേശം അഞ്ചരക്കോടി രൂപയാണ് (718,000 യൂറോ)യാണ് പുരസ്‌കാര തുക. ശരീരത്തിലെ കോശങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് സംബന്ധിച്ച പഠനമാണ് ഓഷുമി നടത്തിയത്. പഴയകോശങ്ങൾക്ക് പകരം പുതിയപുതിയവ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട (ഓട്ടോഫാജി) കണ്ടെത്തലുകൾ നൊബേൽ സമിതി അംഗീകരിക്കുകയായിരുന്നു.

ജപ്പാനിലെ പ്രശസ്തമായ ടോക്യോ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും കോശ പരിവർത്തനം സംബന്ധിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞനുമാണ് യോഷിനോരി ഒസുമി. 1945 ഫെബ്രുവരി ഒമ്പതിന് ജപ്പാനിലെ ഫുക്കുവോക്കയിലാണ് ജനനം. 1967ൽ ബിരുദവും 1974ൽ ഡോക്ടർ ഓഫ് സയൻസ് ബിരുദവും അദ്ദേഹം നേടി. 1974-77 കാലഘട്ടത്തിൽ ന്യൂയോർക്ക് സിറ്റിയിലെ റോക്ക്‌ഫെല്ലർ യുണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായിരുന്നു. റിസർച്ച് അസോസിയേറ്റായി 1977ൽ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോയിലേയ്ക്ക് തിരിച്ചെത്തി. 1986ൽ അവിടെ ലക്ചററായി. 88ൽ അസോസിയേറ്റ് പ്രൊഫസറുമായി. 1996ൽ ഒകസാകി സിറ്റിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് ബയോളജിയിൽ പ്രൊഫസറായി ചേർന്നു. 2004 മുതൽ 2009 വരെ ഹായമയിലെ ഗ്രാജ്വേറ്റ് യുണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രൊഫസറുമായിരുന്നു.

2012ൽ ക്യോട്ടോ പ്രൈസ് ഉൾപ്പടെ എട്ടോളം പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഊർജതന്ത്ര നോബേൽ നാളെയും രസതന്ത്ര നോബേൽ ബുധനാഴ്ചയും പ്രഖ്യാപിക്കും. സമാധാന നോബേൽ വെള്ളിയാഴ്ച പ്രഖ്യാപിക്കും.