- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എതിരാളികൾക്ക് നമ്മൾ എപ്പോഴും ബഹുമാനം നൽകണം; കംഗാരുവിന്റെ രൂപമുള്ള കേക്ക് മുറിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെകാരണം വ്യക്തമാക്കി അജിൻക്യ രഹാനെ
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ബോർഡർ ഗവാസ്കർ ട്രോഫി കിരീടം നിലനിർത്തി രാജ്യത്ത് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ അടക്കമുള്ള താരങ്ങളെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. ഇതിനിടെ, അജിങ്ക്യാ രഹാനെയ്ക്കായി അയൽക്കാർ കൊണ്ടുവന്ന കേക്ക് കട്ട് ചെയ്യാൻ താരം തയാറാകാതിരുന്നത് വാർത്തയായിരുന്നു. എന്തുകൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്ന് വിശദീകരിക്കുകയാണ് താരം ഇപ്പോൾ.
കംഗാരു ഓസ്ട്രേലിയയുടെ ദേശീയ മൃഗമാണ്. കേക്ക് മുറിക്കുന്നതിൽ എനിക്കു താൽപര്യമില്ല. എതിരാളികൾക്ക് നമ്മൾ എപ്പോഴും ബഹുമാനം നൽകണം. നമ്മൾ ജയിച്ചാലോ, ചരിത്രം സൃഷ്ടിച്ചാലോ എതിരാളികളെ നല്ല രീതിയിൽ തന്നെ കാണണം. മറ്റു രാജ്യങ്ങളിൽനിന്നുള്ളവരെ ബഹുമാനിക്കണം. അതുകൊണ്ടാണ് കംഗാരുവിന്റെ രൂപമുള്ള കേക്ക് മുറിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്– ഹർഷ ഭോഗ്ലയുമായുള്ള ചർച്ചയ്ക്കിടെ അജിൻക്യ രഹാനെ പറഞ്ഞു.
ദൈർഘ്യമേറിയ പരമ്പര കഴിയുമ്പോഴേക്കും ക്ഷീണിച്ചു പോയെന്നും എങ്കിലും അതു നല്ല കാര്യമാണെന്നും രഹാനെ പറഞ്ഞു. ഓസീസ് പര്യടനത്തിനു പിന്നാലെ ഇന്ത്യയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഒരുക്കത്തിലാണ് രഹാനെ ഇപ്പോൾ. നാലു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം ഫെബ്രുവരി അഞ്ചിന് ചെന്നൈയിൽ ആരംഭിക്കും. വിരാട് കോലി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതോടെ വൈസ് ക്യാപ്റ്റന്റെ റോളിലായിരിക്കും രഹാനെ കളിക്കുക.
കത്തിയെടുത്ത് കേക്കിന്റെ മുകളിൽവച്ച ശേഷമായിരുന്നു കംഗാരുവിന്റെ രൂപം രഹാനെയുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ താരം പിൻവാങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് ഉയർത്തിയത്. ഓസീസ് ക്രിക്കറ്റ് ടീമിനെ കംഗാരുക്കൾ എന്നു വിളിക്കാറുണ്ട്. ഓസ്ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇക്കാരണംകൊണ്ടാണ് കേക്ക് കട്ട് ചെയ്യാൻ രഹാനെ വിസമ്മതിച്ചത്. ഓസ്ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.
ക്യാപ്റ്റൻ വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു മുന്നിൽനിന്നു നയിച്ചത്. പരമ്പര പിടിച്ചെടുത്ത് അജിൻക്യ രഹാനെ ക്യാപ്റ്റൻസി മികവ് തെളിയിച്ചു. മത്സര ശേഷം ആഘോഷങ്ങളിൽ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടിയിരുന്നു നൂറാം മത്സരം കളിച്ച ഓസീസ് താരം നേഥൻ ലയണ് ഇന്ത്യൻ താരങ്ങൾ എല്ലാവരും ഒപ്പിട്ട ജഴ്സി സമ്മാനിച്ചാണ് രഹാനെയും സംഘവും ഓസ്ട്രേലിയ വിട്ടത്. ഭാര്യയും മകളും അടക്കം താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. പൂച്ചെണ്ടുകൾ നൽകിയാണ് ആരാധകരും അയൽക്കാരും ക്യാപ്റ്റൻ രഹാനെയെ വരവേറ്റത്.
പരുക്കേറ്റു വലയുന്ന ഇന്ത്യൻ ടീമുമായാണ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ഓസ്ട്രേലിയയെ തകർത്ത് ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. നാട്ടിലേക്കു മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്കെല്ലാം ഗംഭീര വരവേൽപ് തന്നെ ലഭിച്ചു. ഓസ്ട്രേലിയയിൽ അരങ്ങേറ്റ മത്സരം കളിച്ച ഇന്ത്യൻ താരങ്ങൾക്ക് മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര ഥാർ എസ്യുവി വാഹനങ്ങൾ സമ്മാനം പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ