- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് വർഷമായി പ്രണയത്തിൽ; അടുത്തിടെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന് തോന്നൽ; വാക്കുതർക്കത്തിനൊടുവിൽ കഴുത്തുഞെരിച്ചു അരുംകൊല; പിന്നാലെ യുവാവ് കീഴടങ്ങി; ചിറ്റിലഞ്ചേരിയിലെ സൂര്യപ്രിയയുടേതും പ്രണയക്കൊല
പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ പൊതുപ്രവർത്തകയായ യുവതിയെ പട്ടാപ്പകൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് വീട്ടിൽ ആരുമില്ലാത്ത സമയത്ത്. സൂര്യപ്രിയയുടെ വീട്ടിൽ മറ്റുള്ളവർ പുറത്തുപോയ സമയത്താണ് സുഹൃത്തായ സുജീഷ് എത്തി അരുംകൊല നടത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ സൂര്യപ്രിയയുടെ കഴുത്തുഞെരിക്കുകയായിരുന്നെന്ന് സുജീഷ് പൊലീസിനോട് വെളിപ്പെടുത്തി.
കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് മരിച്ചത്. സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയിരുന്നു.സുജീഷ് പൊലീസ് സ്റ്റേഷിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും തമ്മിൽ ആറ് വർഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. അടുത്തിടെയായി സൂര്യപ്രിയ തന്നെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന് സുജീഷിന് തോന്നിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് സുജീഷ് എത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ സൂജീഷ് സൂര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തിയതിന് പിന്നാലെ സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തുകയും, സൂര്യയുടെ മൊബൈൽ ഫോൺ സുജീഷ് കൈമാറുകയും ചെയ്തതായും പൊലീസ് പറഞ്ഞു.പൊലീസുകാർ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം നാട്ടുകാർ അറിഞ്ഞതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
രാവിലെ സൂര്യപ്രിയയുടെ അമ്മ ഗീത തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. മുത്തശ്ശൻ ചായ കുടിക്കാൻ പുറത്തുപോയ സമയത്താണ് സുജീഷ് വീട്ടിലെത്തിയത്. മരണം ഉറപ്പിച്ച ശേഷം സുജീഷ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് പേരക്കുട്ടി മുറിക്കകത്ത് മരിച്ചുകിടക്കുന്ന വിവരം മുത്തശ്ശൻ അറിയുന്നത്.
സൂര്യപ്രിയയും സുജീഷും സുഹൃത്തുക്കളായിരുന്നുവെന്നും കൊലപാതകത്തിനു കാരണമെന്താണെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. യുവതിയെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി വീട്ടിലെത്തിയതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇരുവരും തമ്മിൽ സുഹൃത്തുക്കളായിരുന്നെന്നും എന്നാൽ പ്രണയത്തിലാണെന്ന വിവരം പൊലീസ് പറഞ്ഞപ്പോഴാണ് മനസിലായതെന്നും പ്രദേശവാസികൾ പറയുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് അറിയില്ല. പൊലീസ് അന്വേഷണത്തിലൂടെയേ കൂടുതൽ വിവരങ്ങൾ അറിയുകയുള്ളു.
മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവർത്തിച്ചു വരികയായിരുന്ന സൂര്യപ്രിയ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. ആലത്തൂർ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ