- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടുപുഴയിൽ യുവാവിനെ ആളുമാറി മർദ്ദിച്ച സംഭവം: എക്സൈസുകാരെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് പരാതി; ആക്രമണം, കുടുംബത്തോടുള്ള പൂർവ്വവൈരാഗ്യമെന്ന് പിതാവ്; ആരോപണം നിഷേധിച്ച് പൊലീസ്
ഇടുക്കി: തൊടുപുഴയിൽ യുവാവിനെ ആളുമാറി എക്സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെയും ആരോപണം. എക്സൈസുകാരെ സംരക്ഷിക്കാൻ തൊടുപുഴ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി യുവാവിന്റെ കുടുംബം രംഗത്തെത്തി.
ശനിയാഴ്ചയാണ് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘം ആളുമാറി തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ബാസിതിനെ ക്രൂരമായി മർദ്ദിച്ചത്. എക്സൈസ് തൊടുപുഴ ഇൻസ്പെക്ടർ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമം കാട്ടിയത്.
ഇവരുടെയെല്ലാം പേരുവിവരങ്ങളും ഫോട്ടോയും നൽകി ബാസിതിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടാലറിയാവുന്ന ഏതാനും പേരെന്ന് മാത്രം.
തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ, കണ്ടാലറിയാവുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നിലവിൽ കേസെടുത്തത്. അതേസമയം, കൃത്യനിർവഹണം തടസപെടുത്തിയെന്ന എക്സൈസ് പരാതിയിൽ നാട്ടുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രശ്നമുണ്ടാക്കിയത് നാട്ടുകാരെന്നാണ് എക്സൈസ് ഡെപ്യൂടി കമീഷണറുടെ വിശദീകരണം. എക്സൈസിന്റെ പരാതിൽ കണ്ടാലറിയാവുന്ന 20 നാട്ടുകാർക്കെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
തൊടുപുഴ സിവിൽ എക്സൈസ് ഓഫീസറായ സിറാജിന് തന്റെ കുടുംബത്തോടുള്ള പൂർവ്വവൈരാഗ്യമാണ് മകനെ കുടുക്കാൻ കാരണമെന്നും ആരോപണം. കേസിൽ നീതിപൂർവ്വമായ അന്വേഷണം ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം ആരോപണം നിഷേധിച്ച തൊടുപുഴ സിഐ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് അറിയിച്ചു
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന് കേസിലെ പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാസിത് എന്ന കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു എക്സൈസ് സംഘം. എന്നാൽ പിടികൂടിയത് മറ്റൊരു ബാസിതിനെ. ഇരുപത്തിമൂന്നുകാരനായ ഈ യുവാവിനെ എക്സൈസ് മർദിക്കുകയും കൈവിലങ്ങ് അണിഞ്ഞ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനും ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.
ഈ സമയം ബഹളം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പ്രതിഷേധിച്ചതോടെ എക്സൈസ് സംഘം പിൻവാങ്ങി. മർദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും, അകാരണമായി തന്നെ മർദിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ