കൊച്ചി: പൊലീസുകാരുടെ വാഹന പരിശോധനയും തടയലുമെല്ലാം വലിയ ചർച്ചയാവുന്നതിനിടെ ആലുവയിൽ തന്റെ വാഹനം തടഞ്ഞ നടപടി ഫേസ്‌ബുക്ക് ലൈവാക്കി ഒരു യുവാവ്. ആന്റോ സിങ് എന്ന ഹോംഗാർഡ് വാഹനം തടഞ്ഞുനിർത്തിയെന്നും താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചുവെന്നും വ്യക്തമാക്കിയാണ് ജിക്‌സൺ ഫ്രാൻസിസ് എന്ന യുവാവ് വണ്ടി തടഞ്ഞ വിവരം സോഷ്യൽ മീഡിയയിൽ ലൈവായി അവതരിപ്പിക്കുന്നത്.

താൻ അമിത വേഗതയിൽ അല്ല വന്നതെന്നും തടഞ്ഞപ്പോൾ വണ്ടി കൃത്യമായി നിർത്തിയെന്നും യുവാവ് പറയുന്നു. എന്നാൽ എന്തിനാണ് തന്നെ തടഞ്ഞതെന്നാണ് ചോദ്യം. പക്ഷേ, ഇതിന് ഹോംഗാർഡോ തൊട്ടു പിന്നാലെ എത്തിയ പൊലീസ് സംഘമോ മറുപടി നൽകുന്നില്ല. കാര്യം ഞാൻ കോടതിയിൽ പറഞ്ഞോളാം എന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്തിനാണ് വണ്ടി തടഞ്ഞതെന്നും താൻ ചെയ്ത കുറ്റമെന്തെന്നും യുവാവ് ചോദിക്കുന്നുണ്ട്.

താൻ ഹെൽമറ്റ് ധരിച്ചിരുന്നെന്നും മുപ്പത് കിലോമീറ്റർ വേഗതയിലാണ് വണ്ടി ഓടിച്ചതെന്നും യുവാവ് വ്യക്തമാക്കുകയും ചെയ്യുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ താക്കോൽ വാങ്ങി വണ്ടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ്. ഇതിനിടെ സംഭവമറിഞ്ഞ് നിരവധി യാത്രക്കാരും ഇവിടെ തടിച്ചുകൂടി. വാഹനം ഒരു പൊലീസുകാരൻ കസ്റ്റഡിയിലെടുത്ത് ഓടിച്ചുകൊണ്ട് പോകുന്ന ദൃശ്യവും കാണാം. അശ്രദ്ധയോടെ വാഹനം ഓടിച്ചാൽ വാഹനം കസ്റ്റഡിയിലെടുക്കുമെന്നും കൊണ്ടുപോകുമെന്നും വ്യക്തമാക്കിയാണ് യുവാവ് വീഡിയോയിയൽ പ്രതികരിക്കുന്നത്. വണ്ടി പാഞ്ഞുവരികയായിരുന്നു എന്നാണ് യുവാവിനെതിരെ ആരോപിക്കുന്ന കുറ്റം.

അടുത്തിടെ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് ഇത്തരത്തിൽ നടപടിയെടുത്തതും വലിയ ചർച്ചയായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും പൊലീസിന്റെ കൃത്യവിലോപം തടസ്സപ്പെടുത്തിയെന്നും പറഞ്ഞാണ് കേസെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിഷയം ചർച്ചയായി. ഇപ്പോൾ പൊലീസ് നടപടികളിലെ പ്രതിഷേധം ലൈവായി നൽകിയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ നൽകിയുമാണ് ജനം പ്രതികരിക്കുന്നത്.

ഇത്തരത്തിൽ ഇന്നലെ ആലുവയിൽ നടന്ന സംഭവം യുവാവ് ലൈവായി നൽകിയതും ഇപ്പോൾ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ. യുവാവിന്റെ ലൈവ് പോസ്റ്റിനെ അനുകൂലിച്ച് ആയിരങ്ങളാണ് രംഗത്തെത്തുന്നത്. യുവാവിന്റെ വണ്ടി പൊലീസുകാരൻ ഹെൽമറ്റ് ധരിക്കാതെ ഓടിച്ചുകൊണ്ടുപോകുന്നത് എന്താ നിയമലംഘനമല്ലെ എന്നുൾപ്പെടെ ചോദ്യമുയർത്തിയാണ് യുവാവിന് പിന്തുണ നൽകി പ്രതികരണങ്ങൾ വരുന്നത്.