ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെ യാതൊരു കാരണവശാലും മാന്യമായി ഭരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. അതുകൊണ്ട് ഡൽഹി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കും ബില്ലുകൾക്ക് മേലും പാര പണിയുന്നത് പതിവാണ്. ഡൽഹി സർക്കാർ പാസാക്കി കേന്ദ്രസർക്കാരിന് അയച്ച ലോക്പാൽ ബില്ല് അടക്കം 14 ബില്ലുകൾ മടക്കിയയച്ചാണ് കേന്ദ്രം വീണ്ടും പ്രതികാര നടപടി തുടങ്ങിയത്. നിയമ ഭേദഗതി കൊണ്ടുവരുമ്പോൾ പാലിക്കേണ്ട നടപടിക്രമം പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ബില്ല് തിരിച്ച് അയച്ചത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണം എന്ന് ഹിതപരിശോധനയിലൂടെ തീരുമാനിച്ചതുപോലെ ഡൽഹിക്ക് സ്വതന്ത്ര പദവി നൽകുന്ന കാര്യത്തിലും ഹിതപരിശോധന വേണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സി ആർ പി സി ബില്ല്, വിദ്യാഭ്യാസ ബില്ല് എന്നിവയാണ് കേന്ദ്രസർക്കാർ തിരിച്ചയച്ച ബില്ലുകളിൽ ചിലത്. ബില്ലുകൾ തിരിച്ചയച്ച നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തുവന്നു.

നിയമ ഭേദഗതി നിയമസഭ പാസാക്കിയാൽ അത് ലഫ്റ്റനന്റ് ഗവർണർക്ക് കൈമാറി അതിന് ശേഷം കേന്ദ്രത്തിന് അയച്ച് പ്രസിഡന്റിന്റെ അംഗീകാരം നേടണമെന്നാണ് നടപടിക്രമം. 14 ബില്ലുകളിൽ ഒന്നിൽ പോലും മുൻകൂട്ടി കേന്ദ്രത്തിന്റെ അനുമതി നേടാതെയാണ് നിയമസഭ അത് പാസാക്കിയതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഡൽഹിക്ക് പൂർണസംസ്ഥാന പദവി ഉറപ്പാക്കുന്നതിന് സമാനമായ ഹിതപരിശോധന വേണമെന്നാണ് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് കെജ്രിവാൾ ഈ ആവശ്യം വ്യക്തമാക്കിയത്. ' യു.കെ ഹിതപരിശോധയ്ക്കു ശേഷം ഡൽഹിയിലും ഹിതപരിശോധനയുണ്ടാകു'മെന്നാണ് കെജ്രിവാളിന്റെ ട്വീറ്റ്. കെജ്രിവാളിന്റെ നിർദേശത്തെ എഎപി നേതാവ് ആഷിഷ് ഖേതനും അനുകൂലിച്ചു. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ, ഡൽഹിക്ക് പൂർണ്ണ പദവിക്കു വേണ്ടിയുള്ള ഹിതപരിശോധനയ്ക്കുള്ള സമായമായെന്നും ഖേതൻ ട്വീറ്റ് ചെയ്തു.

ഡൽഹിക്ക് സംസ്ഥാന പദവി സംബന്ധിച്ച കരട് ബിൽ സർക്കാർ മേയിൽ പുറത്തുവിട്ടിരുന്നു. ജനങ്ങളുടെ നിർദേശങ്ങൾ തേടിക്കൊണ്ടാണ് സർക്കാർ നടപടി. എന്നാൽ ഡൽഹിയുടെ കാര്യത്തിൽ ഭരണഘടനയനുസരിച്ച് തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നായിരുന്നു ബിജെപിയുടെ വാദം.

അതേസമയം, ഹിതപരിശോധന ആവശ്യത്തിൽ കെജ്രിവാളിനെ കളിയാക്കിക്കൊണ്ട് ട്വീറ്ററിൽ ട്രോളുകളും നിറഞ്ഞു. 'യു.കെ വിടൂ, ആദ്യം അമേരിക്കയെ രക്ഷിക്കൂ, ട്രംപിനെ എതിർക്കാൻ അവിടെ നിങ്ങൾക്കു മാത്രമേ കഴിയൂ' എന്നാണ് ഒരു വിരുതന്റെ മറുപടി. എന്തുകൊണ്ട് വേറൊരു രാജ്യം പരിഗണിച്ചുകൂടാ, നിങ്ങൾക്ക് പ്രധാനമന്ത്രിയാകാൻ അതേ മാർഗമുള്ളൂവെന്നാണ് മറ്റാരാളുടെ കമന്റ്. എഎപി തുടരണോ വേണ്ടയോ എന്നകാര്യത്തിൽ ഒരു ഹിതപരിശോധന നടത്താനാണ് മറ്റൊരാളുടെ മറുപടി.