ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ ലോക്‌സഭയിൽ അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. രണ്ട് മാസത്തെ അവധിക്ക് ശേഷം പാർലമെന്റിൽ എത്തിയ രാഹുൽ ഗാന്ധി തന്റെ ആദ്യപ്രസംഗത്തിൽ തന്നെ മോദിയെ കടന്നാക്രമിക്കുകയായിരുന്നു. മോദിയെ ഉന്നംവച്ചുള്ള രാഹുലിന്റെ പരാമർശങ്ങൾ പലപ്പോവും ഭരണപക്ഷത്ത അലോസരപ്പെടുത്തി.

കർഷകരെ മറന്നുള്ള ഭരണമാണ് മോദിയുടേതെന്ന് കുറ്റപ്പെടുത്തലുമായാണ് രാഹുൽ ഗാന്ധി പതിനാറാം ലോക്‌സഭയിലെ തന്റെ ആദ്യ പ്രസംഗം തുടങ്ങിയത്. ഹരിത വിപ്ലവം നമുക്ക് സമ്മാനിച്ചത് കർഷകരാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടേത് 'നല്ല നാളുകൾ' സമ്മാനിച്ച സർക്കാറല്ല, മറിച്ച് കോട്ടും ബൂട്ടും ധരിച്ച സർക്കാറാണെന്നും രാഹുൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

നല്ലനാളുകൾ വരുമെന്ന് പറഞ്ഞ് അധികാരത്തിലെത്ത് നരേന്ദ്ര മോദി സർക്കാർ കർഷിക ഉൽപ്പന്നങ്ങൾക്ക് അടിസ്ഥാന വില നൽകുന്നതിൽ പോലും പരാജയപ്പെട്ടിരിക്കയാണ്. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്ത് കാർഷിക ഉൽപ്പാദന രംഗത്ത് 20 ശതമാനത്തിന്റെ വർദ്ധനയാണ് ഓരോ വർഷവും ഉണ്ടായിരുന്നത്. എന്നാൽ നല്ല നാളുകൾ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സർക്കാറിന്റെ കീഴിൽ അത് അഞ്ച് ശതമാനം മാത്രമായി കുറഞ്ഞിരിക്കയാണ്. കർഷകർക്ക് വേണ്ടി എല്ലാം ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, ഒന്നും ചെയ്തുകണ്ടില്ല. കർഷകർക്ക് നിലനിൽപ്പില്ലാതെ എങ്ങനെ രാജ്യം ശക്തിപ്പെടുമെന്നം രാഹുൽ ഗാന്ധി ചോദിച്ചു.

ഏതൊക്കെ മേഖലകളിൽ അപ്രതീക്ഷിത മഴയിൽ കാർഷകർ ദുരിതം അനുഭവിക്കുന്നുണ്ട്? വിഗദ്ധരായ നിങ്ങൾക്ക് ഇതേക്കുറിച്ച് അറിവില്ലേ.? പ്രധാനമന്ത്രിക്കോ കൃഷിമന്ത്രിക്കോ ഇതേക്കുറിച്ച് അറിയാമോ? അതേക്കുറിച്ച് അറിയാനായി പ്രധാനമന്ത്രി ഇത്തരം മേഖലകൾ സന്ദർശിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നം അദ്ദേഹം പറഞ്ഞു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഈ സർക്കാർ കർഷകരെ പൂർണ്ണമായും തഴഞ്ഞിരിക്കയാണ്. തൊഴിലാളികളുടെ കാര്യവും ഇതുതന്നെയാണ്. കർഷകരെ തഴയുന്ന സർക്കാർ ചെയ്യുന്നത് വലിയ തെറ്റാണെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.

രാഹുലിന്റെ പ്രസംഗത്തിനിടെ നിരവധി തവണ ഭരണ പക്ഷ ബഞ്ചിൽനിന്ന് ബഹളം ഉയർന്നു. സർക്കാരിനെ വിമർശിക്കുന്ന രാഹുലിന്റെ പരാമർശങ്ങളുയർന്നപ്പോൾ കോൺഗ്രസ് അംഗങ്ങൾ ഡെസ്‌കിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോട്ടും സ്യൂട്ടും ധരിച്ച സർക്കാറാണ് ഇപ്പോഴത്തേതെന്ന് രാഹുൽ പറഞ്ഞപ്പോൾ പ്രതിപക്ഷ ബഞ്ചിൽ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തു. നരേന്ദ്ര മോദി ധരിച്ച പത്ത് ലക്ഷം രൂപയുടേതെന്ന് മാദ്ധ്യമങ്ങൾ വാർത്തയെഴുതിയ കോട്ടിനെ കുറിച്ചായിരുന്നു രാഹുലിന്റെ ഈ പരാമർശം.

അതേസമയം രാഹുലിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയ മന്ത്രി വെങ്കയ്യ നായിഡു കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാറാണിതെന്ന് അവകാശപ്പെട്ടു. കർഷകർ ദുരിതം അനുഭവിക്കുന്ന മേഖലകളിൽ തങ്ങളുടെ മന്ത്രിമാർ സന്ദർശനം നടത്തിയതായും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ ബഹളത്തിനിടെ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് രാജീവ് പ്രതാപ് റൂഡി സഭയുടെ മേശപ്പുറത്ത് വച്ചിരുന്നു. ബഹളത്തെ തുടർന്ന് ബിൽ അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രതിപക്ഷം ഒരുമിച്ച് പ്രവർത്തിക്കുന്ന കാഴ്‌ച്ചയാണ് പാർലമെന്റിൽ കണ്ടത്. രാഹുൽ ഗാന്ധിയുടെ പ്രസംഗം കൂടിയായപ്പോൾ കോൺഗ്രസിന് പാർലമെന്റിൽ പുതിയ ഉണർവാണ് കൈവന്നിരിക്കുന്നത്.