ലക്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്നതരത്തിൽ അദ്ദേഹത്തിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത രണ്ടു യുവാക്കൾ അറസ്റ്റിൽ. രണ്ടു വ്യത്യസ്ഥ സംഭവങ്ങളിൽ ഒരാൾ ഉത്തർപ്രദേശിലെ ഗസ്സിപുരിൽനിന്നും മറ്റൊരാൾ മഹാരാഷ്ട്രയിലെ പന്ത്‌നഗറിൽനിന്നുമാണ് അറസ്റ്റിലായത്.

ഗസ്സിപൂരിൽ ബാദ്ഷ അബ്ദുൾ റസാക്ക് എന്ന 25കാരനാണ് തിങ്കളാഴ്ച അറസ്റ്റിലായത്. ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതിനു ശേഷമാണ് ഇയാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഹിന്ദു യുവ വാഹിനി എന്ന സംഘടനാ പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെയാണ് സംഭവം വിവാദമായത്.

ഇതിനിടെ മഹാരാഷ്ട്രയിലെ പന്ത് നഗർ സ്വദേശി റിങ്കു ഗുപ്ത എന്നയാളും യോഗി ആദിത്യനാഥിന്റെ മോർഫ് ചെയ്ത ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. മറാത്ത പോരാളി രാജാവിന്റെ ചിത്രത്തിലെ തല വെട്ടിമാറ്റി യോഗിയുടെ തല കൂട്ടിച്ചേർത്ത ചിത്രമാണ് ഫേസ്‌ബുക്കിലിട്ടത്.

മറാത്താവാദികളായ സംബാജി ബ്രിഗേഡ് എന്ന തീവ്ര സംഘടനയാണ് റിങ്കുവിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. മറാത്ത രാജാവിന്റെ ചിത്രത്തിൽ യോഗിയുടെ തല വച്ചത് തങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നാണ് ഇവരുടെ വാദം. സംഘടനാ പ്രവർത്തകർ സംഘടിച്ചു വീടിനു മുന്നിൽ എത്തിയപ്പോൾ യുവാവ് മാപ്പു പറഞ്ഞു. എന്നാൽ അതുകൊണ്ടാകില്ലെന്നു പറഞ്ഞ പ്രവർത്തകർ യുവാവിനെ പിടിച്ചു പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.